Thursday, December 23, 2010

ആത്മനിന്ദയുടെ കാരമുള്ളുകൾ....

“റൂത്ത്, വിവാഹത്തിനു സമ്മതമാണെന്നറിയിച്ചപ്പോൾ നോയേലിന്റെ മുഖമൊന്നു കാണണമായിരുന്നു! ലോ‍കം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവന്റെ മുഖത്ത്! ഇത്രകാലം പെണ്ണും പെടക്കോഴീമൊന്നുമില്ലാതെ നടന്നവനാ എന്റെ കുഞ്ഞ്! ഇപ്പഴെങ്കിലും ഒടയതമ്പിരാൻ അവനു സൽബുദ്ധി കാണിച്ചു കൊടുത്തല്ലോ.... കാത്തോളണേ കർത്താവേ, എന്റെ കുഞ്ഞിനെ....!”

“ഹും! അവരുടെയൊരു കുഞ്ഞ്!” നോയേലിന്റമ്മച്ചിയുടെ പ്രാർത്ഥന കേട്ടപ്പോൾ റൂത്തിന് ഉള്ളിൽ എരിഞ്ഞു തികട്ടി വന്നു. മുഖഭാവം മാറാതിരിക്കാൻ അവൾ കിണഞ്ഞു പരിശ്രമിച്ചു.

നോയെലിന്റെ അമ്മച്ചി അവളുടെ കൈ വിടുന്നേ ഇല്ല. “എത്ര നാളിനു ശേഷമാ അവനെന്നെയൊന്നു കാണാൻ വന്നത്! അതും മാലാഖ പോലുള്ള ഈ കൊച്ചിനെ കാണിക്കാൻ!”തന്റെ പുത്രവധുവിന്റെ മുഗ്‌ധസൌന്ദര്യം അവരുടെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു.

നോയേൽ തന്നെ രക്ഷയ്ക്കെത്തി.

കൊച്ചീക്കാരനാണെങ്കിലും, കുട്ടിക്കാനത്തിനടുത്തുള്ള ഏതോ ഓൾഡ് ഏജ് ഹോമിലാണ് അമ്മച്ചിയെ താമസിപ്പിച്ചിരിക്കുന്നത്. ഇന്നു തന്നെ കൊണ്ടു വിടണം. അവൻ അവരുമായി പോയി.
റൂത്ത് ബെഡ് റൂ‍മിലേക്കു പാഞ്ഞു. കട്ടിലിൽ വീണ്, ഫ്രെഡിയേയും മിലിയേയും പേരു വിളിച്ചു കരഞ്ഞു. അവളുടെ നിലവിളി ആ സൌണ്ട് പ്രൂഫ് റൂമിൽ ആർത്തലച്ചു.

പാപിയാണു ഞാൻ.... കൊടും പാപി!

എയ്‌ബലിനു പന്ത്രണ്ടു വയസ്സേ ആയിട്ടുള്ളു. അവനിതൊക്കെ എങ്ങനെ സഹിക്കുമെന്റെ കർത്താവേ....!
പപ്പ മരിച്ചു കൊല്ലം തികയും മുൻപ് ചേച്ചിയും നഷ്ടപ്പെട്ടവൻ....

ചേച്ചിപോയി മൂന്നാം മാസം മമ്മ മറ്റൊരുത്തന്റെ കൂടെ പോകുന്നത് അവൻ എങ്ങനെ സഹിക്കും!? അവനെന്നല്ല പരിചയമുള്ള ആർക്കും ഈ വിവാഹം ഇഷ്ടമാവില്ല.....

പിതാവേ.... ദയാപരനായ പിതാവേ! ഈ പാനപാത്രം എന്നിൽ നിന്നകറ്റേണമേ!

റൂത്ത് ദീന ദീനം കേണു. ഓരോ തവണ കരച്ചിലിന്റെ തിരയടങ്ങുമ്പോഴും ഓർമ്മകൾ ആർത്തലച്ചുവന്നു.... പാപബോധം അവളെ ചുറ്റിവരിഞ്ഞു.....

ചോര ഛർദിച്ചു മരിച്ച ഫ്രെഡിയും, കയറിൽ തൂങ്ങിയാടിയ മിലിയും ......

അവൾക്കാ കാഴ്ചകൾ സഹിക്കാൻ കഴിയുന്നില്ല.... ചോരക്കറ പുരണ്ട കൈകൾ യഥാർത്ഥത്തിൽ തന്റേതാണ്..... വെട്ടിക്കളയപ്പെടേണ്ട കൈകൾ തന്റേതാണ്.... ഈ പാപത്തിൽ തനിക്കല്ലാതെ മറ്റാർക്കാണു പങ്ക്.....

കർത്താവേ.....

നോയേലിനെ ഫ്രെഡിക്കു പരിചയപ്പെടുത്തിയത് താനാ‍ണ്.
കോളേജിൽ ഇമ്മീഡിയേറ്റ് സീനിയർ. ബാസ്കറ്റ്ബാൾ താരം. ആറടി പൊക്കം. ഒത്ത ഫിസിക്ക്.
തന്റെയുള്ളിൽ അവനോട് ആരാധനയുണ്ടായിരുന്നോ....???
ഏതു നശിച്ച നിമിഷമാണ് അവനു കീഴടങ്ങാൻ തനിക്കു തോന്നിയത്...?
എല്ലാറ്റിനും കാരണം ഫ്രെഡിയുടെ കുടിയാണ്.
സഹികെട്ട് ശപിച്ചുപോയിട്ടുണ്ട്, പലതവണ.
അപ്പോഴൊക്കെ നല്ല സുഹൃത്തായി നിന്ന് വലമുറുക്കുകയായിരുന്നു നോയേൽ. നായ! ബ്ലഡി സൺ ഓഫ് എ ബിച്ച്!

എന്റെ നക്ഷത്രക്കണ്ണുള്ള സുന്ദരിക്കുട്ടി, മിലി.... മോളേ....നിന്നെ ഈ മമ്മ ബലി കൊടുത്തു പോയല്ലോ....
ഫ്രെഡി പോയപ്പോൾ കഴുത്തിനു മീതെ കടമായിരുന്നു. തലയുയർത്തി നീന്താൻ തീരുമാനിച്ചവളാണു താൻ.

എല്ലാം നഷ്ടപ്പെട്ടവൾ, എല്ലാം തിരിച്ചു പിടിക്കാനാഗ്രഹിച്ചവൾ.
ഫ്രെഡിയുടെ ജീനിൽ ബിസിനസ് ബുദ്ധിയില്ല; തന്റെ ജീനിൽ ഉണ്ട് എന്നഹങ്കരിച്ചവൾ!

മരിച്ചവർ പോയി. ജീവിക്കേണ്ടവർ ഭൂമിയിലുള്ളവരാണ് എന്ന അവന്റെ ഉപദേശം ഏതു ചെകുത്താൻ കയറിയ നേരത്താണ് തനിക്കു വേദവാക്യമായത്....

ബിസിനസ് മെച്ചപ്പെടുത്താൻ അവന്റെ താങ്ങ് താൻ ബുദ്ധിപൂർവം ഉപയോഗിച്ചു. ഒക്കെ കരപറ്റിച്ചു എന്നായപ്പോഴേക്കും അവൻ തന്റെ മേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. പല രാത്രികളിലും റിസോർട്ടിലെ മുറിക്കുള്ളിൽ അവനോടൊപ്പം....

റൂത്തിന് സ്വയം പുച്ഛം തോന്നി. ആത്മനിന്ദയുടെ കാരമുള്ളുകൾ അവളുടെ ഹൃദയം കീറിമുറിച്ചു. ചോരവാർന്ന നെഞ്ചിൻ കൂടിൽ അവൾ ആഞ്ഞാഞ്ഞിടിച്ചു കരഞ്ഞു.....

ഒരുനാൾ, തന്നെ ഞെട്ടിച്ചുകൊണ്ട്, മിലിയെ താൻ വിവാഹം കഴിച്ചുകൊള്ളാം എന്ന് അവൻ വാഗ്ദാനം ചെയ്തു! അതുവരെ അവൻ, തന്നെ വിവാഹം കഴിക്കും എന്നായിരുന്നു ഉറച്ചു വിശ്വസിച്ചിരുന്നത്.

നെഞ്ചിൽ ഇടിത്തീ വീണെങ്കിലും എത്തിക്സിനു മീതെ പറന്ന തന്റെ ബിസിനസ് ബുദ്ധി മനസ്സിനെ കീഴടക്കുകയാണ് ചെയ്തത്.

മകളും, ‘മരുമകനായ’ സുഹൃത്തും നയിക്കുന്ന വൻ ബിസിനസ് സാമ്രാജ്യത്തിന്റെ ചരടു വലിക്കുന്നവളായി തനിക്കെങ്ങനെ സ്വയം സങ്കൽ‌പ്പിക്കാൻ തോന്നി...!?

പണക്കാരൻ സ്വർഗരാജ്യത്തു പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ് എന്ന് സൺ ഡേ സ്കൂളിൽ പഠിച്ചവളും പഠിപ്പിച്ചവളുമാണ് താൻ!

എവിടെയാണ് കണക്കു കൂട്ടലുകൾ പിഴച്ചത്?

ഫ്രെഡിയുടെ നശിച്ച കുടിയാണു തുടക്കം. ബിസിനസിൽ ഒരിക്കലും പാടില്ലാത്ത അലക്ഷ്യസ്വഭാവം .... സാമ്പത്തികമാന്ദ്യം കാരണം ടൂറിസം മേഖലയ്ക്കുണ്ടായ തിരിച്ചടി.... രണ്ടും കൂടിയായപ്പോൾ, കോടികളുടെ ലോൺ തിരിച്ചടവ് മുടങ്ങി. അതോടെ ബാങ്കുകാർ കയ്യൊഴിഞ്ഞു.

അങ്ങനെയിരിക്കുന്ന സമയത്താണ് തികച്ചും അപ്രതീക്ഷിതമെന്നോണം നോയേൽ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. പഴയ കോളേജ് സീനിയറെ ഫ്രെഡിക്കു പരിചയപ്പെടുത്തിയ നിമിഷമോർത്ത് റൂത്ത് തല മേശമേലിടിച്ചു.

മോൾക്കന്ന് പതിനഞ്ചു വയസ്സേ ഉള്ളു; മോന് ഒൻപതും. മുപ്പത്തഞ്ചുകാരിയായ തന്നെക്കണ്ടാൽ മോളുടെ ചേച്ചിയാണെന്നേ തോന്നുന്നുള്ളല്ലോ എന്ന അവന്റെ ഫലിതം രസിച്ചു ചിരിച്ചത്തോർക്കുമ്പോൾ ഇന്ന്....
ഫ്രെഡിയും നോയേലും അടുത്ത കൂട്ടുകാരായത് വളരെ പെട്ടെന്നായിരുന്നു. എവിടെ ടൂർ പോയാലും മുന്തിയയിനം പുരാതനമദ്യങ്ങൾ ഫ്രെഡിയ്ക്കായി നോയേൽ കൊണ്ടുവരും. ക്രമേണ ടൂറുകൾ കുറച്ച് നോയേൽ ഹൌസ് ബോട്ട് ബിസിനസിൽ പങ്കാളിയായി. റിസോർട്ട് റൂത്തിന്റെ പേരിലായതുകൊണ്ട് അതിൽ പങ്കു കച്ചവടം നടത്താൻ ഫ്രെഡി അനുവദിച്ചില്ല. അവളുടെ അപ്പന്റെ ഏകസമ്പാദ്യമാണത്.

ജീവിതത്തിൽ അവശേഷിക്കുന്ന ഏക ഭാഗ്യമാണ് ആ തീരുമാനം. പക്ഷേ നോയേലിന്റെ കണ്ണ് അതിലാണ്. അതു സ്വന്തമാക്കാനാണ് മിലി മരിച്ച ശേഷവും, അവൻ അവളോട് വിവാഹാഭ്യർത്ഥന നടത്തിയത്!
റൂത്ത് അത് തള്ളിക്കളഞ്ഞേനേ....

പക്ഷേ മിലി മരിച്ച് മൂന്നാം നാൾ അവളുടെ ഒരു കൂട്ടുകാരി അവളെ കാണാൻ ചെന്നു.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ, ചില കാര്യങ്ങൾ മമ്മയോടു പറയണം എന്നവൾ പറഞ്ഞിരുന്നത്രെ!

മദ്യത്തിൽ അമിതമായി മയക്കുമരുന്നു ചേർത്തുകൊടുത്ത് ഫ്രെഡിയെ അവൻ കൊന്നതാണ് എന്ന്, പൊന്നുമകളുടെ കൂട്ടുകാരിയിൽ നിന്നുമാണ് അവൾ അറിഞ്ഞത്.

തലയ്ക്കടിയേറ്റപോലെ തരിച്ചിരുന്നു, റൂത്ത്. അവളുടെ തലച്ചോറിൽ ഒരു കട്ടന്നൽക്കൂടിളകി.

താൻ പറഞ്ഞിട്ടാണ് അവൾ നോയേലിനെ തന്റെ ഭാവി ഭർത്താവായി സ്വീകരിച്ചത്. അവൻ കല്യാണം കഴിച്ചുകൊള്ളും എന്ന് താനാണ് അവളോട് പറഞ്ഞത്. ഭാവിഭർത്താവെന്ന നിലയിൽ അവളുടെ മനസ്സും ശരീരവും അവൻ സ്വന്തമാക്കിയത് അങ്ങനെയാണ്. ഒടുവിൽ അവൻ ഒരു വൻ ബിസിനസ് ഡീലിനായി അവളെ ഒരു സായിപ്പിനു കാഴ്ച വച്ചത്രെ......

മനം തകർന്ന് അവനോടു കയർത്ത അവളോട് ബിസിനസിൽ ഇതൊക്കെ സാധാരണമാണെന്നും നീ വലിയ ശീലാവതി ചമയണ്ട എന്നും അവൻ പറഞ്ഞത്രെ. അധികം വിളഞ്ഞാൽ നിന്റെ പപ്പ പോയിടത്തേക്ക് നിന്നെയും അയക്കാൻ അറിയാം എന്ന്!

അങ്ങനെയാണ് മിലി തന്റെ പിതാവിന്റെ മരണ രഹസ്യം അറിഞ്ഞത്.

കല്യാണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആ രീതിയിലുള്ള കമിറ്റ്മെന്റൊന്നും തനിക്കില്ലെന്ന് അവൻ അവളോടു തീർത്തുപറഞ്ഞു.

ഒടുക്കം, എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അബോർട്ട് ചെയ്തോളാൻ...!

അവളെ കെട്ടിക്കോളാമെന്നു നോയേൽ തനിക്കു തന്ന വാക്ക്..... മമ്മ പറഞ്ഞപ്പോൾ അതു വിശ്വസിച്ച എന്റെ കുഞ്ഞ്......!

എന്റെനക്ഷത്രക്കണ്ണുള്ള കുഞ്ഞ്.....! റുത്ത് ഏങ്ങിയേങ്ങിക്കരഞ്ഞു.

അവസാന ദിവസം അവർ തമ്മിൽ ഫോണിൽ വലിയ തർക്കം ഉണ്ടായി. മമ്മയെക്കുറിച്ച് മോശമായെന്തോ അയാൾ പറഞ്ഞത്രെ.

ദൈവമേ! തന്റെ മകൾ..... അവൾ തന്നെക്കുറിച്ചെന്തു ചിന്തിച്ചുകാണും! അവളുടെ മനസ്സിൽ തന്റെ മമ്മ എന്ന വിഗ്രഹം തകർന്നു തരിപ്പണമായിട്ടുണ്ടാവും.....

അവളുടെ മരണത്തിന് താനല്ലാതെ വേറെ ആരാണുത്തരവാദി!
ഈ ചോരക്കറ ഞാനെങ്ങനെ കഴുകിക്കളയും.....

പാപത്തിന്റെ ശമ്പളം മരണമത്രെ..... തന്റെ വിധി റൂത്ത് നിശ്ചയിച്ചു. എയ്ബലിനു വിഷം കൊടുത്ത് താനും ചാകും എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഒരു തെറ്റും ചെയ്യാത്ത അവന്റെ ജീവനെടുക്കാൻ തനിക്കെന്തധികാരം....? അവൾ ചിന്തിച്ചു.

എടുക്കേണ്ടത് അവന്റെ ജീവനാണ്.....നോയെലിന്റെ!
ബോധത്തോടെ കൊല്ലണം അവനെ..... ഇഞ്ചിഞ്ചായി....!
ഫ്രെഡിക്കുവേണ്ടി.
മിലിക്കു വേണ്ടി.

അവന്റെ ചതിയിൽ ചോര ഛർദ്ദിച്ചു മരിച്ച ഫ്രെഡി.....
ഹോസ്റ്റൽ മുറിയിൽ കഴുത്തിൽ കുരുക്കുമായ് പിടഞ്ഞ എന്റെ കുഞ്ഞ്.....
കുരുക്കു മുറുകി അസഹ്യമായ പ്രാണവേദനയിൽ തുടകൾ മാന്തിപ്പൊളിച്ചിരുന്നു അവൾ....

ഹോ! മിശിഹായേ....
ഓർത്തിട്ട് സഹിക്കാൻ കഴിയുന്നില്ലല്ലോ!

തന്റെ മകൻ തന്നെ എങ്ങനെയാവും കാണുന്നതെന്നോർത്ത് റൂത്ത് നീറി. ബോർഡിംഗിലാക്കിയത് അവന് ഒട്ടും ഇഷ്ടമായിരുന്നില്ല. ചേച്ചി മരിച്ചിട്ടും, മമ്മ അങ്കിളിനൊപ്പം നടക്കുന്നത് തനിക്കിഷ്ടമല്ല എന്നും അവൻ പറഞ്ഞിരുന്നു. അവനു തന്നോടു പുച്ഛമാവും. നേരിൽ കണ്ടാൽ ഒരു പക്ഷേ കാർക്കിച്ചു തുപ്പിയേക്കും. എങ്കിലും താനെഴുതിവച്ചതു വായിച്ചുകഴിയുമ്പോൾ അവൻ തന്നോടു പൊറുക്കും.

ഏയ്ബലിനും, ഫ്രെഡിയുടെ മമ്മയ്ക്കുമുള്ള കത്തുകൾ മുൻ കൂട്ടി തയ്യാറാക്കിവച്ചിട്ടുണ്ട്. മമ്മ വളർത്തും അവനെ.
അവന്റെ പപ്പയ്ക്കും ചേച്ചിക്കും വേണ്ടിയുള്ള പ്രതികാരം അടുത്ത തലമുറയിലേക്കു നീളരുത് ഒരിക്കലും! ഈ വിവാഹത്തോടെ ആ കടമ താൻ നിർവഹിക്കും....അതിനാണ് ഈ വിവാഹത്തിനു സമ്മതം മൂളിയത്.
നോയേൽ എന്നാൽ ക്രിസ്മസ് എന്നാണത്രെ അർത്ഥം! ആദ്യമായി കണ്ട ദിവസം അങ്കിളിന്റെ പേരിന്റെ അർത്ഥമെന്താ എന്ന ഏയ്ബലിന്റെ സംശയം തീർത്തത് നോയേൽ തന്നെയായിരുന്നു.

ക്രിസ്മസ് എന്ന വാക്കിനു തന്നെ കളങ്കം ചാർത്തിയ നീ ഇനിയൊരു ക്രിസ്മസ് കാണില്ല....അവൾ പിറുപിറുത്തു.
ഇന്ന് ക്രിസ്മസ് ഈവാണ്....

റൂത്ത് അണിഞ്ഞൊരുങ്ങി. ന്യായവിധി താൻ നടപ്പാക്കും........സ്വയം പറഞ്ഞ് അവൾ അത് ഒന്നുകുടി ഉറപ്പിച്ചു.

ഒരു കാരണവശാലും അവൻ തന്റെ കൈകളിൽ നിന്നുവഴുതിപ്പോയിക്കൂടാ...

റൂഷ്, ആർട്ടിഫിഷ്യൽ ഐ ലാഷസ്, ചെറി റെഡ് ലിപ്സ്റ്റിക്ക്, അർമാണി ഡയമണ്ട് പെർഫ്യൂം.....
ഈ രാവിൽ റൂത്ത് അവളുടെ മെസ്മറൈസിംഗ് ബെസ്റ്റ് ഫോമിൽ ആയിരുന്നു. ഒരു സ്കിന്നി ലിംഗറിയിൽ പ്രലോഭനത്തിന്റെ പരമകാഷ്ഠയിൽ..... സെഡക്ഷൻ എന്ന വാക്ക് ഇപ്പോൾ അവളുടെ മിഴിമുനയാണ്.....
മുപ്പത്തെട്ടു പോയിട്ട് ഇരുപത്തെട്ടു വയസ്സുപോലും പറയില്ല ആരും, ഈ വേഷത്തിൽ കണ്ടാൽ....
മുറിയിലേക്കു വന്ന നോയേൽ മിഴിച്ചു നിന്നു പോയി!

അവളുടെ വിരൽത്തുമ്പിന്റെ, കണ്മുനയുടെ ചലനത്തിൽ ഒരു പാവപോലെ ചലിക്കുകകയാണു താൻ എന്ന് നോയേൽ തിരിച്ചറിഞ്ഞു. അവനതു തടയാനാവുമായിരുന്നില്ല. പ്രലോഭനം അതിന്റെ മുഴുവൻ വശ്യതയോടും കൂടി അവന്റെ മുന്നിൽ നുരഞ്ഞുപൊന്തി. അവൾ നൽകിയ വീഞ്ഞ് അവൻ ആസ്വദിച്ചു കുടിച്ചു. മിനിറ്റുകൾക്കുള്ളിൽ കുഴഞ്ഞു കട്ടിലിൽ ഇരുന്നു. ഒരൊറ്റ തള്ളിന് അവനെ മലർത്തിയിട്ടു അവൾ.

അരുതേ... എന്നു നിലവിളിക്കാനാഞ്ഞെങ്കിലും നോയേലിന് നാവു ചലിച്ചില്ല......പക്ഷെ മയക്കുമരുന്നിന്റെ പിടിയിലും മരണഭയത്തിൽ കണ്ണുകൾ പുറത്തേക്കു തള്ളി.

നോയേലിന്റെ നെഞ്ചിലും കഴുത്തിലും മാറിമാറി കത്തി താഴ്ത്തുമ്പോൾ റൂത്തിന്റെ കണ്ണുകൾ തിളങ്ങി.
അവന്റെ ശരീരം വലിച്ചു താഴെയിട്ടു അവൾ.

പിളർന്ന വായുമായി ചലനമറ്റു കിടന്ന അവന്റെ തല പുറങ്കാ‍ലിനു തട്ടി അവൾ ബാത്ത് റൂമിലേക്കു നടന്നു.

തന്റെ കൈകളിൾ ചോര പുരണ്ടിട്ടുണ്ടോ എന്നത് അല്പം മുൻപു വരെ ഒരു സംശയം മാത്രമായിരുന്നു.

ഇപ്പോൾ സംശയം മാറി....
കയ്യിൽ നിറയെ ചോര! നെഞ്ചിലും മുഖത്തും ചോര!
ഷവറിനു കീഴെ നിന്ന് അതു മുഴുവൻ കഴുകിക്കളഞ്ഞു.

മമ്മ എത്ര ആലോചിച്ചിട്ട പേരാണ് തന്റേത്..... റൂത്ത്!
ഇന്നിപ്പോൾ എത്ര ‘റൂത്ത്‌ലെസ്’ ആയാണ് താൻ കാര്യങ്ങൾ പൂർത്തീകരിച്ചത്.

അവൾ തന്റെ കൈകളിലേക്കു നോക്കി.
ഇല്ല...ലവലേശമില്ല ചോരക്കറ!

വസ്ത്രം മാറി റൂഫ് ഗാർഡനിലെത്തി. അവൾ പാരപ്പെറ്റിനരികിലേക്കു നടന്നു.

താഴെ, നഗരം വർണവിളക്കുകളിൽ പ്രഭചൊരിഞ്ഞു നിൽക്കുന്നു. നാളെ ക്രിസ്മസാണ് !

വല്ലാത്ത ഭാരക്കുറവു തോന്നി റൂത്തിന്.

കൈകൾ ഉയർത്തി വീശി ഒന്നു നീന്താൻ തോന്നി അവൾക്ക്. പാരപ്പെറ്റിൽ കയറി റിസോർട്ടിലെ സ്വിമ്മിംഗ് പൂളിന്റെ ജമ്പിംഗ് പ്ലാറ്റ് ഫോമിൽ നിന്നെന്നപോലെ കൈ മുന്നോട്ടു നീട്ടി, ഇരുവശങ്ങളിലേക്കും വീശി, റൂത്ത് താഴേക്കു നീന്തി....

ഒട്ടും ഭാരമില്ലാതെ.....!


(കൂട്ടം.കോമിൽ കഥമത്സരത്തിന്, അവിടെ തന്ന വിഷയത്തിൽ നിന്നുകൊണ്ട് എഴുതിയതാണ് ഇക്കഥ തന്റെ കയ്യിൽ ചോര പുരണ്ടിരിക്കുന്നു എന്നു കരുതുന്ന ഒരാളുടെ ആത്മസംഘർഷം ആയിരുന്നു വിഷയം.)

Thursday, December 16, 2010

ചക്കിപ്പൂച്ചയുടെ കണ്ണുകൾ.....!

ഈയിടെയായി മിക്കരാത്രികളിലും അങ്ങനെയാണ്. ഉറക്കം ശരിക്കൊന്നു പിടിച്ചുവരുമ്പോൾ സ്വപ്നത്തിൽ ആ കറുമ്പിപ്പൂച്ച - ഒരു ചക്കിപ്പൂച്ച - കടന്നു വരുന്നു. കൂർത്തു മൂർത്ത നോട്ടമെറിഞ്ഞ് നേഹയുടെ ഉറക്കം കെടുത്തുന്നു. ഒരു വേള, കിടപ്പുമുറിയുടെ താക്കോൽ പഴുതിലൂടെ പോലും ആ നോട്ടം തന്നെ തേടി വരുന്നോ എന്ന് അവൾ ഭയപ്പെടാൻ തുടങ്ങി.

ആദ്യമൊക്കെ അവൾ ഞെട്ടിയുണർന്ന് ലൈറ്റിടുമ്പോൾ ശരൺ ഉണർന്നു നോക്കുകയും. “എന്തു പറ്റി മോളേ...?” എന്നു ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭാര്യയ്ക്കിതു പതിവായതോടെ അയാൾ തലമൂടിക്കിടന്നുറങ്ങാൻ തുടങ്ങി.

തന്റെ ആകുലതകൾക്കു യാതൊരു വിലയും കൽ‌പ്പിക്കാതെ കിടന്നുറങ്ങുന്ന ഭർത്താവിനെ കാണുമ്പോൾ നേഹയ്ക്കു കരച്ചിൽ വരും. ശരണിനെപ്പോഴും തെരക്കു തന്നെ. ടെക്‌നോപാർക്കിൽ ജോലി. രാവിലെ എട്ട് മണിക്ക് ഓഫീസിൽ പോകും. ഒൻപതു മുതൽ ഒൻപതു വരെയാണ് ഓഫീസ്. രാത്രി പത്തു മണിയോടെ വീട്ടിലെത്തും. പതിനൊന്നു മണിക്കു കിടന്നാൽ പിന്നെ രാവിലെ ഏഴു മണി വരെ ഉറക്കം. ഉണർന്നാൽ പല്ലുതേപ്പ്, കുളി, പാൽക്കഞ്ഞി, ഡ്രെസിംഗ്.

പരസ്പരം എന്തെങ്കിലും പറയാൻ കിട്ടുന്നത് രാത്രി പത്തു മുതലുള്ള ഒരു മണിക്കൂറാണ്. അതിൽ അര മണിക്കൂർ ഡൈനിംഗ് ടേബിളിൽ, ശരണിന്റെ അമ്മയ്ക്കൊപ്പം.   ചുട്ടരച്ച ചമ്മന്തിയും, മാമ്പഴപ്പുളിശേരിയുമാണ് ശരണിന്റെ ഫേവറിറ്റ്. അത് വിളമ്പിക്കഴിഞ്ഞ് എങ്ങനെയുണ്ടെന്ന പതിവു ചോദ്യം. അസ്സലാ‍യിരിക്കുന്നു എന്ന മകന്റെ മറുപടി.പുളകിത ലലനാമണിയായി അമ്മയുടെ കടക്കൺ നോട്ടം...

ശേഷിക്കുന്ന അരമണിക്കൂർ ഒരിക്കലും ഒന്നിനും ഒന്നിനും തികയാറില്ല. തളർന്നുറങ്ങുന്ന ശരണിനെ നോക്കി കരിമ്പൂ‍ച്ചക്കണ്ണുകൾ സ്വപ്നം കാണാൻ നേരം കാത്ത് നേഹ കിടക്കും.

താൻ ഭാഗ്യവതിയാണ് എന്ന ചിന്ത നേഹയുടെ മനസ്സിൽ അനുനിമിഷം മരിച്ചുകൊണ്ടിരുന്നു. സത്യത്തിൽ ശരണിന്റെ അമ്മ തന്നെ ഇതു വരെ ശകാരിച്ചിട്ടില്ല, കുറ്റപ്പെടുത്തിയിട്ടില്ല, ദേഹോപദ്രവം ഏൽ‌പ്പിച്ചിട്ടുമില്ല. പക്ഷേ ഈ പെരുമാറ്റം... അത് വല്ലാതെ ശ്വാസം മുട്ടിക്കുന്നതാണ്.

താൻ ചെയ്യാൻ മറക്കുന്ന ഓരോ കാര്യവും അവർ ശ്രദ്ധയോടെ ചെയ്യുന്നത് ആദ്യമൊക്കെ കൌതുകത്തോടെയായിരുന്നു നേഹ നോക്കിക്കണ്ടിരുന്നത്.

ഒരു ലൈറ്റോ, ഫാനോ ഓഫ് ചെയ്യാൻ ഒരു മിനിറ്റ് വൈകിയാ‍ൽ ശരണിന്റമ്മ അത് ഓഫ് ചെയ്യും.
ഊണു കഴിഞ്ഞാൽ മേശപ്പുറം തുടയ്ക്കാൻ ഒരു ഞൊടി വൈകിയാൽ പിന്നെ അവൾ അതു തുടയ്ക്കേണ്ടി വരില്ല.

ഇനി, ഏതെങ്കിലും കാര്യം മറക്കാതെ, കൃത്യസമയത്തു തന്നെ ചെയ്താ‍ലോ........താൻ ചെയ്തു വച്ച ഓരോ കാര്യത്തിനും മീതെ ഉണ്ടാവും, അവരുടെ വക ഒരു ഫിനിഷിംഗ് ടച്ച്.

എന്നാൽ പോകെപ്പോകെ താൻ എന്തുകാര്യം ചെയ്താലും കൂർത്ത കൺ മുനകൾ തനിക്കു നേരെ നീളുന്നത് അവൾക്ക് അനുഭവപ്പെടാൻ തുടങ്ങി.മനപ്പൂർവം, ചെയ്യണമെന്നു വിചാരിച്ചാൽ പോലും തനിക്കു മുന്നെ അവർ എത്തിയിരിക്കും, എല്ലായിടത്തും!

ഇത്ര വലിയ വീടല്ലെങ്കിലും സ്വന്തം വീട്ടിലെ സൌകര്യങ്ങൾ അവളിൽ ഗൃഹാതുരത്വം ഉണർത്തി.
കുളിക്കുമ്പോൾ, വിസ്തരിച്ചു കുളിക്കണം എന്നത് കുട്ടിക്കാലത്തേയുള്ള ശീലമാ‍ണ്. ഇവിടെ കുളിമുറിയിൽ ഷവർ ഇല്ല.

പൈപ്പിലൂടെയാണെങ്കിൽ മൂത്രം ഒഴിക്കുന്ന സ്പീഡിലും വണ്ണത്തിലുമാണ് വെള്ളം വരുന്നത്!
ബാത്ത് ടബ് വാങ്ങാം എന്നു നിർദേശിച്ചു.

അത് നമ്മുടെ സംസ്കാരത്തിനു ചേർന്നതല്ലത്രെ!

മാത്രവുമല്ല, ഒരു ബക്കറ്റ് വെള്ളത്തിലാണത്രെ ശരണിന്റമ്മ കുളിക്കാറ്‌.ശരണിന്റച്ഛനും അങ്ങനെയായിരുന്നത്രെ; ഇപ്പോൾ വർഷങ്ങളായി ശരണും!

അതുകൊണ്ട് താ‍നും ഒരു ബക്കറ്റ് വെള്ളത്തിൽ തന്നെ കുളിച്ചാൽ പോരേ എന്നു ശരൺ!

ഇവിടിപ്പോൾ ഓരോരുത്തരുടെ വീട്ടിൽ ഷവർ ക്യൂബിക്കിൾ അല്ലെങ്കിൽ റെയിൻ ഷവർ ഒക്കെയായിക്കഴിഞ്ഞ കാലത്താണിങ്ങനെ!

ഇതൊക്കെ ആരോട് പറയാൻ! ഒന്നരലക്ഷം ശമ്പളമുണ്ട് ശരണിന്. അമ്മയ്ക്കു പെൻഷൻ. അച്ഛന്റെ ഫാമിലി പെൻഷൻ....!

ഇതൊന്നും പോരാഞ്ഞാവും, ഈയിടെ ബാത്ത് റൂമിലെ ഓവുചാലിനോട് ചേർന്ന് വെണ്ടക്കൃഷിയും തുടങ്ങിയിരിക്കുന്നു, ശരണിന്റമ്മ! മരുമകൾ വെയ്സ്റ്റാക്കുന്ന വെള്ളം മതിയല്ലോ അവയ്ക്കു വളരാൻ!

വെള്ളാരം കണ്ണുള്ള ചുള്ളൻ പയ്യനോട് പ്രേമം മൂത്തുനടക്കുന്നകാലത്ത് ചോദിക്കണമായിരുന്നു, അവന്റെ വീട്ടിലെ കുളിമുറിയെപ്പറ്റിയും, കുളിയെപ്പറ്റിയും!!

അന്ന് തല നിറയെ അവനോടുള്ള പ്രണയമായിരുന്നു. ഫലം, എൻട്രൻസ് റിസൽറ്റ് വന്നപ്പോൾ അവൻ എൻജിനീയറിംഗിനു പോയി. താൻ ഡിഗ്രി സുവോളജിക്കും! പഠിത്തം ഉഴപ്പിയതിൽ ആദ്യമായി, ആത്മാർത്ഥമായി നേഹയ്ക്കു ദു:ഖം തോന്നി.

ഇതിപ്പോൾ ഈ വീട്ടിൽ തന്റെ റോൾ എന്താണ്?.... അവൾ ആകുലപ്പെട്ടു.

ഒടുവിൽ ഒരു ദിവസം, കിടക്കാൻ നേരം ശരണിനോട് അമ്മയുടെ പെരുമാറ്റത്തെപ്പറ്റി സൂചിപ്പിച്ചു.

“ഇരുപത്തിനാലുമണിക്കൂറും പിന്നിൽ രണ്ടു കണ്ണുകൾ പിൻ തുടരുന്നുണ്ടെന്ന പേടിയിൽ എത്രനാൾ ജീവിക്കും? ചെയ്യുന്ന പ്രവർത്തികളെല്ലാം അളന്നു മുറിച്ച് ഒട്ടും കുറയാതെയും കൂടാതെയും ചെയ്യാൻ ഈ ലോകത്താർക്കു പറ്റും? ഇതല്പം കടന്ന കൈ തന്നെ... ”

“അമ്മ ഒന്നും മനപ്പൂർവം ചെയ്യുന്നതല്ലല്ലോ.... പഴയ ആൾക്കാരല്ലേ... അവരുടെ ശ്രദ്ധ നമ്മുടെ തലമുറയ്ക്കില്ലല്ലോ....ഇൻ ഫാക്റ്റ് ഷി ഈസ് വെരി ഫോണ്ട് ഓഫ് ഹെർ ഡോട്ടർ ഇൻ ലോ, യു നോ...” ശരൺ അവളോടു പറഞ്ഞു.

“എനിക്കറിയാം ശരൺ..... ഇതു വരെ എന്നെ വഴക്കു പറഞ്ഞിട്ടേ ഇല്ല. പക്ഷേ എന്തിനിങ്ങനെ എപ്പോഴും പിന്നാലെ നടന്ന് എന്നെ ഇൻസൾട്ട് ചെയ്യുന്നു.... അത്ര കൊച്ചുപെണ്ണാ ഞാൻ?”

നേഹ പോകുന്നിടത്തെല്ലാം പത്തു ചുവടു പിന്നിലാ‍യി സുഹാസിനിയമ്മ ഉണ്ടാകും!

അവൾ ഒരു മുറിയിൽ നിന്നു പുറത്തിറങ്ങിയാൽ അപ്പോ ആ മുറിയിൽ പോയി ലൈറ്റ് ഓഫാണോ, ഫാൻ ഓഫാണോ എന്നു ചെക്ക് ചെയ്യും. ഓഫല്ലെങ്കിൽ ഓഫ് ചെയ്യും. അടുത്ത നിമിഷം മുറിയിൽ തിരിച്ചെത്തിയാൽ നേഹ കാണുന്നത് ഓഫായ ഫാനാവും. പിന്നെ അതു വീണ്ടും ഓണാക്കണം.

മ്യൂസിക് സിസ്റ്റം ഓൺ ചെയ്താൽ അല്പം കഴിയുമ്പോൾ അതിന്റെ സൌണ്ട് നേർത്തു വരും!

ഒന്നിനും അമ്മായിയമ്മ അവളെ വഴക്കു പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല എങ്കിൽക്കൂടി, പതിന്നാലു ദിവസത്തിനുള്ളിൽ തന്നെ പുതുജീവിതം അവളിൽ ഒരു ഒരു ശ്വാസമുട്ടലായി മാറി.

അങ്ങനെയിരിക്കെ ഒരു നാൾ അമ്മ പെൻഷൻ വാങ്ങാൻ പോയി. ആദ്യമായാണ് നേഹ ആ വലിയ വീട്ടിൽ ഒറ്റയ്ക്ക്. ശരണിന്റമ്മ ഗെയ്റ്റടച്ചു പോയപ്പോൾ, എന്തോ, നേരിയൊരു ഭയം തോന്നിത്തുടങ്ങി.

ഭയവും ബോറടിയും ഒരുമിച്ചപ്പോൾ മ്യൂസിക് സിസ്റ്റം ഓൺ ചെയ്ത് ബെഡ് റൂമിൽ കിടന്ന് പാട്ടുകേട്ടു കുറേ നേരം പോയി.

ഉണർന്നപ്പോൾ പാട്ടു നിലച്ചിരിക്കുന്നു.

കറന്റു പോയതാവുമോ?

ഫാൻ മെല്ലെ കറങ്ങുന്നുണ്ടല്ലോ!

കിച്ചണിൽ എന്തോ ഒരു ശബ്ദം!

പെരുവിരൽ മുതൽ ഒരു വിറയൽ ബാധിച്ചു.

അവിടെ ആരോ നടക്കുന്നതുപോലെ.

ഭയം കൊണ്ട് അനങ്ങാൻ കഴിയുന്നില്ല.

ഒടുവിൽ കാൽ‌പ്പെരുമാറ്റം ഡൈനിംഗ് റൂമിലെത്തി. നോക്കിയപ്പോൾ കയ്യിൽ കട്ടൻകാപ്പിയുമായി ശരണിന്റമ്മ!

ഷുഗറും, പ്രഷറും ഒപ്പം കൊളസ്ട്രോളും ഉള്ളതുകൊണ്ട് പാലിട്ട ചായ പതിവില്ല. അവർക്കുള്ള കട്ടൻ അവരിട്ടു!

ഇവർ എങ്ങനെ ഉള്ളിലെത്തി!?

ബോൾട്ടിട്ടിരുന്നില്ലെങ്കിലും, ഡോർ ലോക്ക് ചെയ്തതായിരുന്നല്ലോ.... അതോ താൻ വാതിൽ പൂട്ടാൻ മറന്നോ?

ഉറക്കച്ചടവിൽ നിന്നുണർന്നതു കൊണ്ടാവും ചിന്തയ്ക്ക് വേഗം കുറവാണ്.

ഒന്നും മനസ്സിലായില്ല.

ചോദിക്കാൻ ഒരു മടി. ശരണിന്റമ്മ ഒന്നും പറഞ്ഞും ഇല്ല.

വൈകിട്ട് ശരൺ വന്നപ്പോൾ, മടിച്ചു മടിച്ചാണെങ്കിലും കാര്യം പറഞ്ഞു. അപ്പോഴല്ലെ രസം!

വീടിന് രണ്ടു താക്കോൽ ഉണ്ട്. അകത്തു നിന്നും പുറത്തു നിന്നും പൂട്ടുകയും തുറക്കുകയും ചെയ്യാവുന്ന രണ്ട് താക്കോലുകൾ.

ഒന്ന് അമ്മയുടെ കൈവശം ആണ്. അതുപയോഗിച്ചാവും തുറന്നത്!

ഹോ! ഭയങ്കരി!

ശരണിന്റമ്മ എന്താവും തന്നെക്കുറിച്ച് ചിന്തിക്കുന്നത് എന്ന് എത്രയാലോചിച്ചിട്ടും അവൾക്കു പിടികിട്ടിയില്ല. പുറത്തുപോയിവരുമ്പോൾ ഫ്രണ്ട് ഡോർ രഹസ്യമായി തുറന്ന് അകത്തു വന്നത് എന്തിനാവും?

ഇതൊക്കെ കാര്യമായെടുക്കാനുണ്ടോ എന്നാണ് ശരൺ ചോദിക്കുന്നത്.

നിന്നെ അമ്മ ഒരിക്കലെങ്കിലും വഴക്കു പറയുകയോ, കുറ്റപ്പെടുത്തുകയൊ ചെയ്തിട്ടില്ലല്ലോ.... പിന്നെന്താണ്!?

തനിക്ക് ജാരന്മാർ വല്ലവരും ഉണ്ടോ എന്ന് അവർ സംശയിക്കുന്നുവോ?

ശരൺ ഉറങ്ങിയിട്ടും നേഹ കമ്പ്യൂട്ടറിൽ തങ്ങളുടെ കല്യാണ ഫോട്ടോസ് നോക്കി വെറുതെയിരുന്നു. ഉറങ്ങാൻ അവൾക്കു ഭയം തോന്നി. ഫോട്ടോസ് നോക്കി മടുത്തപ്പോൾ മറ്റു ചിത്രങ്ങൾ നോക്കി. പെട്ടെന്ന് അവളുടെ ദൃഷ്ടി ഒരു പൂച്ചയുടെ പിക്ചറിൽ ഉടക്കി. ശരിക്കും ഒരു കരിമ്പൂച്ച! ശരൺ എന്തിനാണാവോ ഈ വൃത്തികെട്ട ജന്തുവ്വിന്റെ പടം കമ്പ്യൂട്ടറിൽ ഇട്ടിരിക്കുന്നത്!

നോക്കിയിരുന്നപ്പോൾ ഒരു മോർഫിംഗിലെന്നോണം പൂച്ചയുടെ മുഖം മാറി ശരണിന്റമ്മയുടെ മുഖം പ്രത്യക്ഷപ്പെട്ടു! കണ്ണുകൾക്ക് ഒരു മാറ്റവുമില്ല! അവൾ കമ്പ്യൂട്ടർ ഓഫ് ചെയ്ത് ശരണിന്റെ അരികിലേക്കു ചുരുണ്ടു.

രാവേറെ ചെന്നിട്ടും നേഹയ്ക്കുറക്കം വന്നില്ല. എപ്പോഴോ മയങ്ങിയിരിക്കണം. മയക്കത്തിൽ ആ ചക്കിപ്പൂച്ച അവളെ വിടാതെ പിൻ തുടർന്നു. വെള്ളാരങ്കല്ലുകൾ പോലെയുള്ള കണ്ണുകൾ നീട്ടി, അവൾ പോയിടത്തൊക്കെ അവൾക്കു പിന്നാലെ.

പിന്നീടെപ്പൊഴോ അതവൾക്കു മുന്നിലെത്തി. തഞ്ചത്തിൽ ഇരുപുറവും ആഞ്ഞ് അവളുടെ നെഞ്ചിലേക്കൊരു ചാട്ടം!

കൂർത്ത നഖങ്ങൾ നെഞ്ചിലാഴ്ന്നിറങ്ങിയപ്പോൾ വേദന സഹിക്കവയ്യാതെ അവൾ അലറി വിളിച്ചു.

ശരൺ ഞെട്ടിയുണർന്നു ലൈറ്റിട്ടു.

“എന്തു പറ്റി നേഹാ..?” അവൻ അനുതാ‍പത്തോടെ ചോദിച്ചു.

“ഒന്നുമില്ല.... ഒരു സ്വപ്നം....” അവൾ പറഞ്ഞൊഴിഞ്ഞു.

അവൻ തിരിഞ്ഞു കിടന്നു. നിമിഷങ്ങൾക്കുള്ളിൽ നിദ്രപൂകി.

കൺ തുറന്നു കിടന്ന് അവൾ രാ വെളുപ്പിച്ചു.

പിറ്റേന്ന് പത്തുമണിയായപ്പോൾ ശരണിന്റമ്മ ഏജീസ് ഓഫീസിൽ പോകാനിറങ്ങി.

താക്കോൽ വച്ച് ഡോർ ലോക്ക് ചെയ്യുന്നതിനു പകരം ബോൾട്ടിട്ടാലോ.... അവൾ ചിന്തിച്ചു. അവർ വെളിയിൽ നിന്ന് ബെല്ലടിക്കട്ടെ.

അങ്ങനെയായാൽ ജാരനെ താൻ അടുക്കളവാതിലിലൂടെ പുറത്തു വിട്ടുകാണും എന്ന് അവർ സംശയിച്ചു കൂടായ്കയില്ല!

അതോർത്തപ്പോൾ അവൾക്ക് നേരിയ ചിരി വന്നു. ഒപ്പം ഒരു കുസൃതി ചിന്തയും... ബോൾട്ടിടുന്നതിനു പകരം അതു നടപ്പാക്കാം!

സുഹാസിനിയമ്മ വരാനായി അവൾ കാത്തിരുന്നു.

അവർ ഗേയ്റ്റ് കടന്നപ്പോൾ അവൾ നേരേ ബെഡ് റൂമിലെത്തി.

കബോഡിന്റെ നടുവിലെ തട്ടിൽ ഒരാൾക്ക് ചുരുണ്ടിരിക്കാനുള്ളത്ര സ്പെയ്‌സ് ഉണ്ട്. ശരണിന്റമ്മ താക്കോൽ ഉപയോഗിച്ച് ഡോർ തുറന്ന നിമിഷം തന്നെ നേഹ കബോഡിനുള്ളിൽ കടന്നിരുന്നു. ബെഡ് റൂമിലെ ലൈറ്റ് മനപ്പൂർവം ഓൺ ആക്കിയിട്ടിരുന്നു.

സുഹാസിനിയമ്മ ഡൈനിംഗ് ഹോൾ കടന്ന് ബെഡ് റൂമിലെത്തി. ഓണായിക്കിടന്ന ലൈറ്റ് ഓഫാക്കി. കണ്ണുകൾ നേഹയെ തിരഞ്ഞു. ബാത്ത് റൂം ഡോറിൽ തട്ടിനോക്കി. മറുപടിക്കായി കാത്തു. ഒരു നിമിഷം കഴിഞ്ഞ് അത് തുറന്നു നോക്കി. നിരാശയോടെ, അല്പം ആശങ്കയോടെ അവർ മുറിവിട്ടിറങ്ങുന്നത് കള്ളക്കണ്ണിൽ, കബോഡിന്റെ വിടവിലൂടെ അവൾ കണ്ടു.

സുഹാസിനിയമ്മ പരിഭ്രമത്തോടെ പാഞ്ഞു. ദ്രുത ചലനങ്ങളിൽ അവരുടെ പട്ടുസാരി ഉരഞ്ഞ് ശബ്ദമുണ്ടാക്കി. ബെഡ് റൂമിൽ നിന്ന് ഡൈനിംഗ് ഹാൾ വഴി കിച്ചണിലെക്കും, അവിടെ നിന്ന് വർക്ക് ഏരിയയിലേക്കും, തിരിച്ചും പട്ടുസാരിയുലയുന്ന ശബ്ദം നേഹ ആസ്വദിച്ചു.

ഇപ്പോൾ ശരണിന്റമ്മ കോണിപ്പടികയറുകയാണ്. മുകളിൽ ലൈബ്രറിയും ഒരു ബെഡ് റൂമും ഉണ്ട്. അവിടം താണ്ടി അവർ വീണ്ടും താഴെയെത്തി. ഡൈനിംഗ് റ്റേബിളിൽ വച്ച കൂജയിൽ നിന്ന് തണുത്ത വെള്ളം ഗുളു ഗുളു എന്നൊച്ചയുണ്ടാക്കി അവരുടെ കണ്ഠനാളം വഴി താഴേക്കൊഴുകി.

കസേരയിൽ ഇരുന്നു. പെട്ടെന്നെന്തോ ബുദ്ധിയുദിച്ചമാതിരി അവർ മൊബൈൽ കയ്യിലെടുത്തു. നേഹയുടെ നമ്പർ ഡയൽ ചെയ്തു. അത് കബോഡിനുള്ളിൽ ഇരുന്ന് ചിലച്ചു! ഹോ! മണ്ടത്തരം! നേഹ കബോഡിനുള്ളിലിരുന്ന് തലയിൽ കൈ വച്ചു.

സുഹാസിനിയമ്മ കബോഡിനടുത്തേക്കു വന്നു. നേഹ കണ്ണടച്ചിരുന്നു. ഈ നിമിഷം എങ്ങനെ ഫെയ്‌സ് ചെയ്യണം എന്നോർത്ത് അവൾ പകച്ചു. അത് പ്ലാൻ ചെയ്യാൻ അവൾ വിട്ടുപോയിരുന്നു.
അമ്മായിയമ്മയുടെ പദചലനം കബോഡിനടുത്തെത്തി.

സുഹാസിനിയമ്മ കബോഡിന്റെ വാതിൽ വലിച്ചുതുറന്നു. നേഹ ചലനമറ്റ്, ചത്തപോലെ, കണ്ണടച്ച്, കബോഡിനുള്ളിൽ.

പെട്ടെന്നു കണ്ട ആ ദൃശ്യത്തിന്റെ ഷോക്കിൽ ഒരലർച്ചയോടെ അവർ പിന്നിലേക്കു മലച്ചു. കൺ തുറന്ന നേഹ അമ്മായിയമ്മയെ പിടിക്കാനാഞ്ഞു. അവരുടെ മേലേക്ക് അവൾ പതിച്ചു.

അമ്മായിയമ്മ മലർന്നും മരുമകൾ അവർക്കു മീതെ കമിഴ്ന്നും മാർബിൾ പതിച്ചതറയിൽ പതിച്ചു. വീഴ്ചയുടെ ആഘാതത്തിൽ സുഹാസിനിയമ്മയുടെ തല ശക്തിയായി നിലത്തിടിച്ചു. അത് ഇടതും വലതും ചലിച്ചു. പിന്നെ നിശ്ചലമായി.

സുബോധം വന്ന നിമിഷങ്ങൾക്കൊടുവിൽ ശരണിന്റമ്മയുടെ കണ്ണുകൾ കണ്ണടയ്ക്കുള്ളിലൂടെ തന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണെന്ന് നേഹ തിരിച്ചറിഞ്ഞു.

ഇനി ഒരായുഷ്കാലം മുഴുവൻ ആ കണ്ണുകൾ തന്നെ പിൻ തുടരും എന്നവൾക്കുറപ്പായി.

Sunday, December 5, 2010

പഞ്ചമന്റെ അവതാരങ്ങൾ!!!

ബോധിസത്വൻ അസംതൃപ്തനാണ്. കൈകൾ തെരുപ്പിടിച്ച്, ദീർഘനിശ്വാസങ്ങളുതിർത്ത്, വിദൂരതയിൽ കണ്ണും നട്ടുകൊണ്ട് കുറെനേരമായി ഒരേ നിൽ‌പ്പാ‍ണ്!

ശാന്തി തേടി നിരവധിയിടങ്ങളിൽ അലഞ്ഞു. പക്ഷേ എങ്ങും കിട്ടിയില്ല. അങ്ങനെയാണ് ധർമ്മസ്ഥലയിൽ* വന്നത്.....
ഇനി കാർക്കളയിൽ* പോകണം; അതുകഴിഞ്ഞാൽ ശ്രാവണബലഗോള*!

എന്നിട്ടു വേണം ജൈനമതം സ്വീകരിക്കാൻ! ബുദ്ധമതം അത്ര പോരാ!

ഇത്രയും കാര്യങ്ങൾ വളരെ വേഗത്തിൽ എനിക്കു മനസ്സിലായി.

അമ്പമ്പോ! ഈ സംസാരസാഗരം ഒരു ഗുരുതര സാഗരം തന്നെ! അല്ലെങ്കിൽ ഈ കാലമാടനെ, ഈ വേഷത്തിൽ, ഇപ്പോൾ ഞാൻ കാണേണ്ടി വരുമായിരുന്നോ! ഞാൻ ശരിക്കും അമ്പരന്നു നിന്നു.

ധർമ്മസ്ഥലയിലേക്ക് ടൂർ വന്ന കുട്ടികൾ നോക്കിയപ്പോൾ അവരുടെ അധ്യാപകൻ കാറ്റുപിടിച്ച കല്ലുപോലെ ഒരു കാഷായക്കാരനു മുന്നിൽ നിൽക്കുന്നു. കാഷായക്കാരൻ അർദ്ധനിമീലിതനേത്രനായി നിൽക്കുന്നു.

തങ്ങളുടെ വാധ്യാർ കൈവിട്ടു പോയോ എന്ന ആശങ്കയിൽ അവർ ഓടിയെത്തി. അവർക്ക് ധർമ്മസ്ഥലയിലെ കാർ മ്യൂസിയവും ആർട്ട് ഗ്യാലറിയും കാണണം. അങ്ങനെ കുട്ടികൾ എന്നെ ആ അന്തരാളത്തിൽ നിന്നു രക്ഷിച്ചു!

നാളെക്കാണാം എന്നു പറഞ്ഞ് ഞാൻ ബോധിസത്വനോട് വിടചൊല്ലി.സത്യത്തിൽ തികച്ചും അപ്രതീക്ഷിതമായായിരുന്നു ആ സംഗമം.

എന്റെ നാട്ടുകാരനാണ് ബോധിസത്വൻ. പക്ഷേ, പൂർവാശ്രമത്തിൽ ആരായിരുന്നു ഇതിയാൻ എന്നു ചോദിച്ചാൽ ഞാൻ കുഴങ്ങും! ബുദ്ധമതത്തിൽ ചേർന്ന ശേഷമാണ് ഈ പേരു സ്വീകരിച്ചത്.

ഒൻപതാം ക്ലാസുവരെ പഞ്ചമൻ എന്നായിരുന്നു പേര്. അവൻ ഒൻപത് - സിയിൽ, ഞാൻ ഒൻപത് - ബിയിൽ.

അതെ! പ്രായത്തിൽ എന്നെക്കാൾ മൂന്നുവർഷം മുൻപിലായിരുന്നെങ്കിലും ഞങ്ങൾ സതീർത്ഥ്യരായിരുന്നു.

അക്കാലത്ത് പെട്ടെന്നൊരുനാൾ അവൻ ബഞ്ചമിൻ ആയി മാറി. കുടുംബമടച്ച് അവർ ബെന്ദിക്കോസു (പെന്തക്കൊസ്ത്) കാരായി മാറിയതാണു കാരണം.

അതോടെ അയലത്തുകാർക്ക് ചെവിതല കേൾക്കണ്ട എന്നായി.സന്ധ്യയായാൽ ബഞ്ചമിൻ പാട്ടുതുടങ്ങും.

“എന്നേശുവെപ്പോലാകാനെൻ വാഞ്ചാ

എൻ വാഞ്ചാ എൻ വാഞ്ചാ....

എന്നേശുവെപ്പോലാകാനെൻ വാഞ്ചാ!”

(ഈ പാട്ടിന്റെ അർത്ഥം മനസ്സിലാക്കാൻ ഞാൻ കുറേ കഷ്ടപ്പെട്ടു. വാഞ്ച എന്നാൽ വാഞ്ഛ. വാഞ്ഛ എന്നാൽ ആഗ്രഹം എന്നാണ് അർത്ഥമെന്ന് പിൽക്കാലത്ത് പിടികിട്ടി. എന്നേശു = എൻയേശു!)

പിന്നെ ചിലപ്പോൾ

എൻ മനോഫാലകങ്ങളിൽ
നിന്റെ കല്പനയോടയിൽ
ജീവിതമാം സീനായ് മാമലയിൽ
ഒരു തൈച്ചെടിയായ് വളരേണമേ യഹോവേ!

(ഈ പാട്ട് യഥാർത്ഥത്തിൽ ഇങ്ങനെ തന്നെയാണോ എന്ന് എനിക്കൊരു പിടിയുമില്ല, തെറ്റെങ്കിൽ യഹോവ എന്നോട് പൊറുക്കട്ടെ!)

പഞ്ചമന്റെ പാട്ട് പ്രാന്ത് കാരണമാ അവർ ബെന്ദിക്കോസായതെന്നാ വെട്ടുക്കിളി സന്തോഷ് എന്നോട് പറഞ്ഞത്. ശങ്കരാഭരണം സിനിമഹിറ്റായകാലമായിരുന്നു അത്. അതിലെ “ശങ്കരാ..!”എന്നപാട്ട് പഞ്ചമന്റെ ഒരുവീക്ക്നെസ് ആയിരുന്നു. തരം കിട്ടുമ്പോഴൊക്കെ അവൻ ഫുൾ വോളിയത്തിൽ അതു പാടും.

എന്നാൽ അത് തീരെ ഇഷ്ടമല്ലാതിരുന്ന ഒരാൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു. അയാളുടെ പേര് ശങ്കരൻഎന്നായിരുന്നു എന്നതാണ് അതിനു കാരണം. ആൾ മറ്റാരുമല്ല, പഞ്ചമന്റെ ഏക പിതാവ്!

മകൻ മനപ്പൂർവം തന്നെ കൊച്ചാക്കാനുള്ള ഉദ്ദേശം വച്ചാണ് ഈ പാട്ടു പാടുന്നതെന്നും,അതിന് തന്റെ പെമ്പ്രന്നോത്തിയുടെ പരോക്ഷപ്രേരണയുണ്ടെന്നും അയാൾവിശ്വസിച്ചു. മോന്റെ പാട്ടു തുടങ്ങിയാൽ ഭാര്യയ്ക്കിടി ഉറപ്പ്! ചെറുക്കനെതല്ലി നോക്കി; വിരട്ടി നോക്കി. നോ രക്ഷ!

ഒടുക്കം തന്റെ പേരുമാറ്റാൻ ശങ്കരൻ കണ്ട എളുപ്പ വഴിയാണത്രെ മതം മാറ്റം!

സംഗതി സത്യമോ കള്ളമോ! എന്തായാലും പഞ്ചമൻ ശങ്കരാ....... എന്ന് ഹിന്ദു ദൈവത്തെവിളിച്ച് അലമുറയിടുന്നതു നിർത്തി. പകരം കൃസ്തീയ സങ്കീർത്തനങ്ങൾ തുടങ്ങി.അതോടെ വീട്ടിൽ ശാന്തിയായി.

മോന് സംഗീതത്തിലുള്ള അഭിവാഞ്ഛയെ തന്നോടുള്ളവൈരാഗ്യമായി തെറ്റിദ്ധരിച്ചല്ലോ എന്നോർത്ത് പിതാവ് ശങ്കരൻ, സോറി ശമുവേൽ പശ്ചാത്തപിച്ചു. മകന്റെ സങ്കീർത്തനങ്ങൾ ദിവസവും കേട്ട് ആ പിതാവ് ആനന്ദബാഷ്പമണിഞ്ഞു!

കാലക്രമത്തിൽ പിതാവും, പുത്രനും, മാതാവിനൊപ്പം പലയിടങ്ങളിലും സുവിശേഷം പ്രസംഗിച്ചു നടന്നു.

തന്റെ ഭക്തിഗാനസുധയിൽ ബഞ്ചമിൻ ആദ്യ ലൈൻ വലിച്ചു - അതായിരുന്നു ലില്ലിക്കുട്ടി.

കാര്യങ്ങൾ അങ്ങനെയിരിക്കെയാണ് മധ്യവേനൽ അവധി വന്നത്. സ്കൂളടച്ചു. നാടായ നാട്ടിലൊക്കെ കുട്ടികൾ മാവുകളും, പറങ്കിമാവുകളും ആഞ്ഞിലികളും കയ്യേറി.

വക്കീലിന്റെ അയ്യത്തെ ആഞ്ഞിലികൾ നാടു മുഴുവൻ പ്രശസ്തമാണ്. അതിൽ ‘മേജർ സെറ്റ് ’കയറിക്കഴിഞ്ഞു എന്നറിഞ്ഞ് ഇക്കുറി താമരശ്ശേരി പുരയിടത്തിലുള്ളആഞ്ഞിലിയിലാണ് പഞ്ചമൻ കയറിയത്.

നല്ല വണ്ണമുള്ള ആഞ്ഞിലിയാണെങ്കിലും മുള്ളുവേലിയുടെ നീളൻ കല്ലിൽ ചവിട്ടി ആദ്യത്തെ കവരത്തിൽ പിടിക്കാം.പിന്നെകയറാൻ എളുപ്പം.ആഞ്ഞിലി നിറയെ നല്ല തേനൂറും ആഞ്ഞിലിച്ചക്കകൾ!

സാധാരണ ആദ്യത്തെ ആഞ്ഞിലിച്ചക്ക പറിച്ചെടുത്താൽ അതിലെ ആദ്യ ചുള ഗണപതിക്ക് എന്നുപറഞ്ഞ് നിലത്തിടുകപതിവായിരുന്നു. എന്നാൽ മതം മാറിയതോടെ ആ പതിവ് വേണ്ടെന്ന്ബഞ്ചമിൻ തീരുമാനിച്ചു. ചുളകളുടെ നിറവും മുഴുപ്പും അവന്റെ കൺട്രോൾതെറ്റിച്ചു എന്നു പറയുന്നതാണ് ശരി.

ഗണപതിയെ വേണ്ടെന്നു വച്ചെങ്കിലുംയഹോവയെ സ്മരിക്കാൻ ആൾ മറന്നും പോയി. ഫലമോ.....ഗണപതിയും തുണച്ചില്ല; യഹോവയുംതുണച്ചില്ല!

ഒരു ചില്ലയിൽ നിന്ന് അടുത്ത ചില്ലയിലേക്ക് കയറാൻ ശ്രമിച്ചതാണ്.

ചില്ലയൊടിഞ്ഞ് ഒരലർച്ചയോടെ പഞ്ചമൻ നിലത്തേക്കു പതിച്ചു; പച്ചില പാരച്യൂട്ടുമായി താഴേക്കുപറന്നു വരുന്ന സൂപ്പർമാനെപ്പോലെ തോന്നിച്ചു ആ കാഴ്ച. ഒരു വ്യത്യാസം മാത്രംസൂപ്പർമാൻ പാന്റ്സിനു പുറമെയിടുന്ന വസ്ത്രം പഞ്ചമൻ കൈലിക്കുള്ളിൽ പോലുംഇട്ടിട്ടില്ല!

സെക്കൻഡുകൾക്കുള്ളിൽ ക്രാഷ് ലാൻഡിംഗ് ; കൃത്യം മുള്ളുവേലിയുടെ മുകളിൽ!

ആഗ്രഹിച്ച ആഞ്ഞിലിച്ചക്ക കയ്യെത്തും ദൂരത്തുണ്ടായിട്ടും ആഞ്ഞിലിച്ചില്ലയ്ക്കടിയിൽ കിടന്ന് ദീനദീനം, നീറി നീറി നിലവിളിച്ചു, പഞ്ചമൻ.

കുട്ടിപ്പട്ടാളവും അലർച്ച കേട്ടെത്തിയ നാട്ടുകാരും കൂടി മരച്ചില്ല പൊക്കി മാറ്റി. അതോടെകൂട്ടത്തിലുണ്ടായിരുന്ന സ്ത്രീജനങ്ങൾ സ്ഥലം വിട്ടു.

അപ്പോഴല്ലേ ദീനദീനമുയരുന്ന നിലവിളിയുടെ യഥാർത്ഥ ഹേതു എന്തെന്ന് നാട്ടാർക്കു മുന്നിൽ വെളിപ്പെട്ടത്!

ഇംഗ്ലീഷ് ഭാഷയിൽ ടെസ്റ്റിസ് എന്നു വിളിക്കുന്ന വൃഷണദ്വയങ്ങൾ മുള്ളുവേലിയിൽകുരുങ്ങിപ്പോയി! സഞ്ചി തുളച്ച് മുള്ളുകമ്പി കയറി. ആകെ ചോരമയം!

ആരൊക്കെയോ കൂടി ആളെപ്പൊക്കി ചുമലിലേറ്റി, നാട്ടിലെ മെഡിക്കൽ കോളേജായ പുല്ലംപള്ളി ആശുപത്രിയിലേക്കു കൊണ്ടുപോയി.

കുട്ടിപ്പട പിന്നാലെ പാഞ്ഞു.

ആശുപത്രീയിലെ നേഴ്സ് ത്രേസ്യാമ്മയുംഅവരുടെ രണ്ട് അസിസ്റ്റന്റ് പെൺകുട്ടികളുംബഞ്ചമിന്റെ പരിചയക്കാരാണ്. അസിസ്റ്റന്റുകളിൽ ഒരുവളെ നിങ്ങൾ ഇപ്പോൾ അറിയും - പേര് ലില്ലിക്കുട്ടി! പോരേ പൂരം!!

തന്റെ കാമുകിക്കു മുൻപിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെബഞ്ചമിൻ കിടന്നു. ജനാലയ്ക്കു പുറത്ത് ഞങ്ങൾ കുട്ടിപ്പട സാക്ഷി നിൽക്കെ,ആർത്തനാദങ്ങൾ വകവയ്ക്കാതെ ഡോ.കനകസുന്ദരം ആ സഞ്ചിക്കു സ്റ്റിച്ചിട്ടു!

പിന്നെ ഒരു മാസക്കാലം ബഞ്ചമിൻ പുറത്തിറങ്ങിയില്ല. ത്രേസ്യാമ്മയേയും അസിസ്റ്റന്റുകളേയും എവിടെക്കണ്ടാലും അവൻ മുങ്ങും. ഒൻപതാം ക്ലാസിൽ തോറ്റതോടെ പഠിപ്പു നിർത്തി.പള്ളിയിൽ പോക്കും നിർത്തി. ഒന്നു രണ്ടു കൊല്ലം കഴിഞ്ഞ് ഒരു സുപ്രഭാതത്തിൽആൾ നാടുവിട്ട വാർത്ത ഗ്രാമം കേട്ടു.

അതിനുശേഷം കുറേ നാളുകൾ ഒരു വിവരവും ഇല്ലായിരുന്നു. ഏകദേശം നാലുവർഷം കഴിഞ്ഞ് ഒരു ഞായറാഴ്ച ശങ്കരൻ ഏലിയാസ് ശമുവേലിന്റെ ഭവനത്തിൽ നിന്ന് ഒരു ആർത്തനാദവും അലമുറയും ഉയർന്നുകേട്ടു. ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഒരു താടിക്കാരന്റെ കഴുത്തിനു പിടിച്ച്അലറിവിളിക്കുന്ന ശമുവേലിനെയായിരുന്നു.

ആ‍ർക്കും ഒന്നും പിടികിട്ടിയില്ല.

“നീയിവിടെ പ്രാർത്ഥന കൂടാൻ സമ്മതിക്കില്ല, അല്ലേ!?” ശമുവേൽ അലറി.

മെലിഞ്ഞു നീണ്ട താടിക്കാരനെ ശമുവേൽ കുടഞ്ഞ് നിലത്തെറിഞ്ഞു.

“എന്റെ പൊന്നു മോനേ! നീയെന്തിനാ ഈ കൊലച്ചതി ചെയ്തേ.....! അയ്യോ....ഇതെങ്ങനെ സഹിക്കും!?” ശമുവേലിന്റെ ഭാര്യ സാറാമ്മ നിലവിളിച്ചു.

മെല്ലെ മെല്ലെയാണെങ്കിലും നാട്ടുകാർക്ക് കാര്യം മനസ്സിലായി. അവരുടെ മകൻമടങ്ങിവന്നിരിക്കുന്നു. രൂപം മാറി; പേരും മാറി. ബഞ്ചമിൻ ഇപ്പോൾ ബദറുദീൻആയിരിക്കുന്നു!

നാട്ടുകാർ അവതാ പറഞ്ഞു നോക്കി.സാറാമ്മ മകനെ ഉപദേശിച്ചു.എന്നാൽ ബദറുദീൻ നിലപാടു മാറ്റിയില്ല. അതോടെ ശമുവേൽ അവനെനിഷ്കരുണം വീട്ടിൽ നിന്നിറക്കി വിട്ടു.

ആൾ വീണ്ടും മുങ്ങി.

മലപ്പുറത്തു വച്ചാണ് പിന്നീട് കണ്ടത്. തടിപ്പണിയുമായി അവിടെ കൂടി എന്നും ഒരു മൊഞ്ചത്തിയെ നിക്കാഹ് കഴിച്ചു എന്നും പറഞ്ഞു.

അന്ന് പക്ഷേ,മറ്റു കാര്യങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കാൻ കഴിഞ്ഞില്ല.


ഇന്നിപ്പോൾ ധർമ്മസ്ഥലയിൽ നാലാ‍മവതാരം കണ്ട പഞ്ചമൻ, ഇനി ശരിക്കും ‘പഞ്ചമാവതാര’മെടുക്കാൻ പോകുന്നതോർത്ത് ഞാൻ ഊറിച്ചിരിച്ചു.

രാത്രി തന്നെ വെട്ടുക്കിളിയെ വിളിച്ചു. പഞ്ചമന്റെ മലപ്പുറം വീരഗാഥയെക്കുറിച്ച് അന്വേഷിച്ചു.

“അദല്ലെ രസം!”അവൻ പറഞ്ഞു. “കല്യാണം കൂടിയ ആദ്യനാളുകളിൽ ബദറുദീന് കുശാലായിരുന്ന്. എന്നാൽ പുലർച്ചെ എണീക്കൽ, അഞ്ചുനേരം നിസ്കാരം, കഠിനാധ്വാനം ഇവയൊക്കെ അവനു മടിയായിരുന്നത്രെ. നിസ്കാരപ്പായിൽ കുത്തിയിരുന്നുറങ്ങും.

അങ്ങനെ മൂക്കും കുത്തി ഇരുന്നുറങ്ങിയ പുയ്യാപ്ലയെ ഒരു ദിവസം പുതുപ്പെണ്ണ് പൃഷ്ഠത്തിനിട്ടു ചവിട്ടി, തലകുത്തിവീണ അവനെ വീട്ടിലെ കമ്പിപ്പാരയെടുത്ത് കുത്താൻ ശ്രമിച്ചു. ചന്തിക്കു ചവിട്ടുകിട്ടിയ ബദറുദീൻ പുറത്തേക്കു പാഞ്ഞു.

പെണ്ണ് പിന്നാലെ!

നേരം വെളുത്തിട്ടില്ലാഞ്ഞതിനാൽ മുറ്റത്ത് തുണിയുണക്കാൻ കെട്ടിയിരുന്ന അയയിൽ തട്ടി ബദർ നിലത്തു വീണു. പിന്നാലെവന്നഭാര്യ അവനുമീതെ വീണു. കമ്പിപ്പാര പൃഷ്ടം തുളച്ചു!

ആ പെണ്ണിന് ഇടയ്ക്കൊക്കെ ജിന്നിന്റെ ബാധയുണ്ടാകുമായിരുന്നത്രെ! അതാണ് ഇവന് ഫ്രീയായി കെട്ടിച്ചു കൊടുത്തത്!

അങ്ങനെ മുന്നിലും പിന്നിലും തുള വീണതോടെയാവും അവനു കുടുംബജീവിതത്തിൽ വിരക്തി വന്നത്!”

വെട്ടുക്കിളിയുടെ കഥനം കേട്ട് ഞാൻ വാ പൊളിച്ചുപോയി!

രാത്രി വൈകിയിരിക്കുന്നു. നല്ല തണുപ്പും. മൂടിപ്പുതച്ചു കിടന്നുറങ്ങി.

പിറ്റേന്നു രാവിലെ തന്നെ ഞങ്ങൾ താമസിച്ചിരുന്ന സാകേത സത്രത്തിനു മുന്നിൽ എന്നെക്കാത്ത് ബോധിസത്വൻ തയ്യാർ!

പ്രാതൽ കഴിക്കുമ്പോൾ അവനോടു ചോദിച്ചു

“അല്ല.... കുടുംബം ഒക്കെ ഉപേക്ഷിച്ച് ഇങ്ങനെ അവധൂതനായി നടക്കാൻ എന്താണ് കാരണം?”

“ഗൌതമൻ തന്റെ ഓമനപ്പൈതലിനേയും സ്നേഹമയിയായ ഭാര്യയെയും ഉപേക്ഷിച്ചില്ലേ? ബന്ധങ്ങളാണ് എല്ലാ ദു:ഖത്തിനും കാരണം!”

“അപ്പോ നീ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചു?” ഉള്ളിൽ പൊട്ടിയ ചിരിയമർത്തി ഞാൻ ചോദിച്ചു.

“ഹതെ.... ഉപേക്ഷിച്ചു! ”ബോധിസത്വൻ പറഞ്ഞു.

“എങ്കിൽ പിന്നെ എന്തിനാണ് ബുദ്ധമതം ഉപേക്ഷിക്കുന്നത്!?”

“അതോ...? അത്..... ബുദ്ധന്റെ തത്വങ്ങളിൽ നിന്ന് ബുദ്ധശിഷ്യന്മാർ വളരെഅകന്നിരിക്കുന്നു. അവർ തേരാവാദികളും വജ്രയാനികളുമായി പിരിഞ്ഞില്ലേ? അതെനിക്കിഷ്ടമായില്ല........ ബോധിസത്വൻ എന്ന നാമധേയം ഞാൻ ഉപേക്ഷിക്കുകയാണ്.....ജൈനനായി, ബന്ധമുക്തൻ എന്ന പേരു സ്വീകരിക്കും ഞാൻ.”

“തേരാവാദവും വജ്രയാനവുമൊന്നും ഇപ്പോൾ പുതുതായി ഉണ്ടായതല്ലല്ലോ, പണ്ടേ ഉള്ളതല്ലേ...? എന്റെ ചോദ്യം വായുവിൽ വിലയം പ്രാപിച്ചു.

വികാലൻ ബാധിച്ചാൽ ഓടി രക്ഷപ്പെടുകയല്ലാതെ വേറെ മാർഗമില്ലെന്ന് പഞ്ചതന്ത്രത്തിൽ പണ്ടു വായിച്ചതൊർമ്മ വന്നു. ഇനിയെന്നെങ്കിലും കാണുമ്പോൾ ഇവൻ ഏതു മതത്തിലാവുമോ എന്തോ!

“അല്ല..... ഞാനിപ്പോ എന്തു വേണം?” ഞാൻ ചോദിച്ചു.

“കാർക്കളയ്ക്കു പോകാൻ സാമ്പത്തിക സഹായം വേണം....നൂറു രൂപ കിട്ടിയാൽ സന്തോഷം!”

ഹോ! രക്ഷപ്പെട്ടു!

“തൃപ്തിയായളിയാ തൃപ്തിയായി! അപ്പോ നമുക്കിനി മിക്കവാറും ഇസ്രായേലിൽ കാണാം! ”ഞാൻ പറഞ്ഞു.

“അതെന്താ അളിയാ?” പൂർവാശ്രമത്തിലെ സംബോധന ബോധിസത്വന്റെ നാവിൽ നിന്നുയർന്നു!

“ജൈനം കഴിഞ്ഞാൽ ജൂതം എന്നാണല്ലോ......ജൂതന്മാരുടെ കൈകൊണ്ടാകും നിന്റെ അന്ത്യം!”

നൂറു രൂപ അവന്റെ കയ്യിൽ തിരുകി ഞാൻ മുങ്ങി!* കർണാടകയിലുള്ള ജൈനതീർത്ഥാടനകേന്ദ്രങ്ങൾ.

ചിത്രത്തിനു കടപ്പാട്: http://wearemadeforeachother.blogspot.com/2010/04/blog-post.html

Sunday, November 21, 2010

കടുവയെ പിടിച്ച കിടുവ !

കാവിങ്കൽ ഭാരതിയമ്മ ദിവംഗതയായ വിവരം ഞാനറിഞ്ഞത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പിറ്റേന്നാണ്. തലേ ദിവസം കൊച്ചുമക്കൾ അവരെ കസേരയോടെ പൊക്കിയെടുത്ത് ബൂത്തിൽ കൊണ്ടുപോയിരുന്നു. തിരിച്ചുവരുന്ന വഴി അവർക്ക് ബോധക്കേടുണ്ടായി. പിറ്റേന്നു രാവിലെ തൊണ്ണൂറാമത്തെ വയസ്സിൽ ആൾ മരിക്കുകയും ചെയ്തു.

രണ്ടു പറമ്പപ്പുറത്താണ് അവരുടെ വീട്. കുട്ടിക്കാലത്ത് എന്നും അവരുടെ വീട്ടിൽ പൊകുമായിരുന്നു. അന്നൊക്കെ നാലുമണിയായാലുടൻ താറുടുത്ത് ഒരു ചൂലുമായി ഭാരതിയമ്മ പ്രത്യക്ഷപ്പെടും. കുരിയാല മുറ്റം മുഴുവൻ വെള്ളം തളിച്ച ശേഷം അടിച്ചുവാരി വൃത്തിയാക്കും. അതു കഴിഞ്ഞ് കുളിച്ച് ഭസ്മക്കുറി തൊട്ട് വിളക്കു കൊളുത്തും. വെയിൽ ചാഞ്ഞാൽ, സന്ധ്യ വരുന്നതിനു തൊട്ടു മുൻപ് കുരിയാലയിൽ വിളക്കു കൊളുത്തും. ഭാരതിയമ്മ വിളക്കു വച്ച ശേഷമേ നാട്ടിൽ മറ്റേതു വീട്ടിലും വിളക്കു കൊളുത്തിയിരുന്നുള്ളൂ.

വെളിച്ചം ധാരാളമായുള്ളതുകൊണ്ട് എണ്ണത്തിരി കൊത്തിയെടുത്തുപറക്കാൻ തയ്യാറായി കാക്കകൾ വരും എന്നറിയാവുന്നതുകൊണ്ട് കാക്കയെ ഓടിക്കാൻ ശട്ടം കെട്ടി നിർത്തുന്നത് എന്നെയായിരുന്നു.

ഞാനാണെങ്കിൽ ഭക്തശിരോമണി. കാവ്, അമ്പലം, ഉത്സവം, ആറാട്ട്, ഉറിയടി, ശബരിമല അങ്ങനെ നിർവൃതിദായകമായ ദിനരാത്രങ്ങളിലൂടെ ഒഴുകി നടക്കുന്ന കാലം. വയസ്സ് പതിനൊന്നോ പന്ത്രണ്ടോ. അതിനിടെ നാലുവട്ടം മലചവിട്ടി എന്നു പറഞ്ഞാൽ മതിയല്ലോ.

നാട്ടിൽ കല്യാണം, പുരവാസ്തുബലി(ഗൃഹപ്രവേശം), മരണം, സഞ്ചയനം, പതിനാറടിയന്തിരം, പുലകുളിയടിയന്തിര, കാവിലടിയന്തിരം എന്നു തുടങ്ങി സകല അടിയന്തിരങ്ങൾക്കും ഒരു പണിയും ചെയ്യാത്ത, എന്നാൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു നാൽവർ സംഘം ഉണ്ടായിരുന്നു അന്ന്.

മന്ത്രവാദി നാരായണൻ, ഗോപാലശാസ്ത്രികൾ, വേലുക്കുറുപ്പ്, ശമേലച്ചായൻ എന്നിവരായിരുന്നു അവർ. മന്ത്രവാദി പണ്ട് ഒരു ചെത്തുകാരനായിരുന്നത്രെ. പാലക്കാട്ട് കരിമ്പനകൾ ചെത്തി നടന്നിരുന്ന കാലത്തെന്നോ ഒരിക്കൽ യക്ഷിദർശനം ഉണ്ടാവുകയും, അതോടെ ചെത്തു നിർത്തി നാട്ടിൽ വരികയും ചെയ്തു. പിന്നീട് അന്നത്തെ പ്രസിദ്ധ മന്ത്രവാദിയായ പുല്ലാനി പരമേശ്വരന്റെ ശിഷ്യത്വം സ്വീകരിച്ച് നാട്ടിൽ തന്നെ കൂടി.

പണ്ട് സംസ്കൃതത്തിൽ ഉണ്ടായിരുന്ന ഒരു ബിരുദമാണത്രെ ശാസ്ത്രികൾ. ആ പരീക്ഷ പാസായതോടെയാണ് ഗോപാലൻ നായർ ഗോപാല ശാസ്ത്രി ആയത്. വേലുക്കുറുപ്പ് മൃദംഗ വിദ്വാനായിരുന്നു. എന്നാൽ ഇക്കൂട്ടത്തിലൊന്നും പെടാൻ പ്രത്യക്ഷത്തിൽ സാധ്യതയില്ലാഞ്ഞ ആൾ ആയിരുന്നു ശമേലച്ചായൻ.(ശമേൽ = ശമുവേൽ = സാമുവൽ = സാം എന്ന് ഡെറിവേഷൻ). പള്ളിയിലൊക്കെ പോകാറുണ്ടെങ്കിലും അമ്പലത്തിലെ ഉത്സവത്തിനും ഒപ്പം കൂടും. അതിൽ വീട്ടുകാർക്കും പരാതിയില്ല; നാട്ടുകാർക്കും പരാതിയില്ല.


അടിയന്തിരങ്ങൾക്ക് വെറ്റില മുറുക്കൽ പ്രധാനമാണല്ലോ.. അത് നമ്മുടെ നാൽവർ സംഘം ഭംഗിയായി നിർവഹിക്കും. മേലനങ്ങാൻ ദേഹണ്ഡക്കാർ ഉണ്ട്. അവർ വെറ്റില മുറുക്കാറില്ല. ബീഡി അല്ലെങ്കിൽ ചാർമിനാർ പുകയ്ക്കും.

നാൽവർ സംഘം ഒരുമിച്ചു കൂടിയാൽ പഴങ്കഥകളുടെ കെട്ടഴിക്കും. ആതൊക്കെ കേട്ടില്ലെന്നു നടിച്ചു കേട്ടുകൊണ്ട് തൊട്ടരികിലെവിടെയെങ്കിലും ഞാനും നിൽക്കും. ബാലാരിഷ്ടതകൾ ഒക്കെ മാറിയെങ്കിലും ചുള്ളിക്കമ്പുപോലെയുള്ള എനിക്ക് ദേഹണ്ഡത്തിൽ സഹായിക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ബീഡി - സിഗരറ്റ് - മുറുക്കാൻ വിതരണം ആയിരുന്നു എന്റെ പോർട്ട്ഫോളിയോ!

ബീഡി ഒരു കെട്ട് ഏൽപ്പിച്ചു കഴിഞ്ഞാൽ പിന്നെ പരാതി ഇല്ല എന്നതുകൊണ്ട് ഞാൻ അത് ആദ്യം അങ്ങു കൊടുത്തേക്കും. സിഗരറ്റ് ആകെ ഒരു പായ്ക്കറ്റേ ഉണ്ടാവൂ. അത് വിശിഷ്ടാതിഥികൾക്കുള്ളതാണ്. അങ്ങനെയാരും വന്നില്ലെങ്കിൽ രാത്രി അവ ദേഹണ്ഡക്കാർക്കു കിട്ടും!

നാൽവർ സംഘം വന്നാലുടൻ പ്ലാസ്റ്റിക് വരിഞ്ഞ നാലു കസേര സംഘടിപ്പിച്ച് വട്ടത്തിലിരിക്കും. നടുക്ക് വെറ്റിലച്ചെല്ലം, ഒരു കരണ്ടകം നിറയെ ചുണ്ണാമ്പ്, കുറേ പഴുക്കാപ്പാക്ക്, നെടുനീളൻ പുകയില, ഒരു പിച്ചാത്തി എന്നിവ സജ്ജമാക്കി ഒരു ടീപോയിൽ വച്ചിട്ടുണ്ടാകും. പിന്നെ ലാത്തി തുടങ്ങുകയായി.

ഭൂമിമലയാളം മുഴുവൻ സഞ്ചരിച്ച് മന്ത്രവാദം ചെയ്ത കഥകൾ മന്ത്രവാദി പറയും. പുരാണകഥകളും സംസ്കൃതശ്ലോകങ്ങളും ശാസ്ത്രികൾ ചൊല്ലും. പരലോകജീവിതവും ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധവും ഒക്കെ വേലുക്കുറുപ്പിന്റെ വിഹാരമേഖലയാണ്. എല്ലാം കേട്ട് എല്ലാവരോടും ചോദ്യങ്ങൾ ചോദിച്ച് ശമേലച്ചായൻ തിളങ്ങും. ചില ചോദ്യങ്ങൾക്ക് മറുപടിയുണ്ടാവില്ല!

കൂട്ടത്തിൽ പൊങ്ങച്ചക്കാരനും വീരവാദക്കാരനും മന്ത്രവാദി ആയിരുന്നെങ്കിലും ഗോപാലശാസ്ത്രികൾ ഒരു ദിവസം മന്ത്രവാദിയെ മലർത്തിയടിച്ചു.

പതിവുപോലെ കാഞ്ഞൂർ കാവിലെ അറുകൊല എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ശാസ്ത്രികൾ പറഞ്ഞു “നാരായണാ... മതി! ഇയാളു പറയുന്നതിനേക്കാൾ വലിയ കാര്യങ്ങൾ എന്റെ മനസ്സിലുണ്ട്. പിന്നെ അതൊന്നും ഞാനിതുവരെ പറഞ്ഞില്ലെന്നു മാത്രം!”

“അതെന്താപ്പാ അത്ര വല്യ കാര്യം!?” ശമേലച്ചായൻ പുരികം ഉയർത്തി ചോദിച്ചു.

ശാസ്ത്രികൾ ചൂണ്ടുവിരലും നടുവിരലും അകറ്റിപ്പിടിച്ച് ചുണ്ടിന്മേലമർത്തി മുറുക്കാൻ നീട്ടിത്തുപ്പി. ഒന്നുകാറി, കണ്ഠശുദ്ധിവരുത്തി. തുടങ്ങി.

പണ്ട്, എന്നുവച്ചാൽ തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്ക കാലത്ത് (മലയാള വർഷം 1099 = ഇംഗ്ലീഷ് വർഷം 1925) എടവപ്പാതി തകർക്കുന്ന സമയം. ഒരു ദിവസം രാവിലെ ശങ്കുവമ്മാവൻ തറവാട്ടിൽ വന്നു. ആരാ ആള്..? ആജാനു ബാഹുവല്ലിയോ! ആറരയടിപ്പൊക്കം. നൂറു നൂറ്റിപ്പത്ത് ഇഞ്ച് നെഞ്ചു വിരിവ്. ആനയ്ക്കൊത്ത തലയെടുപ്പ്. പയറ്റിത്തെളിഞ്ഞ കളരിക്കുറുപ്പ്. മാത്രമോ, ഇന്നാട്ടിൽ അന്ന് സ്വന്തമായി തൊക്കുള്ള ഏകയാൾ!

വെള്ളം കേറിയ കാരണം ഞങ്ങളൊക്കെ മേലേപ്പുരയിടത്തിലുള്ള ചായ്പിലാ താമസം.

അമ്മാവൻ വെള്ളക്കെട്ട് അഴിച്ചുവിടാൻ വല്ല മാർഗോം ഉണ്ടോന്നു നോക്കുകയായിരുന്നു. നിലവറയ്ക്കകത്തു വച്ച പണിസാധങ്ങളെടുക്കാം എന്നു കരുതി താക്കോൽ ചോദിച്ചു.

ആരോ പോയി താക്കോൽ കൊണ്ടുവന്നു. നിലവറ തുറക്കാൻ നോക്കിയപ്പോ, അതു പൂട്ടിയിട്ടില്ല!

അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടി. അമ്മാവന്റെ മുഖത്ത് ഭാവഭേദമേതുമില്ല.

അമർത്തിയൊന്നു മൂളി ” ഉം....”

എല്ലാവരും നിർന്നിമേഷരായി നോക്കി നിൽക്കേ അമ്മാവൻ നിലവറ വാതിൽ തള്ളിത്തുറന്നു.അകത്ത് കട്ടപിടിച്ച് ഇരുട്ടു മാത്രം. ഒന്നും കാണാൻ വയ്യ.

തല ഉള്ളിലേക്കിട്ട് അമ്മാവൻ ഏതാനും നിമിഷം നിന്നു. പെട്ടെന്ന് തല വലിച്ച്, വാതിൽ വലിച്ചടച്ചു! ആ ശബ്ദം കേട്ട് അവിടെ നിന്ന എല്ലാരും ഞടുങ്ങി.

കഥ കേട്ടുകൊണ്ടിരുന്ന നാലാളും - നാൽവർ സംഘത്തിലെ മൂന്നാളും പിന്നെ ഞാനും - ഞെട്ടി! ശമേലച്ചായൻ വായടയ്ക്കാൻ മറന്നു.

ഒന്നുകൂടി നീട്ടിത്തുപ്പി വെറ്റിലത്തരികൾ നുണഞ്ഞുകൊണ്ട് ശാസ്ത്രികൾ കഥ തുടർന്നു. നിലവറയിൽ നിന്നു തലവലിച്ച ശങ്കുവമ്മാവന്റെ മൂക്ക് ചുവന്നു തുടുത്ത് ഒരാനയെ വലിച്ചുകേറ്റാൻ പാകത്തിൽ വികസിച്ചിരിക്കുന്നു!

അമ്മാവൻ വിളിച്ചു പറഞ്ഞു “പുലിച്ചൂര്!!”

സ്തംഭിച്ചു നിന്ന മറ്റുള്ളവരെ നോക്കി അദ്ദേഹം വിശദീകരിച്ചു “ നിലവറയ്ക്കകത്ത് പുലി കയറിയിരിക്കുന്നു! മഴയിൽ ഒലിച്ചു വന്നതാന്നാ തോന്നുന്നെ!”

നിമിഷാർദ്ധം കൊണ്ട് ആളുടെ ഭാവം മാറി. കൈകൾ ദ്രുതഗതിയിൽ ചലിച്ചു. അമ്മാവൻ താറുടുത്തു തയ്യാറായിക്കഴിഞ്ഞു. ദൃഢനിശ്ചയത്തോടെ അദ്ദേഹം നിലവറ വാതിലിനു മുന്നിലേക്കു നടന്നു. വാതിൽ ഹുങ്കാരത്തോടെ തള്ളിത്തുറന്നു.

പിന്നിൽ നിന്നവർ ആ നിമിഷം തന്നെ അപ്രത്യക്ഷരായി!

ശങ്കുവമ്മാവൻ പതറിയില്ല. നിലവറയ്ക്കുള്ളിലേക്കു ചാടിക്കയറി. ഇരുട്ടിൽ പുലിക്കണ്ണുകൾ തിളങ്ങും എന്ന് തഴക്കം ചെന്ന വേട്ടകാരൻ കൂടിയായ അദ്ദേഹത്തിനറിയാം. ശങ്കുവമ്മാവൻ തുടയ്ക്കടിച്ചു ശബ്ദമുണ്ടാക്കി. എന്നിട്ടൊരലർച്ച!

അടുത്ത നിമിഷം പുലിയുടെ മുരൾച്ച കേട്ടു. ആ ദിക്കിലേക്കു നോക്കി. തീക്കട്ട പോലെ രണ്ടു കണ്ണുകൾ!

കണ്ണോടു കണ്ണു നോക്കി ഏതാനും നിമിഷങ്ങൾ. നിലവറ കാണാപ്പാഠമാണ് അമ്മാവന്. ഇരുൾ മെല്ലെ മാഞ്ഞു. പുലിയുടെ മുന്നിൽ നിന്ന് ഇടത്തേക്കൊരു ചാട്ടം! അമ്മാവന്റെ ചാട്ടം പ്രതീക്ഷിച്ച സ്ഥലത്തെക്ക് പുലി ചാടി. പക്ഷേ അമ്മാവൻ അതിനിടെ ഒരു കുതിപ്പുകൂടി നടത്തിയിരുന്നു.

ചാട്ടം പിഴച്ച പുലിയെ വാലിൽ പിടിച്ച് ഒറ്റ വലി!

ഇരുകൈകളും പൊക്കി സർവശക്തിയിൽ നിലത്തൊരടി!

പുലി ഊർധ്വൻ വലിച്ചു!

അമ്മാവൻ പുലിയെ വലിച്ചിഴച്ച് നിലവറയ്ക്ക് പുറത്തിട്ടു. അഞ്ചടി നീളത്തിൽ ഒരു പുള്ളിപ്പുലി തറവാട്ടുമുറ്റത്ത് ചത്തു മലച്ചു കിടന്നു.

അമ്മാവന്റെ അട്ടഹാസം കേട്ട്, ഓടിയൊളിച്ച വീരമാരെല്ലാം പാഞ്ഞുവന്നു. എല്ലാരോടുമായി അമ്മാവൻ പറഞ്ഞു. “ഇന്നു ഞാനിവിടെ വന്നതു നന്നായി. ഇനിയെങ്കിലും നിലവറവാതിൽ പൂട്ടാൻ ആരും മറക്കരുത്. മഴക്കാലമാണ്. കാട്ടുമൃഗങ്ങളും പെരുമ്പാമ്പുമൊക്കെ ഒഴുകി വരും. സൂക്ഷിച്ചോ!”

കഥ കേട്ടിരുന്നവരെല്ലാം ദീർഘനിശ്വാസം വിട്ടു.

പതിവു പോലെ ശമേലച്ചായന്റെ പുരികങ്ങൾ ഉയർന്നു. അച്ചായന് ചോദ്യം ചോദിക്കാൻ മുട്ടി. സത്യത്തിൽ എനിക്കും മുട്ടിയിരുന്നു. പക്ഷേ വാ തുറക്കാൻ ധൈര്യം പോരാ.

ശമേലച്ചായൻ ചോദിച്ചു “അല്ല ശാസ്ത്രികളേ, എന്നിട്ട് ആ പുലിയെ എന്തു ചെയ്തു?”

“പുലിയെ.... അല്ലെങ്കിൽ വേണ്ട. ബാക്കിക്കഥ ഞാൻ പറയുകേല.” ഗോപാലശാസ്ത്രി ഫുൾ സ്റ്റോപ്പിട്ടു.

“അതെന്താ കാരിയം?” ശമേലച്ചായൻ വീണ്ടും പുരികമുയർത്തി.

“അത്..... അതിത്തിരി രഹസ്യമാ....”

“ശാസ്ത്രികളേ... നമ്മൾ തമ്മിൽ ഈ എഴുപത്തഞ്ചാം വയസ്സിൽ ഇനിയെന്തു രഹസ്യം?” വേലുക്കുറുപ്പ് ചോദിച്ചു.

“ഇങ്ങനാണെങ്കിൽ ഞാനിനി ഒരു കാര്യവും വിട്ടു പറയൂല ” മന്ത്രവാദി പരിഭവം നടിച്ചു.

സമ്മർദം ഇത്രയുമായപ്പോൾ ശാസ്ത്രികൾ ചുറ്റും നോക്കി. ഇതൊന്നും കാണുന്നോ കേൾക്കുന്നോ ഇല്ലെന്ന മട്ടിൽ ,ഞാൻ ഒരു തീപ്പെട്ടിയെടുത്ത് അതിലെ കൊള്ളികൾ എണ്ണിക്കൊണ്ടിരുന്നു. ചുറ്റും വേറെ ആരും ഇല്ലെന്നുറപ്പാക്കി ശാസ്ത്രികൾ പറഞ്ഞു തുടങ്ങി.

“ആ പുലിയെ തറവാട്ടുപറമ്പിൽ തന്നെ മറവു ചെയ്തു. അതിന്റെ നഖങ്ങൾ മുഴുവൻ ശങ്കുവമ്മാവൻ ഊരിയെടുത്തു. രണ്ടു മുൻ കാലുകളിൽ അഞ്ചുവീതം പത്ത്. പിൻ കാലുകളിൽ നാലു വീതം എട്ട്. മൊത്തം പതിനെട്ടു നഖങ്ങളാ പുലിയ്ക്ക്. പതിനേഴും അമ്മാവൻ എടുത്തു. ഒരെണ്ണം സ്വന്തം മകൾക്കു കൊടുത്തു. അവൾ അത് അരഞ്ഞാണത്തിൽ കെട്ടി അണിഞ്ഞു!“

എല്ലാവരും ആ പതിനെട്ട് പുലിനഖങ്ങൾ ഓർത്തിരുന്നു.

നിശ്ശബ്ദത.

അതിനു മീതെ ശാസ്ത്രികളുടെ ശബ്ദം ഉയർന്നു. “അങ്ങനെ ആ നഖം എന്റെ വീട്ടിലെത്തി!”

“ഹതെങ്ങനെ!?” എല്ലാവരും ഒരുമിച്ചു ചോദിച്ചു.

“എന്റെ ഭാര്യ ആരുടെ മോളാണെന്ന് നിങ്ങളെല്ലാരും മറന്നു പൊയോ?”

ഗോപാലശാസ്ത്രികളുടെ മുറപ്പെണ്ണാണ് ഭാരതിയമ്മ എന്നത് അവർശ്രദ്ധിച്ചിരുന്നില്ല! ആ ചമ്മൽ ശ്രോതാക്കളുടെ മനസ്സിൽ. സ്വന്തം ഭാര്യയുടെ അരഞ്ഞാണ രഹസ്യം വെളിപ്പെട്ടുപോയല്ലോ എന്ന ചമ്മൽ ശാസ്ത്രികളുടെ മുഖത്ത്.

എനിക്കാണെങ്കിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതലുള്ള ആഗ്രഹമാണ് ഒരു പുലിനഖം സ്വന്തമാക്കുക എന്നത്. കഥയിൽ പകുതി പുളുവാണെങ്കിലും പുലിനഖം ഉണ്ടെന്നു തന്നെയാ തോന്നുന്നത്.

ഭാരതിയമ്മയോട് ചോദിച്ചുനോക്കിയാലോ? അവർ എന്നെ ആട്ടിയോടിക്കുമോ?

ഹേയ്... അവർ അങ്ങനെ ചെയ്യുമോ?

ഞാനല്ലേ അവരുടെ കുരിയാലയിലെ വിളക്കുകൾ സംരക്ഷിക്കുന്നത്? ഞാനല്ലേ അവർക്ക് കർപ്പൂരവും ചന്ദനത്തിരിയും വെറ്റിലയും വാങ്ങിക്കൊടുക്കുന്നത്? ഞാനല്ലെ അവരുടെ കൊച്ചുമോളുടെ ഏക കൂട്ടു...കാരൻ?

ഹോ! കിട്ടിപ്പൊയ്! അവളെ സോപ്പിട്ടാൽ കാര്യം നടക്കും. ഈ മണ്ടൻ ശാസ്ത്രികളെപ്പോലെയല്ല ഞാൻ!

ആദ്യം അവളുടെ മുത്തശ്ശിയിൽ നിന്ന് അത് അവൾക്കു കിട്ടണം. പിന്നെ അവളെ ഞാൻ കല്യാണം കഴിക്കും. അപ്പോൾ പുലിനഖത്തിന്റെ ഉടമസ്ഥയുടെ ഉടമസ്ഥൻ ആരാ?

രേണുകയെ കല്യാണം കഴിക്കാൻ ഞാൻ അപ്പോൾ, അവിടെ വച്ച് തന്നെ, തീരുമാനിച്ചു!

അന്നു വൈകിട്ടുതന്നെ അവളെ കണ്ട് പുലിനഖത്തിന്റെ കഥ പറഞ്ഞു. അത് അരയിൽ കെട്ടിയാൽ പിന്നെ പേടിയേ വരില്ല എന്നു പറഞ്ഞു കൊതിപ്പിച്ചു. അതെങ്ങനെയെങ്കിലും മുത്തശ്ശിയിൽ നിന്നു കൈക്കലാക്കും എന്നവൾ പ്രതിജ്ഞയെടുത്തു.

അതു കഴിഞ്ഞ് എന്തുവേണം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അവളോട് പറഞ്ഞില്ല. അല്ലെങ്കിലും നമ്മൾ ആണുങ്ങൾ സ്ത്രീകളോട് മുഴുവൻ രഹസ്യവും പറയാൻ പാടില്ലല്ലോ! എന്നെക്കുറിച്ച് എനിക്കു മതിപ്പുതോന്നി.

ഒരാഴ്ച ശ്രമിച്ചിട്ടും മുത്തശ്ശി അവൾക്കതു നൽകിയില്ല. ഇനി അതിനുവേണ്ടി ശ്രമിക്കേണ്ടതില്ല എന്ന് എട്ടാം ദിവസം അവൾ പറഞ്ഞു.

പുലി നഖം തനിക്കു വിധിച്ചിട്ടില്ലെന്ന സത്യം ദു:ഖത്തോടെ അംഗീകരിച്ചു.

ഇന്നിപ്പോൾ രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കാവുങ്കൽ തറവാട്ടിൽ എത്തുന്നത്. മക്കളും കൊച്ചുമക്കളും ഉൾപ്പടെ ഒരു പട തന്നെയുണ്ട്. ചടങ്ങുകളൊക്കെ കഴിഞ്ഞു. ആളുകൾ പിരിഞ്ഞു തുടങ്ങി.

കോലായിൽ രേണുക നിൽക്കുന്നുണ്ടായിരുന്നു. പത്താം ക്ലാസു കഴിഞ്ഞ് പിന്നെ ഇന്നാനു കാണുന്നത്. ദില്ലിയിലോ മറ്റോ ആണ് അവളിപ്പോൾ താമസം. ചിരിക്കണൊ വേണ്ടയോ എന്നു സംശയിച്ചു. എന്നാൽ അവൾക്ക് വേഗം എന്നെ മനസ്സിലായി. അടുത്തു വന്നു.

കുശലം ചോദിച്ചു. ഭർത്താവും മകനും വന്നിട്ടില്ല. ഇന്നു വൈകിട്ടത്തെ ഫ്ലൈറ്റിനു മടങ്ങണം.

“ഒരു ദിവസം തറവാട്ടിൽ നിന്നു കൂടായിരുന്നോ?” വെറുതെ ചോദിച്ചു.

അവൾ വിളറിയ ഒരു ചിരി ചിരിച്ചു.

“ദില്ലി മറ്റൊരു ലോകമാണ്..... അവിടെ നിലനിൽക്കണമെങ്കിൽ നാളെ ഷാർപ്പ് ടെൻ ഒ ക്ലോക്കിന് ഞാനവിടെ ഉണ്ടാവണം.....”

കുസൃതി നിറഞ്ഞ ബാല്യം രണ്ടാളുടെയും മനസ്സിലൂടെ മിന്നൽ വേഗത്തിൽ കടന്നുപോയി.

കൂടുതൽ ഒന്നും പറയാനില്ലാത്തതുകൊണ്ട് തിരിഞ്ഞു നടക്കാനാഞ്ഞു. എന്തോ ആലോചിച്ചെന്നവണ്ണം ഒരു നിമിഷാർദ്ധം അവളുടെ കണ്ണിൽ ആ പഴയ കുസൃതിക്കാരി തിളങ്ങി. നുണക്കുഴി തെളിഞ്ഞു.

“ആ പഴയ പുലിനഖത്തിന്റെ കഥ ഓർമ്മയുണ്ടോ?” അവൾ ചോദിച്ചു.

ഉവ്വെന്നു പറയുമ്പോൾ ചെറിയൊരു ചമ്മൽ തോന്നി. പുലിനഖം കിട്ടില്ലെന്നറിഞ്ഞപ്പോൾ ഇവളെ കല്യാണം കഴിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച വേന്ദ്രനാണു ഞാൻ! അതി ബുദ്ധിമാൻ!

“അന്ന്... അന്നു തന്നെ, മുത്തശ്ശി അതെനിക്കു കെട്ടിത്തന്നിരുന്നു!“

“സത്യം?“ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ പുലിനഖം അരഞ്ഞാണത്തിൽ കെട്ടിയാണൊ ഇവൾ പത്താം ക്ലാസുവരെ എന്നോടൊപ്പം നടന്നത്...!

“സത്യം...!“ അവൾ പറഞ്ഞു.

എന്റെ ചമ്മൽ മെല്ലെ പുഞ്ചിരിയായി. അതുകണ്ടപ്പോൾ അവൾക്കും ചിരിവന്നു. മരണവീടെന്നോർക്കാതെ ഞങ്ങൾ പൊട്ടിച്ചിരിച്ചു.

Sunday, October 31, 2010

നാട്ടിൻ പുറത്തെ വാൻഗോഗ്.

ഒരു കഷണം ആഞ്ഞിലിത്തടി തുരന്ന് ചെറിയൊരു ചുണ്ടൻ വള്ളമുണ്ടാക്കി മകനു കൊടുക്കാനുള്ള തത്രപ്പാടിലായിരുന്നു അയാൾ. കഴിഞ്ഞ വള്ളംകളി മുതൽ മകൻ ആവശ്യപ്പെടുന്നതാണ് ഒരു കളിവള്ളം.

അപ്പോഴാണ് അനിയൻ കടന്നു വന്നത്. വലിയ ഉത്സാഹത്തിലായിരുന്നു അവൻ. പക്ഷേ അവനു പറയാനുള്ളതൊന്നും കേൾക്കാനുള്ള മൂഡിലായിരുന്നില്ല സുമേധൻ.

“ഏട്ടാ, അറിഞ്ഞോ....!?“എന്നു ചോദിച്ചപ്പോഴേക്കും അയാൾ പറഞ്ഞു. “ഇല്ല, അറിഞ്ഞില്ല. ഒന്നുമിപ്പോൾ
അറിയണമെന്നും ഇല്ല. പണിയെടുത്തുകൊണ്ടിരിക്കുന്നത് നിനക്കു കണ്ടുകൂടേ!?”

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നും ഇത്തവണ ഫ്ലക്സ് ബോർഡുകൾക്ക് നിരോധനമാണെന്നും പറയാനായിരുന്നു സുദീപൻ അവിടെയെത്തിയത്. എന്നാൽ അതുപറയാനൊരവസരം അയാൾ അവനു കൊടുത്തില്ല. സുമേധന്റെസ്വഭാവം നന്നായറിയാമെന്നതുകൊണ്ട് കൂടുതൽ വാദമുഖങ്ങൾക്കൊന്നും സുദീപൻ മുതിർന്നതുമില്ല.

ഏട്ടൻ ചുണ്ടൻ വള്ളമാണ് പണിഞ്ഞുകൊണ്ടിരിക്കുന്നതെന്നു കണ്ടപ്പോൾ അനിയൻ അതിശയിച്ചു. ഇനിയിപ്പോ കാക്ക മലർന്നു പറക്കുമോ! അവൻ അതിശയിച്ചു. ഉഴപ്പന്മാരുടെ രാജാവാണ് ചുണ്ടൻ വള്ളം പണിയുന്നത്!

ഏട്ടന്റെ കരവിരുത് സാകൂതം നോക്കിക്കൊണ്ട് അവൻ അരികത്തു നിന്നു. എത്ര അയത്നലളിതമായാണ് ആ വിരലുകൾ ആഞ്ഞിലിക്കഷണത്തിൽ ചലിച്ചുകൊണ്ടിരിക്കുന്നത്. താൻ അരികിൽ ഉണ്ടെന്നത് ആൾ വിസ്മരിച്ചു കഴിഞ്ഞിരിക്കുന്നു.

മകൻ അംഗനവാടിയിൽ നിന്നു വരുന്നതിനു മുൻപ് ചുണ്ടൻ വള്ളം പണിഞ്ഞു തീർക്കുകയാണ് ഏട്ടന്റെ ഉദ്ദേശം എന്ന് അവനു മനസ്സിലായി.

മണി മൂന്നരയായതോടെ രമണി കുട്ടിയുമായെത്തി. ഭർത്താവ് കൊത്തുപണിയുമായിരിക്കുന്നതുകണ്ട ഉടൻ അവൾ ചീറി.

“ഓ.... ഇനി മോനെ വള്ളത്തിലേറ്റി കായലിലേക്കു വിടാനായിരിക്കും ചുണ്ടൻ വള്ളം.”

സുമേധൻ പ്രതികരിച്ചില്ല. അയാൾ വള്ളം മിനുക്കിക്കൊണ്ടിരുന്നു. തന്റെ സ്വപ്നമായ കളിപ്പാട്ടം അച്ഛന്റെ കൈകളിൽ കണ്ടപ്പോൾ മകൻ തുള്ളിച്ചാടി അയാൾക്കരികിലെത്തി. രമണി ക്രുദ്ധയായി പാഞ്ഞുവന്ന് അവനെ വലിച്ചിഴച്ചുകൊണ്ടുപോയി.

സുദീപൻ ആകെ വിഷമത്തിലായി. വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഏട്ടന്റെയുള്ളിലെ കലാകാരനെ മനസ്സിലാക്കാൻ ഭാര്യയ്ക്കുകഴിഞ്ഞില്ല. അലസനായ ചിത്രകാരന്റെ ഭാര്യ എന്നതിനേക്കാൾ നിത്യവൃത്തിക്കുമുട്ടില്ലാത്ത ബാനറെഴുത്തുകാരന്റെ വീട്ടുകാരി എന്ന നിലയിൽ ജീവിക്കാനായിരുന്നു രമണിക്കു താല്പര്യം.

ഇനിയിവിടെ നിന്നാൽ ഒരു ശണ്ഠയ്ക്കു സാക്ഷ്യം വഹിക്കേണ്ടി വരും.

അവൻ ചേട്ടനെ വിളിച്ചെഴുനേൽപ്പിച്ചു. പുറത്തേക്കു കൂണ്ടുപോയി.

“അമ്മ കാണണമെന്നു പറയുന്നു.” കള്ളം പറഞ്ഞു.

അവർ പുറത്തേക്കിറങ്ങി.

സുമേധൻ തിരിച്ചുവന്നപ്പോൾ മകൻ ഏങ്ങിക്കരഞ്ഞുകൊണ്ടിരിക്കുന്നു.

രമണി ആ ചുണ്ടൻ വള്ളം കൊത്തിനുറുക്കി അടുപ്പിൽ വിറകാക്കിയത്രെ!

ഇപ്പോൾ ഇടയ്ക്കു കയറാൻ സുദീപനില്ല.

ഇരച്ചുകയറിയ കലിയിൽ സുമേധൻ സ്വയം മറന്നു. നെറ്റിയിൽ നിന്നും കടവായിൽ നിന്നും രക്തമൊലിപ്പിച്ച് രമണി നിലത്തു വീണു.

പിറ്റേന്നു രാവിലെഅവിടെ അടുക്കള പുകഞ്ഞില്ല. രമണി വെളുപ്പാൻ കാലത്തെ ആദ്യ വണ്ടിക്കു തന്നെ ആവീടു വിട്ടുപോയിരുന്നു. സുദീപൻ വന്ന് കുട്ടിയെ തറവാട്ടിലേക്കു കൊണ്ടുപോയി.

തറവാട്ടിലിപ്പോൾ അച്ഛനും അമ്മയ്ക്കുമൊപ്പം ഉള്ളത് സുദീപനാണ്. കല്യാണശേഷമാണ് സുമേധൻ മാറിത്താമസിക്കാൻ തുടങ്ങിയത്.സുദീപന് ഓർമ്മയുള്ളകാലം മുതൽ സ്കൂളിലെന്നും ആരാധിക്കപ്പെട്ട ചിത്രകാരനായിരുന്നു അവന്റെ ജ്യേഷ്ഠൻ.

ആദ്യകാലത്ത് കട്ടിപ്പെയിന്റിൽ കടുംവർണങ്ങൾ ചാലിച്ച്, വ്യക്തമായ വരകളോടെ യഥാർത്ഥജീവീതത്തിൽ നിന്നുള്ള ചിത്രങ്ങൾ വരച്ചിരുന്നു സുമേധൻ.

പിന്നീടെപ്പോഴൊ പ്രകൃതിയിലെ ജ്യാമിതിയിലായി അയാളുടെ ശ്രദ്ധ. പൂവിലും കായിലും, ഒച്ചിലും ഞണ്ടിലും, പുരയുടെ മേൽക്കൂരയിലും ഒക്കെ നോക്കി മണിക്കൂറുകൾ ചെലവഴിക്കുക പതിവായി.

പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രി ഒരുവിധം പാസായപ്പോൾ ഫൈൻ ആർട്ട്സ് കോളേജിൽ ചേരാനായിരുന്നു സുമേധനു താല്പര്യം. എന്നാൽ അച്ഛൻ സമ്മതിച്ചില്ല. ഊശാന്താടിയും കഞ്ചാവുമായി നടന്ന് വീടിനും നാടിനും കൊള്ളാത്തവനാക്കാൻ തനിക്ക് മക്കളില്ലെന്ന് അച്ഛൻ പ്രഖ്യാപിച്ചു. അമ്മയും അനിയനും എത്ര നിർബന്ധിച്ചിട്ടും അച്ഛൻ വഴങ്ങിയില്ല.

രണ്ടുകൊല്ലം മറ്റൊരു കോഴ്സിനും ചേരാതെ വെറുതേ പോയി.

അച്ഛനും ഏട്ടനും തമ്മിലുള്ള സ്പർദ്ധ വർദ്ധിച്ചുവന്നു. മനസ്സുകൊണ്ട് ഏട്ടനൊപ്പമായിരുന്നു സുദീപൻ. അച്ഛന് കഴിവെന്നാൽ പരീക്ഷ പാസാകൽ മാത്രമാണ്.അനുകൂലമായ ഒരു പിൻതുണകിട്ടിയാൽ എവിടെയെത്തണ്ട ആളാണ് ഏട്ടൻ. പക്ഷെ അച്ഛനിപ്പോൾ മൂത്തമകനെ എങ്ങനെയെങ്കിലൂം ഒഴിവാക്കിയാൽ മതിയെന്നായി. അമ്മയ്ക്ക് ഒരുകാലത്തും സ്വന്തം അഭീപ്രായം എന്നൊന്നില്ല താനും.

അങ്ങനെയാണ് സുമേധൻ ബാംഗ്ലൂർക്ക് നാടുകടത്തപ്പെട്ടത്.പക്ഷേ ബാംഗ്ലൂർഅയാൾക്കിഷ്ടമായില്ല. തണുത്തു നരച്ച ശീലത്തുണിപോലെ ആകാശം അയാൾക്കു മീതെ കനംതൂങ്ങി നിന്നു. വെയിൽ, വെളിച്ചം, നീലാകാശം, നാട്ടിൻപുറം ഇതൊക്കെയായിരുന്നു അയാൾക്കിഷ്ടം.

അന്തരീക്ഷം കനം തൂങ്ങുന്നതോടെ മനസ്സും കനക്കും. പിന്നീടുള്ള യാമങ്ങൾ അസഹനീയമായ വ്യഥയാണ് സുമേധനു നൽകിയത്.ഒരു കൊല്ലത്തിനുള്ളിൽ അയാൾ ബാംഗ്ലൂരിനു വിട ചൊല്ലി. നാട്ടിലേക്കു മടങ്ങി.

നാട്ടുവെയിലും, കാറ്റും, വയൽപ്പരപ്പും അയാളെ ആഹ്ലാദവാനാക്കി. തന്റെ മകൻ ഇത്ര സന്തോഷവാനായി ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നോർത്തപ്പോൾ അമ്മ ഉള്ളുതുറന്നാഹ്ലാദിച്ചു.

അങ്ങനെയാണ് രമണിയെ പെണ്ണുകാണാൻ അവർ മകനെ നിർബന്ധിച്ചത്. അച്ഛനും സഹോദരങ്ങൾക്കും എതിർപ്പുണ്ടായില്ല..

ആദ്യമൊക്കെ ഭർത്താവ് ചിത്രം വരയ്ക്കുന്നത് രമണി നോക്കിയിരിക്കുമായിരുന്നു, വിശേഷിച്ചൊന്നും മനസ്സിലായില്ലെങ്കിലും. എന്നാൽ പിൽക്കാലത്ത് ഒരു ചിത്രവും സുമേധൻ മുഴുമിക്കാതെയായി. മുക്കാൽ പങ്ക് വരച്ചു തീർത്ത നിരവധി ചിത്രങ്ങൾ അയാളുടെ മുറിയിൽ അട്ടിയായി.അഥവാ ഒരുചിത്രം മുഴുമിച്ചാൽ അത് ആർക്കെങ്കിലും സ്നേഹപൂർവം സമ്മാനിക്കും. മറ്റു ചിലരോട് ചിത്രം നൽകാമെന്നു വാഗ്ദാനം നൽകിയാലും വരച്ചു നൽകുകയുമില്ല!

വേറേ പണിയൊന്നും ചെയ്യാൻ അയാൾക്കറിയില്ല എന്നതിനാൽ പണത്തിനു നന്നേ ഞെരുക്കമായി.

അതിനിടെ കോളേജുവിദ്യാർത്ഥിയായിക്കഴിഞ്ഞിരുന്ന സുദീപൻ വളരെ കഷ്ടപ്പെട്ട് ഒരുചിത്രപ്രദർശനം സംഘടിപ്പിച്ചു. അതിൽ വിറ്റുപോയത് രണ്ടേ രണ്ടു ചിത്രങ്ങളാണ്. ആ പൈസയുമായി വരുന്ന വഴിക്കാണ് പണിക്കരുമാഷുടെ ഭാര്യ ആക്സിഡന്റിൽ പെട്ടുറോഡിൽ കിടക്കുന്നത് കണ്ടത്. അനിയൻ നോക്കി നിൽക്കേ സുമേധൻ കാറു വിളിച്ച്നാട്ടുകാരുമായി മെഡിക്കൽ കോളേജിലേക്കു പാഞ്ഞു. പിറ്റേന്നാണ് തിരിച്ചുവന്നത്.

കാറുകൂലിയും, സ്കാനിംഗും മരുന്നുകൂട്ടവുമൊക്കെയായി കീശ കാലി.

ചിത്രപ്രദർശനം വഴി വീട്ടിലെത്തിയത് കുഞ്ഞുമകനുള്ള ഒരു മിഠായിപ്പൊതി മാത്രം.

രമണി പൊട്ടിത്തെറിച്ചു. കാശിനു കൊള്ളരുതാത്ത ഒരുത്തന്റെ കൂടെ ജീവിതകാലം മുഴുവൻ പൊറുത്തോളാം എന്നാർക്കും വാക്കൊന്നും കൊടുത്തില്ലെന്ന് അവൾ അലറി.

അങ്ങനെയാണ് അയാൾ ബാനർ എഴുതാൻ തുടങ്ങിയത്. ഒക്കെ അനിയൻ സംഘടിപ്പിച്ചുകൊണ്ടുവരുന്ന ഓർഡറുകൾ. അത്യാവശ്യം വീട്ടുചെലവുകൾക്ക് മുട്ടില്ല എന്നായി.

എന്നാൽ ആആശ്വാസം അധികം നീണ്ടുനിന്നില്ല. നാട്ടിൽ ഫ്ലക്സ് വിപ്ലവം വന്നത്അക്കാലത്തായിരുന്നു. രാഷ്ട്രീയപ്പാർട്ടികളുൾപ്പടെ സകലരും ഫ്ളക്സിലേക്ക് കാലുമാറി.

സൌജന്യമായി ബാനർ എഴുതാം എന്നുവച്ചാലും ആർക്കും വേണ്ട. അതൊക്കെ വലിയ താമസമുള്ള ഏർപ്പാടാണത്രെ! രണ്ടു മണിക്കൂർ കൊണ്ട് കിട്ടുന്ന ഫ്ളക്സിനു പകരം രണ്ടുദിവസം കാത്തിരിക്കാൻ ആർക്കും സമയമില്ല.

ജീവിതം വഴിമുട്ടി.

പരീക്ഷകൾ എന്നും അയാൾക്ക് പേടിസ്വപ്നമായിരുന്നു. സ്കൂളിലും ജീവിതത്തിലും.

കുട്ടിക്കാലം അവസാനിച്ചുപോയതോർത്ത് അയാൾ ദു:ഖിച്ചു. ഭാമയുടെ മുഖം മനസ്സിൽ തെളിഞ്ഞു.

അന്നൊക്കെ പുസ്തകം തുറന്നാൽ അതിലെ ആദ്യവരി വായിക്കുമ്പോഴേയ്ക്കും സുമേധന്റെ മനസ്സിൽ നൂറായിരം വർണങ്ങൾ വിരിയും. കണക്ക് പരീക്ഷയുടെ തലേന്നാണ് വർണചിത്രങ്ങളുടെ ജ്യാമിതി ഒരു കാലിഡോസ്കോപ്പിലെന്നപോലെ തലയിൽ നിറഞ്ഞത്. രാവുമുഴുവൻ ശ്രമിച്ചെങ്കിലും അതിൽ പകുതിപോലും അവന് കടലാസിലേക്ക് ആവാഹിക്കാൻകഴിഞ്ഞില്ല.

പിറ്റേന്നു രാവിലെ സ്കൂളിലെത്തിയപ്പോൾ അവൻ ഭാമയെ പിടിച്ചു വലിച്ച് വരാന്തയുടെ ഒഴിഞ്ഞ മൂലയിലേക്കോടി. തന്റെ നോട്ടുപുസ്തകം നിറയെ വരഞ്ഞിട്ട ചിത്രങ്ങൾ അവളെ കാണിച്ചു. സുമേധന്റെ ചിത്രങ്ങളിൽ അവൻ പോലുംകാണാതിരുന്ന ജ്യാമിതീയപൂർണതയുടെ അനായാസതയിൽ അവൾ വിസ്മയം കൊണ്ടു.

അവൾക്ക് വരയ്ക്കാനറിയില്ലായിരുന്നു. പക്ഷേ അവൻ വരഞ്ഞ ഓരോ ചിത്രവും അവളുടെ കണ്ണുംകരളും തലച്ചോറും കീഴടക്കി.പെട്ടെന്നുണ്ടായ ആവേഗത്തിൽ അവൾ സുമേധനെചുംബിച്ചു. ചുംബനങ്ങളുടെ ആവേശം അവൻ ഏറ്റെടുത്തു. കണക്കു പരീക്ഷ തൊട്ടടുത്ത ഹാളിൽ നടക്കുമ്പോൾ അവർ ജ്യാമിതീയനിയമങ്ങളുടെ ഉടലഴകുകൾ പരസ്പരം അറിഞ്ഞു.

ക്ലാസ് ഫസ്റ്റായിരുന്നു,ഭാമ. ആ ഓണപ്പരീക്ഷയോടെ അവളുടെ പഠനഗ്രാഫ് ക്രമേണ താഴ്ന്നു. സുമേധന്റെചിത്രങ്ങൾ വർണനാഗങ്ങളുടെ ഫണം വിടർത്തിയാടി. വയലിറമ്പിലെകൈതക്കൂട്ടങ്ങൾക്കിടയിലും, സർപ്പക്കാവിലെ നാഗത്തറയിലുമൊക്കെ വർണം വിതറി ജ്യാമിതിപുഷ്പങ്ങൾ വിരിഞ്ഞു.

അവളാണ് അവന്റെ ഓരോ ചിത്രത്തിനും വ്യാഖ്യാനങ്ങൾ ചമച്ചത്. ഓരോ ചിത്രത്തിലും അവൾ തന്നെത്തന്നെ കണ്ടെത്തി.

പലപ്പോഴും അവൻ ചോദിക്കുമായിരുന്നു “എങ്ങനെയാണ് ഭാമേ നീയീ ചിത്രങ്ങൾ വ്യാഖ്യാനിക്കുന്നത്? ഞാൻ കാണാത്ത, സങ്കല്പിച്ചിട്ടുകൂടിയില്ലാത്ത അർത്ഥതലങ്ങൾ.....”

അവളുടെ വ്യാഖ്യാനങ്ങളുടെ നറുനിലാവിൽ അവൻ തന്റെ സങ്കേതങ്ങൾ വിപുലപ്പെടുത്തി. കലോത്സവങ്ങളിൽ സുമേധൻ പുരസ്കാരങ്ങൾ വാരിക്കൂട്ടി.

പക്ഷേ പിന്നീട്ആര് ആരിൽ നിന്നാണകന്നത് എന്നറിയില്ല. പ്രീഡിഗ്രിക്കാലത്തു തന്നെഭാമയുമായുള്ള സൌഹൃദം ഇല്ലാതായിക്കഴിഞ്ഞിരുന്നു. സുമേധൻ എല്ലാവരിൽ നിന്നും ഉൾ വലിഞ്ഞു.

വർഷങ്ങൾക്കിപ്പുറം ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ അയാൾക്ക് സ്കൂൾ ദിനങ്ങളിലേക്ക് മടങ്ങാൻ അദമ്യമായ ഉൾവിളി തോന്നി.

സുദീപനോട് ഭാമയെക്കുറിച്ചു ചോദിച്ചു.

അവളിപ്പോൾ കുറച്ചു ദൂരെയാണ് താമസം എന്നും, വിവാഹം കഴിച്ചെന്നും എന്നാൽ അവളെക്കുറിച്ച് നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായമൊന്നും അല്ലെന്നും അവൻ വിവരിച്ചു.

അനിയൻ പറഞ്ഞ വിവരങ്ങൾ വച്ച് വീട് പെട്ടെന്നു തന്നെ കണ്ടു പിടിച്ചു. ഒരു കൂറ്റൻ ബംഗ്ലാവ്.

അന്നു വൈകുന്നേരം ഭാമയ്ക്കരികിലിരിക്കുമ്പോൾ സുമേധൻനിശ്ശബ്ദനായിരുന്നു. വർണ്ണക്കൂട്ടുകളുടെ ജ്യാമിതീയരാശികളിൽ മുഴുകി സ്വയംമറന്നിരിക്കുകയായിരുന്നു അയാൾ. അവളാവട്ടെ തൊങ്ങലുകളുള്ള ഒരു ഒഴുക്കൻകുപ്പായം മാത്രം ധരിച്ച് നിലക്കണ്ണാടിക്കു മുന്നിൽ അലസം ഇരുന്നു. മിണ്ടാതെ മിണ്ടിയിരുന്ന മിനിട്ടുകൾക്കൊടുവിൽ സുമേധൻ എഴുന്നേറ്റു. തന്റെസഞ്ചിക്കുള്ളിൽ നിന്ന് ഒരു ബ്രഷും ചായക്കൂട്ടും പുറത്തെടുത്തു.

പാതിരാവാകുവോളം ക്യാൻവാസിൽ അവളുടെ ഉടലഴകിന്റെ ജ്യാമിതിയിൽ ചിത്രങ്ങൾ തീർത്തു, അയാൾ.

ധനികനായൊരു വൃദ്ധന്റെ ഭാര്യാപദം സ്വീകരിക്കാൻ അവളെ പ്രേരിപ്പിച്ചത് നിറയെ പെയിന്റിംഗുകളുള്ളവിശാലമായ ആ വീടായിരുന്നു.......ഭർത്താവു മരിച്ചശേഷം അവൾ എന്നും ആ വീടിനുള്ളിൽ തന്നെയായിരുന്നു. പുറത്തധികം ഇറങ്ങാതെ പെയിന്റിംഗുകളിൽ തന്റെ മുഖം പരതി രാപ്പകലുകൾ.....

“ഞാനെന്തേ ഇങ്ങനെയായത്!?” അവൾ തന്നത്താനേ ചോദിച്ചു.

അയാൾ മറുപടിയൊന്നും പറഞ്ഞില്ല. സുമേധന്റെ മൌനം പൊളിക്കാൻ വേണ്ടി അവൾ ചോദിച്ചു.

“ഇത്രയും നേരം മോഡൽ ആയി ഇരുന്നു തന്നതിന് എനിക്കെന്തു പകരം തരും, നീ?” അവൾ ചോദിച്ചു.

“എന്തുവേണം നിനക്ക്?”

"നിന്റെയീ റോമൻ നോസ് !“ അവന്റെ നീണ്ട മൂക്കിന്റെ പാലത്തിൽ തട്ടി അവൾ പറഞ്ഞു.

“തരുമോ..? നിന്റെ മൂക്ക്...!?” അവൾ ചോദ്യം ആവർത്തിച്ചു.

സുമേധൻ എഴുന്നേറ്റു. തന്റെ മൂക്കിൻ തുമ്പ് അവളുടെ ചുണ്ടിൽ തൊടുവിച്ചു പറഞ്ഞു. “കടിച്ചെടുത്തോ....!“

എന്നാൽ അയാളെ അമ്പരപ്പിക്കുമാറ് അവൾ പിന്നിലേക്കു മാറി.

“കടിച്ചെടുക്കാൻ ഞാനെന്താ വല്ല നായയോ മറ്റോ ആണോ? നിനക്കു ചുണയുണ്ടെങ്കിൽ നിന്റെ മൂക്ക് എനിക്കു മുറിച്ചു താ!“

കൂർത്ത കൺമുനകളെയ്തുകൊണ്ട് അവൾ പറഞ്ഞു. അവളുടെ കണ്ണുകളിലെ കുസൃതി പക്ഷേ, അയാൾക്കൊരു വെല്ലുവിളിയായാണ് അനുഭവപ്പെട്ടത്.

ചുറ്റും പരതിയ,സുമേധന്റെ കണ്ണുകൾ, മേശപ്പുറത്തിരുന്ന കറിക്കത്തിയിലുടക്കി. ഒരുനിമിഷാർദ്ധത്തിൽ അയാളുടെ കയ്യിലിരുന്ന് അതിന്റെ വായ്ത്തല തിളങ്ങി. അടുത്തനിമിഷം അവളുടെ മുഖത്തേക്ക് ചോര തെറിച്ചു.

മൂക്ക് അറ്റു തൂങ്ങി.ചോര കുടുകുടെ ഒഴുകാൻ തുടങ്ങി. കളി കാര്യമായതോടെ ഭാമ വിയർത്തു. എന്തുചെയ്യണം എന്നറിയാതെ അവൾ പകച്ചു. ഒടുവിൽ അയാളുടെ മൊബൈലിൽ നിന്ന് അവൾ സുദീപന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു.

ആ വാർത്ത കേട്ടപ്പോൾ ഗണികയ്ക്ക് സ്വന്തം ചെവിയറുത്തു സമ്മാനിച്ച വിൻസെന്റ് വാൻ ഗോഗിനെ ഓർത്തു, സുദീപൻ. സ്വയം ഒരു വാൻ ഗോഗാകാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണോ തന്റെ ഏട്ടൻ?

സംഭവം കേട്ടപാടേ, രമണി തറവാട്ടിലെത്തി മകനെ പിടിച്ചു വലിച്ചുകൊണ്ടുപോയി. അച്ഛനുമമ്മയ്ക്കും മുന്നിൽ വച്ച് സുമേധൻ കെട്ടിയ താലിച്ചരട് പൊട്ടിച്ച് നിലത്തെറിഞ്ഞു.

“കണ്ട തേവിടിശ്ശിമാര് മൂക്കു ചെത്തിവിട്ടവന്റെ കൂടെ ഇനി എന്റെ പട്ടി പൊറുക്കും!“ എന്നലറി അവൾ കാർക്കിച്ചു തുപ്പി.

അമ്മ മരവിച്ചു നിന്നു. അച്ഛന്റെ മുഖത്ത് പുച്ഛഭാവം.മകൻ ഇപ്പോഴും തന്റെ ശത്രു എന്ന മട്ട്.

ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിനു മുന്നിലിരിക്കുമ്പോൾ സുദീപന്റെ മനം നിറയെ കുട്ടിക്കാലമായിരുന്നു.
എത്ര മിടുക്കനായിരുന്നുഏട്ടൻ. തന്റെ ബാല്യം നിറയെ കടുത്ത വർണക്കൂട്ടുകളുള്ള ചിത്രങ്ങൾ കൊണ്ടുനിറച്ച്, കളിപ്പാട്ടങ്ങളുടെ ധാരാളിത്തത്തിൽ മുക്കി തനിക്കു മുന്നിൽ എന്നും ഉണ്ടായിരുന്നവൻ......

പൂക്കൾ നുള്ളിയെടുക്കുന്നത്ഏട്ടന് ഇഷ്ടമല്ലായിരുന്നു. അത് ചെടികളിൽ നിൽക്കുന്നത് നോക്കിനിന്നാസ്വദിക്കാനായിരുന്നു ഇഷ്ടം. എന്നിട്ട് വീട്ടിൽ വന്ന് അതൊക്കെ അതേ പടിവരച്ചു തരും! അതിലോരോന്നിലും ഉള്ള ഇതളുകളും അവയുടെ അടുക്കുകളുടെ രീതിയും പറഞ്ഞു തരും.ആമ്പൽ,താമര ഡാലിയ, സീനിയ,നിത്യകല്യാണി എന്നിവ മുതൽ മാവിന്റെയും കശുമാവിന്റെയും പൂങ്കുലകൾ വരെ എങ്ങനെയാണ് പ്രകൃതി ക്രമീകരിച്ചിരിക്കുന്നതെന്നു കാട്ടിത്തരും.

പൂക്കളുടെ വിന്യാസക്രമത്തിൽ തുടങ്ങി ശരീരവും കടന്ന് മനസ്സിന്റെ വർണങ്ങളുടെ ജ്യാമിതിയിലലയാൻ തുടങ്ങിയപ്പോഴാണ് സുമേധൻ ഭാമയിൽ നിന്നകന്നത്. ശരീരം അവനെ മോഹിപ്പിക്കാതെയായി.

ഐ.സി.യു.വിൽ നിന്ന് മുറിയിലേക്കു മാറ്റിയപ്പോൾ കട്ടിലിനരികിൽ അനിയൻ ഇരുന്നു.

അർദ്ധബോധാവസ്ഥയിൽ കണ്ണുകൾ കനം തൂങ്ങി നിൽക്കെ അയാൾ പിറുപിറുത്തു.

“എ...ന്റെ ...മോനെവിടെ.....? ബാനർ എഴുതാൻ തുണിയെവിടെ?”

ഫ്ലക്സ് ബോർഡ് നിരോധനം കോടതി നീക്കിയ വാർത്ത ആശുപത്രിമുറിയിലെ ടി.വി.യിൽ സ്ക്രോൾ ചെയ്തു പോയത് നിർവികാരതയോടെ സുദീപൻ ഓർത്തു.

ഏട്ടനെ മനസ്സിലാവുന്നത് ഒരു പക്ഷെ, തനിക്കു മാത്രമാണെന്ന് സുദീപൻ തിരിച്ചറിഞ്ഞു. അതെ,വാൻ ഗോഗിന്റെ അനിയനെപ്പോലെ!

മകനെ ജീവനാണ് സുമേധന്. അവനുവേണ്ടി രമണിയുടെ പരുഷവാക്കുകൾ ഇനിയും കേൾക്കാൻ അയാൾ തയ്യാറാണ്. ബാനർ എഴുതിയായാലും ജീവിക്കാൻ അയാൾ ആഗ്രഹിക്കുന്നത് അവനുവേണ്ടിയാണ്.പക്ഷേ, അവൾ......

ബോധം വീണപ്പോൾ സുമേധൻ കണ്ണുകൾ കൊണ്ട് ചുറ്റും പരതി. മേൽക്കൂരയുടെ നരച്ച വെള്ള.......അവിടെ വർത്തുളച്ചുഴികൾ തീർത്ത് കരിനാഗഫണങ്ങൾ..... അവ നീണ്ടു വന്ന് തന്റെ കഴുത്തിൽ ചുറ്റി മുഖത്തേക്കു ചീറ്റിയാടി തിമിർക്കുന്നു.... അകലെയെങ്ങോ ഒരു കുഞ്ഞു നിലവിളി...... തന്റെ മകനാണ്..... അവൻ ഏതോ പാതാളച്ചുഴിയിലേക്കാണ്ടു പോയോ?

അയാളുടെ കണ്ണുകൾ വീണ്ടുമടഞ്ഞു.

കടും വർണങ്ങളുടെ നീരാഴികൾ.....കരിനാഗങ്ങൾ സ്വർണനാഗങ്ങളായി......അവ ഒന്നാകെ ചുറ്റിപ്പിണഞ്ഞ് ഉയർന്നു പൊന്തുന്നു; താണു മുങ്ങുന്നു.

സുമേധൻ വീണ്ടും ഏതോ നിലയറിയാച്ചുഴികളിൽ മുങ്ങിപ്പൊങ്ങിക്കൊണ്ടേയിരുന്നു.

അനിയൻ ഏട്ടന്റെ കൈ തലോടിക്കൊണ്ടിരുന്നു.

Saturday, October 16, 2010

സദ്ദാമിന്റെ രാസായുധങ്ങൾ!!!!

ഒരു കള്ളപ്പൂച്ചയുടെ പദചലനങ്ങളോടെ പെന്റഗൺ ഒച്ചയുണ്ടാക്കാതെ വാതിൽപ്പാളി തുറന്നു നോക്കി.

ഭാഗ്യം, സദ്ദാം നല്ല ഉറക്കത്തിലാണ്. ഇനി കൃത്യം നാല്പതു മിനിറ്റുകഴിഞ്ഞാൽ സ്വിച്ചിട്ടപോലെ ആൾ എണീക്കും.
അതിനു മുൻപ് ഓപ്പറേഷൻ നടന്നിരിക്കണം.

തലയിണ കട്ടിൽ തലക്കൽ ഉയർത്തി വച്ച് വലതു കൈ തലയ്ക്കു കീഴേ താങ്ങായി വച്ച് ഫഗവാൻ വിഷ്ണു പാമ്പിന്റെ മുകളിൽ കിടക്കുന്നതു പോലെ ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ ശാന്തനായി, ഗാഢ നിദ്രയിലാണ് സദ്ദാം.

കരിവീട്ടിയിൽ കടഞ്ഞെടുത്തപോലെയുള്ള ദേഹം. ഉറച്ച മസിലുകൾ. പങ്കായം പോലെ നീണ്ട കയ്യുകൾ.

കറുകറുത്ത കട്ടിമീശ. തൂവെള്ളപ്പല്ലുകൾ!

കാരിച്ചാൽകാരനാണ് ആൾ.

ചുണ്ടൻ വള്ളത്തിനു പങ്കായമെറിഞ്ഞിട്ടുള്ളയാൾ.

പ്രീ ഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞ് രണ്ടുകൊല്ലം ട്യൂട്ടോറിയൽ അധ്യാപനവും നിർവഹിച്ച ശേഷമാണ് എൻട്രൻസ് എഴുതി ആൾ ഇവിടെയെത്തിയത്. അതുകൊണ്ടുതന്നെ പ്രായത്തെ ബഹുമാനിച്ച് ആദ്യമൊക്കെ പയ്യന്മാർ അതിയാനെ ‘മാഷ്’ എന്നാണു വിളിച്ചിരുന്നത്.

അങ്ങനെയിരിക്കെയാണ് ഇറാക്ക്, കുവൈറ്റ് യുദ്ധം തുടങ്ങിയത്.

കാലഘട്ടം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്.

പത്രങ്ങളിലും ടി.വി.യിലും ഒക്കെ ‘ഗൾഫ് യുദ്ധ’ത്തെക്കുറിച്ചുള്ള വാർത്തകൾ. സി.എൻ.എൻ എന്ന ചാനലിന്റെ ഉദയം. ലൈവ് കവറേജ്. മൊത്തത്തിൽ ഹോസ്റ്റൽ വാസികൾ ഉഷാറായി.

രാവിലെ പത്രം വായന തകൃതിയായി നടക്കുന്നതിനിടെ സദ്ദാമിനെതിരെ പ്രസ്താവന നടത്തിയ പെന്റഗണിനെതിരെ സദ്ദാം പ്രേമിയായ ജിജീഷ്.

“ഹും.... പെന്റഗൺ എന്നെങ്ങാണ്ടൊരു @#$^# മോൻ പറഞ്ഞേക്കുന്നത് നോക്ക്! അവൻ സദ്ദാമിനെ അങ്ങ് ഒലത്തിക്കളയുമെന്ന്! സദ്ദാമിന്റെ രോമത്തേ തൊടാൻ എവനൊക്കെ ആവുമോ!?”

“അമേരിക്കൻ സേനയ്ക്കെതിരെ സദ്ദാം മിസൈൽ വിട്ടാൽ തിരിച്ചും മിസൈൽ വിടുമെന്ന് പെന്റഗൺ പ്രഖ്യാപിച്ചു” എന്നോ
“സദ്ദാം സ്കഡ് വിട്ടാൽ തങ്ങൾ പാട്രിയട്ട് വിടും എന്ന് പെന്റഗൺ ഊന്നിപ്പറഞ്ഞു” എന്നോ മറ്റോ ആയിരുന്നു വാർത്ത.

അതിനെതിരെയായിരുന്നു ജിജീഷിന്റെ രോഷം.

പെന്റഗൺ എന്നത് ഏതോ അമേരിക്കക്കാരന്റെ പേരാണ് എന്നായിരുന്നു അവൻ ധരിച്ചുപോയത്.

പെന്റഗണിനെതിരെയുള്ള ജിജീഷിന്റെ കമന്റ് കേട്ട് മാഷ് പൊട്ടിച്ചിരിച്ചു. ഇത്തരം മരമണ്ടന്മാർ ആയുർവേദ കോളേജ് ഹോസ്റ്റലിലും ഉണ്ടല്ലോ എന്ന് പറഞ്ഞ് മാഷും കൂട്ടുകാരും തലയറഞ്ഞു ചിരിച്ചു. അതോടെ പെന്റഗൺ എന്ന നാമധേയം ആ ഹതഭാഗ്യനു ലഭിക്കുകയും ചെയ്തു!

എന്തോ അബദ്ധം തനിക്കു പറ്റി എന്നു അവനു മനസ്സിലായി. മുൻപൊരിക്കൽ പെൺകുട്ടികൾക്കു മുന്നിൽ വച്ച് തനിക്ക് ‘പോപ്പിൻസ്’ മിട്ടായി സമ്മാനിച്ച് നാണം കെടുത്തിയ ആളാണ് മാഷ്.

അതിനു പകരമായി ഹോസ്റ്റലിലെ ‘അസ്ഥാന’ കഥാപ്രാസംഗികൻ കുട്ടനാടനുമൊത്ത് “അയ്യോ അതെന്റെ മോളല്ലേ!?” എന്ന കഥാപ്രസംഗം അവതരിപ്പിച്ചാണ് ലണ്ണൻ പകരം വീട്ടിയത്. കാഥികൻ കുട്ടനാടനായിരുന്നെങ്കിലും കുരുട്ടുബുദ്ധി ജിജീഷിന്റെയായിരുന്നു.

ക്യാമ്പസിന്റെ ‘മദയാന’യും ‘അഴകിയ രാവണി’യും ഒക്കെയായിരുന്നു, കാഥികൻ വീയപുരം വിജയന്റെ യമണ്ടൻ പുത്രി ഷൈല വിജയൻ. അവൾക്കാണെങ്കിൽ മാഷിനെ കാണുമ്പോഴെ ഒരു വല്ലാത്ത കിരുകിരുപ്പാണെന്ന് പെൺകുട്ടികൾക്കിടയിൽ പോലും ഒരു കിം വദന്തിയുണ്ട്. അതു മുതലെടുത്താണ് കഥാപ്രസംഗം മെനഞ്ഞെടുത്തത്.

ഒരു പ്രശസ്തകാഥികൻ കഥ പറയുന്ന രീതിയിലായിരുന്നു കുട്ടനാടനും ജിജീഷും കൂടി കഥാപ്രസംഗം അവതരിപ്പിച്ചത്. ഗാഢപ്രണയത്തിലായ യുവ മിഥുനങ്ങളുടെ കഥ.

കഥയുടെ അവസാനഘട്ടത്തിൽ “അതാ നോക്കൂ... പരസ്പരം പുണർന്നു നിൽക്കുന്ന ആ യുവമിഥുനങ്ങളെ നോക്കൂ....!”
എന്നു പറഞ്ഞ് കാഥികൻ കൈവിരൽ ചൂണ്ടി ഒരു നിമിഷം നിന്നു പോകുന്നു.

പിന്നെ കേൾക്കുന്നത് “അയ്യോ അതെന്റെ മോളല്ലേ!?” എന്ന കാഥികന്റെ ദീനവിലാപമാണ്!

കഥയുടെ ഒടുക്കമാണ് നായകൻ അടിച്ചുകൊണ്ടു പോയത് തന്റെ സ്വന്തം മകളാണെന്ന് കാഥികനു ബോധ്യപ്പെട്ടത്!!
അകമ്പടിയായി ക്ലാസിക് കൂവൽ!

വർണന മുഴുവൻ വീയപുരം വിജയനെയും, മകളെയും, തന്നെയും കുറിച്ചാണെന്നു മനസ്സിലായതോടെ മാഷ് സംഹാരരുദ്രനായി. കഥാപ്രസംഗം പറഞ്ഞ രണ്ടെണ്ണത്തിനെയും മുട്ടുകാലിൽ നടക്കാനനുവദിക്കില്ല എന്ന ഘോരപ്രഖ്യാപനമുണ്ടായി.

എന്നാൽ തന്റെ ആഗ്രഹം പൂർത്തീകരിച്ചതോടെ പിറ്റേ ദിവസം തന്നെ ജിജീഷ് നിർലജ്ജം മാഷിന്റെ കാൽക്കൽ വീണ് മാപ്പിരന്നു. പക്ഷേ കഥാപ്രസംഗവിവരം ചോർന്നതോടെ മദയാന മാഷിന്റെ പിന്നാലെയായി! ഒടുവിൽ വയ്യാവേലി ഒഴിവാക്കാൻ പെട്ട പാട് മാഷിനേ അറിയൂ!

ആ കലിപ്പ് മാഷിന് ഇപ്പോഴും മാറിയിട്ടില്ല എന്ന് ഇന്നത്തെ അട്ടഹാസത്തോടെ വ്യക്തമായി.

എന്നാലും തന്നെ പൊതുസ്ഥലത്തു വച്ച് കൊച്ചാക്കിയ ഇയാൾക്കിട്ട് എന്തെങ്കിലും ഒരു പണി കൊടുത്തേ പറ്റൂ. ജിജീഷ് പെന്റഗൺ ഉറപ്പിച്ചു.

കുവൈറ്റ് യുദ്ധം ഹോസ്റ്റലിലും രണ്ടു ചേരികൾ ഉണ്ടാക്കിയിരുന്നു. പ്രത്യേകിച്ച് ഒരു ചേരിയിലും ഇല്ലായിരുന്നെങ്കിലും മാഷിന് സദ്ദാം ഹുസൈനുമായുള്ള ‘മീശ സാദൃശ്യം’ അദ്ദേഹത്തെ ഹോസ്റ്റലിലെ സദ്ദാമായി വാഴിക്കുന്നതിലെത്തുകയായിരുന്നു.

അതിനു പിന്നിലെ ‘വെളുത്ത കരങ്ങൾ’ ജിജീഷിന്റെയായിരുന്നു. താൻ പെന്റഗൺ എങ്കിൽ തന്റെ ശത്രു സദ്ദാം തന്നെ!

എന്നാൽ ഔദ്യൊഗികമായി താൻ വാഴിക്കപ്പെട്ട കാര്യം ‘ഹോസ്റ്റൽ സദ്ദാം’ അറിഞ്ഞിരുന്നില്ല.

ഇറാക്കിലെ സദ്ദാം മാത്രമല്ല ഹോസ്റ്റലിലെ സദ്ദാമും ഹീറോ ആയി. കുട്ടികൾ ഒളിഞ്ഞും തെളിഞ്ഞും മാഷിനെ സദ്ദാം എന്നു വിളിക്കാൻ തുടങ്ങി.ആദ്യമൊക്കെ സദ്ദാം മാഷ് ആയിരുന്നെങ്കിൽ പിന്നീടത് സദ്ദാം എന്നു മാത്രമായി.

ഇൻ ഹരിഹർ നഗർ എന്ന സിനിമ ഇറങ്ങുകയും അതിൽ ജഗദീഷ് പറഞ്ഞ “കാക്ക തൂറി” എന്ന ഡയലോഗ് പ്രശസ്തമാവുകയും ചെയ്ത കാലം കൂടിയാണ് 1990.

ഹോസ്റ്റലിൽ, ചീറ്റിപ്പോകുന്ന വിറ്റുകൾ ഒക്കെയും ‘കാക്ക വിറ്റുകൾ’ എന്ന് നാമകരണം ചെയ്യപ്പെട്ടു. ഒരു തമാശ കേട്ടശേഷം ആരെങ്കിലും കാക്കവിറ്റ് എന്നു പറഞ്ഞാൽ പറഞ്ഞവൻ ചമ്മും. പിന്നീട് തമാശ വളിച്ചതാണെങ്കിൽ ആരെങ്കിലും ‘കാ... കാ....” എന്ന് ഒച്ചയുണ്ടാക്കാൻ തുടങ്ങി.

ഇതുകൂടാതെ കാക്ക വിറ്റ് അടിക്കുന്നവർക്കൊക്കെ മാഷിന്റെ അനുഗ്രഹം ഉടനടി ലഭിക്കാനും തുടങ്ങി. പങ്കായം പോലെ കരുത്തുറ്റ തന്റെ വലത്തു കൈ വിറ്റടിച്ച ഹതഭാഗ്യന്റെ നട്ടന്തലയിൽ പതിപ്പിക്കുന്നതാണ് ‘അനുഗ്രഹം’ എന്ന ചടങ്ങ്.

കാക്ക വിളിയും, അനുഗ്രഹവും ഒക്കെയുണ്ടെങ്കിലും വിറ്റടിക്കാൻ മുട്ടി നിൽക്കുന്നവർ തുടർന്നും മെസ്സ് ഹാളിൽ വന്ന് കാര്യം സാധിച്ച് അടുത്തനിമിഷം ഓടി മറയുന്നത് അവിടെ പതിവു കാഴ്ചയായി.

നൈസർഗികവും, പ്രവചനാതീതവുമായ ഉൾപ്രേരണകളുടെ തിരതള്ളലിൽ നിരന്തരം ചലം വിറ്റുകൾ അടിച്ചിരുന്ന പെന്റഗൺ ഇതോടെ പ്രതിസന്ധിയിലായി. തൊലിക്കട്ടിയുടെ ഗാംഭീര്യത്തിൽ കാക്കവിളി സഹിക്കാവുന്നതെയുള്ളു. എന്നാൽ സദ്ദാമിന്റെ ഉച്ചിക്കടി മർമ്മഭേദകം തന്നെ. നേരിട്ട് തിരിച്ചടിക്കാനുള്ള ശക്തി പെന്റഗണിന് ഇല്ല. തൽക്കാലം സഹിക്കുകയല്ലാതെ നോ രക്ഷ. നിവൃത്തിയില്ലാതെ പെന്റഗൺ മെസ്സ് ഹോലിലെ വിറ്റടി കുറച്ചു.

ഗൾഫ് യുദ്ധമൊക്കെ കഴിഞ്ഞു. ഇറാക്കിലെ സദ്ദാം പത്തി മടക്കി. മാർച്ച് മാസത്തോടെ കുവൈറ്റ് ശാന്തമായി.
പത്രങ്ങളുടെ ‘യുദ്ധക്കൊതി‘യും ഒട്ടൊന്നടങ്ങി.

ഏപ്രിൽ ഒന്ന് ആഗതമാവുകയാണ്. ജിജീഷ് പെന്റഗൺ ചിന്തയിലാണ്ടു. പ്രതികാരം ഒരു ജ്വാലയായി അവന്റെ ഉള്ളിൽ ആളിക്കത്തി.

ഉച്ചിക്കടികളുടെ പെരുപ്പ് ഇനിയും മാറിയിട്ടില്ല.

ദുർബലനായിരിക്കുമ്പോഴാണല്ലോ ശത്രുവിനെ ആക്രമിക്കാൻ പറ്റിയ സമയം. അതുകൊണ്ട് സദ്ദാമ്മിനെ പെന്റഗൺ നിരന്തരം വീക്ഷിക്കാൻ തുടങ്ങി. ശത്രു ദുർബലനാവുന്ന നേരം കണ്ടു പിടിച്ചേ പറ്റൂ. അതിനായി ഒരു ചാരനെ ഏർപ്പെടുത്തി. നേരിട്ട് സദ്ദാമിന്റെ മുറിയിലെത്താനുള്ള ആമ്പിയർ തനിക്കുണ്ടെന്ന അഹംഭാവമൊന്നും പെന്റഗണിനില്ല. അല്ലെങ്കിലും അമേരിക്ക സി.ഐ.എ.യെ വച്ചല്ലേ കളിക്കൂ!

ഞായറാഴ്ച ദിവസങ്ങളിലാണ് സദ്ദാം തന്റെ ലങ്കനുകൾ (ലങ്കൻ = അണ്ടർവെയർ) ഒന്നൊന്നായി കഴുകി അയയിൽ ഉണക്കാനിടുക എന്ന് അനുനയത്തിൽ മുട്ടിക്കൂടിയ ചാരൻ മനസ്സിലാക്കി.

ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിൽ ഉള്ള ലങ്കനുകൾ മാത്രമേ സദ്ദാം ഉപയോഗിക്കൂ. കാരണം അജ്ഞാതം.

അല്ലെങ്കിലും സദ്ദാമിനെപ്പോലെ തന്ത്രശാലിയായ ഒരു മനുഷ്യന്റെ തീരുമാനങ്ങൾക്കു പിന്നിലെ യഥാർത്ഥ ഉദ്ദേശമുണ്ടൊ സാധാരണക്കാരായ നമുക്കു മനസ്സിലാകുന്നു!?

ആകെ ആറു ലങ്കനുകൾ ആണ് സദ്ദാമിനുള്ളത്. ചുവപ്പ് മൂന്ന്; കറുപ്പു മൂന്ന്. ഒന്നുകൂടി ഉണ്ടായിരുന്നെങ്കിൽ ആഴ്ചയിൽ ഓരൊദിവസവും ഓരോന്ന് വച്ച് ഇടാമായിരുന്നല്ലോ എന്നൊരു സന്ദേഹം ചാരൻ പ്രകടിപ്പിച്ചു.

അപ്പോൾ കറുത്തകട്ടിമീശയ്ക്കു കീഴെ തൂവെള്ളപ്പല്ലുകൾ വിരിയിച്ച് സദ്ദാം പറഞ്ഞു

“ നോ..നൊനോ നോ! സൺ ഡേ, ഹോളിഡേ!!”

അലക്കു കഴിഞ്ഞാൽ പാന്റും ഷർട്ടുമൊക്കെ ടെറസിൽ ഉണക്കാനിടും. എന്നാൽ ലങ്കനുകൾ തന്റെ കട്ടിലിനു മീതെ കെട്ടിയ അയയിൽ ഒന്നൊന്നായി നിവർത്തിയിട്ട് ഫാൻ ഓൺ ചെയ്യുകയാണ് ചെയ്യുക.

തുടർന്ന് കുളി, ഭക്ഷണം.അതു കഴിഞ്ഞാണ് ഉറക്കം. മുറി അടക്കില്ല. വാതിൽ ചാരുകയേ ഉള്ളു.

സദ്ദാമിന്റെ ഉറക്കം പ്രത്യേക രീതിയിലാണ്. കട്ടിൽതലയ്ക്കൽ ഒരു തലയിണ ചാരിവച്ച് തലയ്ക്കു കീഴേ കൈവച്ച് അനന്തശയനം പോസിലേ ഉറങ്ങൂ. ഉച്ചയുറക്കത്തിന് കൃത്യമായ സമയ നിഷ്ഠയുമുണ്ട്. നാല്പതു മിനിറ്റ്. അതുകഴിഞ്ഞാൽ കൃത്യാമായി കൺ തുറക്കും. പോയി മുഖം കഴുകി മെസ്സ് ഹാളിലേക്ക്. അതാണ് ചിട്ട.

ഇത്രയും ഗ്രൌണ്ട് വർക്ക് ചെയ്തിട്ടാണ് പെന്റഗൺ സദ്ദാമിന്റെ വാതിൽ പാളി തുറന്നത്. ചാരൻ ഒപ്പമുണ്ട്.

സദ്ദാം കട്ടിലിനു മീതെ ലങ്കനുകൾ വിന്യസിച്ച് സുഖസുഷുപ്തിയിലാണ്. അനന്തശയനത്തിൽ സദ്ദാം കിടക്കുന്നതും നോക്കി പെന്റഗൺ നിന്നു.

ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈന് രാസായുധങ്ങൾ സ്വന്തമായി ഉണ്ടെന്നാണു കേൾവി.

ഹോസ്റ്റലിലെ സദ്ദാമിന്റെ രാസായുധങ്ങൾ ദാ തൂങ്ങിക്കിടക്കുന്നു!

ആ രാസായുധങ്ങൾ തട്ടിക്കൊണ്ടുപോവുകയാണുദ്ദേശം.

ആറെണ്ണവും തട്ടിയെടുക്കുകയും പിറ്റേന്ന് ഏപ്രിൽ ഫൂളാക്കാൻ ഹോസ്റ്റലിനു മുകളിലെ വാട്ടർ ടാങ്കിനു മേൽ പ്രദർശിപ്പിക്കുകയുമാണ് ലക്ഷ്യം. ‘സദ്ദാമിന്റെ രാസായുധങ്ങൾ’ എന്ന ബോർഡ് എഴുതിത്തയ്യാറാക്കി ടെറസിൽ ഒളിപ്പിച്ചു വച്ചു കഴിഞ്ഞു.

പെന്റഗണും ചാരനും മുറിയിൽ പ്രവേശിച്ചു. നിശ്ശബ്ദമായി ലങ്കനുകൾ അയയിൽ നിന്നെടുത്ത് സ്ഥലം വിടുക. അതാണുദ്ദേശം. സദ്ദാം ഉണരുന്നു എന്നു തോന്നിയാൽ ചാരന്റെ കയ്യിലുള്ള കറുത്ത കട്ടിത്തുണി കൊണ്ട് സദ്ദാമിന്റെ തല മൂടിക്കെട്ടുക. ഞൊടിയിടയിൽ ലങ്കനുകൾ കൈക്കലാക്കി തടിതപ്പുക. ഇതാണ് പ്ലാൻ.

എന്നാൽ ലങ്കൻ വാരൽ ചങ്കിടിപ്പ് ഇത്രകൂട്ടുന്ന കാര്യമാണെന്ന് പെന്റഗൻ മനസ്സിലാക്കിയിരുന്നില്ല. ആദ്യം തൊട്ട ലങ്കൻ തന്നെ കൈവിറമൂലം താഴെവീണു. അതും സദ്ദാമിന്റെ മുഖത്തു തന്നെ!

ഭയന്നുപോയ പെന്റഗണും ചാരനും അത് സദ്ദാമിന്റീ മുഖത്ത് അമർത്തിപ്പിടിച്ചു. എന്നിട്ട് കറുത്ത തുണി മുഖത്തിനു മീതെ മൂടിക്കെട്ടി!

പക്ഷേ പങ്കായക്കൈകളുടെ കരുത്തെന്തെന്ന് അടുത്ത നിമിഷം തന്നെ അവർ അറിഞ്ഞു. ചാടിയെണീറ്റ സദ്ദാം തലങ്ങും വിലങ്ങും ആഞ്ഞ് വീശി. പ്രഹരം സഹിക്കവയ്യാതെ രണ്ടാളും ഇറങ്ങിയോടി.

മുഖം മൂടിയിരുന്നതിനാൽ സദ്ദാമിന്റെ ഒച്ചയും അലർച്ചയും മറ്റുള്ളവർ കേട്ടില്ല. മുഖത്തെ കെട്ടഴിച്ച് സദ്ദാം ശ്വാസം
വിട്ടപ്പോഴേക്കും പെന്റഗണും ചാരനും ഹോസ്റ്റൽ വിട്ടുകഴിഞ്ഞിരുന്നു!

പിറ്റേന്നു രാവിലെ ‘സദ്ദാമിന്റെ രാസായുധങ്ങൾ’ എന്ന ബോർഡ് ടെറസിൽ നിന്നും കണ്ടെടുത്തതോടെ എല്ലാം എല്ലാവർക്കും ബോധ്യമായീ.

സദ്ദാമിന്റ രാസായുധങ്ങൾ കണ്ടെത്തുന്നതിൽ അമേരിക്ക പരാജയപ്പെടും എന്നതിന്റെ ദൃഷ്ടാന്തമായി ഈ കഥ ഇന്നും ഹോസ്റ്റലിലെ പഴമക്കാർ പറഞ്ഞു നടക്കുന്നു.

Monday, September 6, 2010

ബ്ലോഗറുടെ എൻ സെവന്റി !

രണ്ടര വർഷം മുൻപാണ് ബ്ലോഗർ നോക്കിയയുടെ ഒരു എൻ സെവന്റി സ്വന്തമാക്കിയത്. നല്ല സിൽവർ ബോഡി. മുന്നിലും പിന്നിലും ഓരോ ക്യാമറ. പാട്ടുകേൾക്കാം. ഫോട്ടോയെടുക്കാം, വീഡിയോ എടുക്കാം. നേരിൽ കണ്ടുസംസാരിക്കാൻ 3ജി സൌകര്യം.....ബ്ലോഗർ മുടിഞ്ഞ ജാഡയിലായിരുന്നു.

സത്യം സത്യമായി പറഞ്ഞാൽ ബ്ലോഗർ അന്ന് ബ്ലോഗർ ആയിട്ടില്ല. 2007 ൽ ‘ബ്ലോഗുലകത്തിന് ആശംസകൾ!’ എന്ന തലക്കെട്ടിൽ ഒരു ചെറുകുറിപ്പ് എഴുതി എന്നതൊഴിച്ചാൽ മറ്റൊന്നും ഇതിയാൻ ചെയ്തിട്ടില്ല. ഇന്റർനെറ്റിലെ ബ്ലോഗ് ലോകത്തെക്കുറിച്ച് പത്രത്തിൽ വായിച്ചറിഞ്ഞ ആവേശത്തിൽഎങ്ങനെയോ തപ്പിത്തടഞ്ഞ് മലയാളം പെറുക്കിപ്പെറുക്കി ടൈപ്പ് ചെയ്തതാണത്. എന്നാലും വല്യ പുലിയാന്നാ ഭാവം. വിശാലമനസ്കനെപ്പോലും പുല്ലുവില!

ആ ഇനത്തിന് ഇങ്ങനൊരു ഫോൺ കിട്ടിയാലത്തെ കഥ പറയേണ്ടതില്ലല്ലോ..... അതും ജർമ്മൻ മോഡൽ! അതുപയോഗിക്കാനുള്ള കിടുപിടികൾ മുഴുവനായി അറിയാത്തതിനാൽ ഒരു സുഹൃത്തിനെ സമീപിച്ചു. കുട്ടിക്കാലത്തേ ഇലക്ട്രോണിക്സ് ഗാഡ്ജറ്റ്സിൽ ആരോ കൈവിഷം ചേർത്തു കൊടുത്തതു കാരണം ഇമ്മാതിരി കുന്ത്രാണ്ടങ്ങളോട് വല്ലാത്തൊരഭിനിവേശമുള്ളയാളാണ് സുഹൃത്ത്. കയ്യിൽ ഒരു എൻ സെവന്റി ആദ്യമായി വന്നു ചേർന്നതാണെങ്കിലും ചിരപരിചയം ഉള്ളയാളെപ്പോലെ എടുത്തു പണിയാൻ തുടങ്ങി, കക്ഷി.

തിരിച്ചും മറിച്ചും നോക്കി. ചിന്തിയിലാണ്ടു.

“പക്ഷെ ഇതിന്റെ മുന്നിലും പിന്നിലും ക്യാമറ വച്ചതിന്റെ ഗുട്ടൻസ് എന്താണാവോ..... “ ഗാഡ്ജറ്റ് പ്രാന്തൻ പറഞ്ഞു. പിന്നിലെ ക്യാമറ പ്രവർത്തിപ്പിക്കുന്നതിൽ വിജയിച്ചെങ്കിലും മുന്നിലെ ക്യാമറ ഓണാക്കാൻ ആൾക്ക് കഴിഞ്ഞില്ല.

പെട്ടെന്ന് എന്താണു സംഭവിച്ചതെന്നറിയില്ല വരാൽ (ബ്രാൽ) വഴുതും പോലെ മൊബൈൽ അയാളുടെ കയ്യിൽ നിന്നു വഴുതിത്തെറിച്ചു. ബ്ലോഗറുടെ അടിവയറ്റിൽ നിന്നും തീ പൊന്തി!

ഉദ്വേഗഭരിതനായി വായ് വരണ്ട് നോക്കിനിന്ന ബ്ലോഗറുടെ മുന്നിൽ ഇൻഡ്യൻ ക്രിക്കറ്റർ ക്യാച്ചിനായി ശ്രമിക്കുന്നതുപോലെ ഒരു ജീവന്മരണപ്പോരാട്ടം തന്നെ നടത്തി, സുഹൃത്ത്. ഒടുക്കം അത് ഠപ്പേന്നു നിലത്തിടുന്നതിൽ വിജയിച്ചു കക്ഷി!

എന്നെ സമ്മതിക്കണം എന്നമട്ടിൽ ബ്ലോഗറെ നോക്കി സുഹൃത്ത് പറഞ്ഞു “ഹേയ്.... എൻ സെവന്റിയല്ലേ....നോ പ്രോബ്ലം... ഒന്നും സംഭവിക്കില്ല...!“

എന്നിട്ട് ഉരുണ്ടുപിരണ്ടെണീറ്റ് മൊബൈൽ കൈക്കലാക്കി. ബ്ലോഗറെ കാണിച്ചു. സംഗതി ശരിയാണ്. നോ പ്രോബ്ലം.

“അല്ലേലും എൻ സീരീസ് അങ്ങനൊന്നും കേടാകില്ലന്നേ... ” സുഹൃത്ത് സമാശ്വസിപ്പിച്ചു.

ഉം... അത് ‘എൻ‘ സെവന്റിയല്ലേ, ‘നിൻ‘ സെവന്റി അല്ലല്ലോ...! ബ്ലോഗർ പിറുപിറുത്തു.

ഒരു ഒന്നരക്കൊല്ലം അങ്ങനങ്ങു പോയി. ഇതിനിടെ ബ്ലോഗർ ‘ശരിക്കും ബ്ലോഗർ’ ആയി. എവിടെ പോയാലും മൊബൈൽ വച്ച് പടം പിടിക്കുക. അത് നാലാളെ കാണിക്കുക. സുഹൃത്തുക്കളുടെ കല്യാണപ്പടങ്ങൾ കൂട്ടത്തിൽ ഇട്ടു. ഓർക്കുട്ടിൽ ഇട്ടു.

അങ്ങനെയിരിക്കെയാണ് ബ്ലോഗർ അരുൺ കായംകുളത്തിന്റെ പെങ്ങളുടെ കല്യാണം വന്നത്. അരുൺ തന്റെ ബ്ലോഗിലൂടെ സകലമാന ബൂലോകരെയും ക്ഷണിച്ചു. അത് തനിക്കുള്ള പേഴ്സണൽ ഇൻവിറ്റേഷനായെടുത്ത് തന്റെ മൊബൈലുമായി കല്യാണ ദിവസം തന്നെ ആൾ ഹാജരായി. അരുണിന് ആളെ പിടികിട്ടിയില്ലെങ്കിലും ഊട്ടുപുര മുതൽ നാഗസ്വരക്കച്ചേരിയും താലികെട്ടും വരെ ബ്ലോഗർ മൊബൈലിലാക്കി. അതൊരു പൊസ്റ്റാക്കി ഇടുകയും ചെയ്തു!

പടങ്ങൾ കണ്ട് അരുൺ കണ്ണുതള്ളിപ്പോയി. അങ്ങനെ ബ്ലോഗറുടെ മൊബൈലിന് ആദ്യത്തെ കണ്ണേറ് കിട്ടി!

പിന്നെ കൂട്ടത്തിലെ (http://www.koottam.com/)എക്സ് പഞ്ചാരക്കുട്ടൻ വിനോദ് രാജ് വിവാഹിതനായ വാർത്ത ചിത്രങ്ങൾ സഹിതം പ്രസിദ്ധീകരിച്ചു. തന്റെ പ്രണയഭാജനങ്ങളെല്ലാം വിവാഹവാർത്ത അറിഞ്ഞതിൽ കുപിതനായ പഞ്ചാരക്കുട്ടൻ ആ മൊബൈൽ പണ്ടാരമടങ്ങിപ്പോണേ എന്നു ശപിച്ചു.

അടുത്ത ദിവസം കൊല്ലം റെയിൽ വേ സ്റ്റേഷനിൽ ട്രെയിനിറങ്ങി കുറുക്കു വഴിയെ ചാടുന്നതിനിടയിൽ ബ്ലോഗറെ ഭാര്യ വിളിച്ചു. അത് അറ്റെൻഡ് ചെയ്ത് ഓഫ് ചെയ്യുന്നതിനിടയിൽ കരിങ്കൽ കൂമ്പാരത്തിൽ തട്ടി ബ്ലോഗറുടെ കാൽ ഒന്നിടറി. വിയർപ്പു പൊടിഞ്ഞ കയ്യിൽ നിന്നു വഴുതി മൊബൈൽ കരിങ്കല്ലിൽ തട്ടി, പാളത്തിൽത്തട്ടി, സ്ലീപ്പറിൽ തട്ടി, പണ്ടത്തെ പാട്ടിൽ പറയുംപോലെ ഏകപട ദ്വിപടത്രിപട ചതുർപഞ്ചപട ഷഷ്ടാടപട ദ്രുപ ഡക്കുടധീം!

ദാ കിടക്കുന്നു!

അടുത്ത് കുളമൊന്നുമില്ലാഞ്ഞതിനാൽ ‘ദ്രുപഡങ്കോ ഡിങ്കോ ഡാഡിമ ഡീഡിമ ഖുപ ഖുപ ഖൂപ:‘ ഒന്നുമുണ്ടായില്ല!

ഇത്തവണ പഴി ചാരാൻ ഫോൺ വിളിച്ച ഭാര്യയല്ലാതെ മറ്റാരുമില്ലാഞ്ഞതുകൊണ്ട് കുറ്റം സ്വയം ഏറ്റ് ബ്ലോഗർ ഫോൺ കുനിഞ്ഞെടുത്തു. (അവളെ കുറ്റം പറഞ്ഞാൽ അന്നം മുട്ടും!)

പിന്നെ ഒറ്റത്തീരുമാനമായിരുന്നു. ഈ വഴുവഴുക്കൻ സിൽവർ ബോഡി മാറ്റണം. അങ്ങനെയാണ് ആ എൻ സെവന്റി കറുപ്പുചട്ട അണിഞ്ഞത്.

പൂർവാധികം ശക്തിയോടെ ബ്ലോഗർ കണ്ണിൽ കണ്ടതെല്ലാം മൊബൈലിൽ പകർത്തി. പലബ്ലോഗർമാരെയും ‘പട‘മാക്കണം എന്ന ആഗ്രഹം അങ്ങനെ പൂർത്തീകരിച്ചു. വിശ്രുത ബ്ലോഗർമാരായ വിശാലമനസ്കൻ, നിരക്ഷരൻ,സജി അച്ചായൻ, നന്ദപർവം നന്ദൻ തുടങ്ങി എന്തിന് കാർട്ടൂണിസ്റ്റ് സജ്ജീവേട്ടൻ വരെ അങ്ങനെ പടമായി! കൂട്ടത്തിലെ നിത്യവസന്തം അനന്തു നീർവിളാകം ഗൾഫ് ഗെയ്റ്റ് സജ്ജീകരണങ്ങളോടെ വിവാഹിതനായ സംഭവം ചിത്രങ്ങൾ സഹിതം പുറത്തുവന്നു.

അതുകൊണ്ടും പോരാഞ്ഞ് ഈ വർഷത്തെ കൂട്ടം മീറ്റും, ഇക്കഴിഞ്ഞ ഇടപ്പള്ളി ബ്ലോഗ് മീറ്റും ഒക്കെ അതിയാൻ ‘കവർ’ ചെയ്തു.

ഒക്കെക്കണ്ട് സഹികെട്ട നിരക്ഷരൻ ഒരു പ്രാക്കങ്ങു പ്രാകി!

ഒരു മൊബൈൽ വച്ച് ഇങ്ങനെ. അപ്പോ ഇയാളുടെ കയ്യിൽ ഒരു എസ്.എൽ.ആർ. ക്യാമറ കിട്ടിയാൽ എന്താവും സ്ഥിതി“ എന്ന്!

അതൊരു ഒടുക്കത്തെ പ്രാക്കായിപ്പോയി!

പിറ്റേന്ന് കായം കുളത്തു നിന്ന് കൊല്ലത്തേക്ക് ഒരു സൂപ്പർഫാസ്റ്റ് ബസ്സിൽ യാത്രചെയ്യുകയായിരുന്നു ബ്ലോഗർ. മൊബൈൽ പാന്റ്സിന്റെ സൈഡ് പോക്കറ്റിൽ. ബ്ലോഗർക്കു മുന്നിലെയും പിന്നിലെയും സീറ്റുകളിൽ സൈഡിൽ ഇരുന്നിരുന്നത് ലലനാമണികൾ ആയിരുന്നതിനാലാവും കണ്ടക്ടർ മുകളിലെ കമ്പിയിൽ തുങ്ങി തന്റെ പൃഷ്ടപാർശ്വം വച്ച് ആൾക്കാരെ ഇടിച്ചിടിച്ചു വന്നു. പെണ്ണുങ്ങളെപ്പോലെ ‘ഷോക്ക് അബ്സോർബ്’ ചെയ്യാൻ മാത്രം മാംസം ശരീരത്തില്ലാത്തതിനാൽ പൃഷ്ഠംകൊണ്ടുള്ള ഇടിയുടെ ആഘാതത്തിൽ ബ്ലോഗർ വശം തിരിഞ്ഞു പോയി!

ഫലം. മൊബൈൽ പാന്റ്സിന്റെ പൊക്കറ്റിൽ നിന്നൂർന്ന് നിലത്ത് ഠിം!

“അയ്യോ! എന്റെ മൊബൈൽ!” ബ്ലോഗർ അലറി.

കണ്ടക്ടർ മൂടു തിരിഞ്ഞ് നിർവികാരനായി പറഞ്ഞു. “ദോ... ആ മുന്നിലെ സീറ്റിന്റടിയിൽ ഒണ്ട്!”

എന്തോ വല്യ സഹായം ചെയ്യുന്ന മാതിരി കണ്ടക്ടർ മൊഴിഞ്ഞു. അവന്റെ പൃഷ്ഠത്തിനിട്ടൊരു ചവിട്ടുകൊടുക്കാൻ ബ്ലോഗറുടെ കാലുകൾ തരിച്ചു. പിന്നെ ആനയെ ആടുചവിട്ടിയാൽ എന്താകാനാ എന്നോർത്തങ്ങു ക്ഷമിച്ചു.

പകരം അയാളുടെ അപ്പനേം, അമ്മേം, കളത്രപുത്രാദികളെയുമൊക്കെ പ്രാകി പണ്ടാരമടക്കി!

തിരുവോണത്തിനു രണ്ടു ദിവസം ബാക്കി. ഉത്രാടം സുഖമായി തെളിഞ്ഞ അന്തരീക്ഷത്തിൽ സ്വന്തം വീട്ടിൽ ആഘോഷിച്ചു. തിരുവോണത്തിന് ഭാര്യാപുത്രസമേതനായി തറവാട്ടിലെത്തി. അമ്മയും അനിയന്മാരും ഒത്ത് ഓണസദ്യയുണ്ട് മക്കളെ ഊഞ്ഞാലാട്ടി ആഘോഷിച്ചു. ഉച്ചതിരിഞ്ഞപ്പോൾ അനിയന്മാർ അവരവരുടെ ഭാര്യാഗൃഹങ്ങളിലേക്കു പോയി. തറവാട്ടിൽ അമ്മയ്ക്കൊപ്പം ബ്ലോഗറും കുടുംബവും നിന്നു.

പിറ്റേന്നു നേരം വെളുത്തപ്പോൾ ബ്ലോഗർ മൊബൈൽ കയ്യിലെടുത്തു. നോക്കിയപ്പോൾ നോ ഡിസ്പ്ലേ! സർവം ഇരുണ്ടിരിക്കുന്നു. ഒന്നു സ്വിച്ചോഫ് ചെയ്ത് ഓൺ ചെയ്തു നോക്കിയപ്പോൾ, പണ്ട് ദൂരദർശൻ കേന്ദ്രവുമായി ബന്ധം നഷ്ടപ്പെടുമ്പോൾ ടി.വിയിൽ തെളിയുന്ന മാതിരി സപ്തവർണങ്ങളും തെളിഞ്ഞു വന്നു. വീണ്ടും ഇരുണ്ടു.

ബ്ലോഗറുടെ മനം ഇരുണ്ടു. ഇനീപ്പോ എന്തു ചെയ്യും...?

വൈകുന്നേരം ആയപ്പോൾ നെരേ ടൌണിലുള്ള ‘നോക്കിയ കെയർ‘ സന്ദർശിച്ചു.കൌണ്ടറിൽ നീർക്കോലി പോലൊരു പെണ്ണ് മൂക്കൊലിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓണമായതുകൊണ്ട് മറ്റെല്ലാവരും അവധിയെടുത്തതുകൊണ്ടാവും ജലദോഷമായിട്ടും ഇവൾ ഇവിടിരിക്കുന്നത്.

മൊബൈൽ അവളുടെ നേർക്കു നീട്ടി. അവൾ മൂക്കു തുടച്ച് ആ കൈ വച്ചു തന്നെ മൊബൈൽ ഏറ്റുവാങ്ങി. കയ്യിലിട്ട് തിരിച്ചും മറിച്ചും നോക്കി. പുഴുങ്ങിയ മുട്ടത്തോടു പൊളിക്കുന്ന ലാഘവത്തോടെ ഫോൺ രണ്ടായി പിളർന്നു. സിമ്മും, ബാറ്ററിയും, ഡാറ്റാ കാർഡും ഊരി വെളിയിലിട്ടു. എന്നിട്ട് മൂക്കുതുടച്ച് ,എല്ലാം കൂടി വാരിയെടുത്ത് ബ്ലോഗർക്കുകൊടുത്തു.

അവൾ പറഞ്ഞു “സേർ.... സേറിന്റെ നമ്പർ ഒന്നു പറയൂ...“

“ഉള്ള നമ്പർ ഉണ്ടായിരുന്ന ഫോണാ ഇത്. ഇതു കേടായ സ്ഥിതിക്ക് ആ നമ്പർ എന്തിനാ?“

“ഓഹോ..... എങ്കിൽ സേറിന്റെ ഹോം നമ്പർ പറയൂ...”

അവളുടെ സേർ വിളി കേട്ട് അസ്വസ്ഥനായി അയാൾ വീട്ടു നമ്പർ കൊടുത്തു. ഏതു ഭാഷയിലാണാവോ Sir എന്നതിന് സേർ എന്നു പറയുന്നത്! നമ്മൾ സാദാ മലയാളികൾ സാർ എന്നു പറഞ്ഞാൽ തെറ്റ്. ഈ മംഗ്ലീഷ് മദാമ്മമാരും സായിപ്പന്മാരും ‘സേർ’ എന്നു പറഞ്ഞാൽ അതു ശരി!

ബ്ലോഗറുടെ ഉള്ളിൽ ധാർമ്മികരോഷം പുകഞ്ഞു.

ഫോണുമായി അവൾ അകത്തുപോയി. രണ്ടു മിനിറ്റ് കഴിഞ്ഞ് മടങ്ങി വന്നു.

“സേറിന്റെ ഫോണിന്റെ ഡിസ്പ്ലേ കമ്പ്ലൈന്റാണ്. റുപ്പീസ് ഫൈവ് ഹൺ ഡ്രഡ് ഇട്ട് ഇപ്പോ ബിൽ തരാം. എൽ.സി.ഡി അടിച്ചുപോയതാണെങ്കിൽ റുപ്പീസ് ടു തൌസൻഡ് ആകും. ഓക്കേ?”

ബ്ലോഗർ തലയാട്ടി. വേറെന്തു വഴി!

നീർക്കോലി ഒരു നീളൻ ഫോമിൽ എന്തൊക്കെയോ എഴുതിയിട്ടു പറഞ്ഞു “ സേർ.... ഇവിടെ ഒന്നു സൈൻ ചെയ്യൂ...”

അയാൾ യാന്ത്രികമായി ഒപ്പിട്ടു.

ലിപ്സ്റ്റിക്ക് ചുണ്ടിൽ നീർക്കോലി ഒരു പ്ലാസ്റ്റിക് ചിരി വിടർത്തി.

“ഇനി ഇത് ചെക്ക് ചെയ്ത് ഞങ്ങൽ സേറിനെ വിലിക്കും. അപ്പോൾ എക്സാക്റ്റ് എമൌണ്ട് പരയും. ഓക്കെ സേർ?”

അവളുടെ സേർ വിളി മറന്ന് അയാൾ പടിയിറങ്ങി.

ഓണത്തെരക്കിൽ രണ്ടു ദിവസം അയാൾ കാത്തു. നോക്കി നോക്കിയിരുന്നിട്ടും നോ വിളി ഫ്രം നോക്കിയ.

ഒടുവിൽ അങ്ങോട്ടു വിളിച്ചു. അപ്പോൾ നീർക്കോലി തന്നെയാണു ഫോൺ എടുത്തത്.

“സേർ, അത് പ്രോസസിംഗിലാണ്. ഞങ്ങൾ സേറിനെ അങ്ങോട്ടു വിളിക്കും, സേർ!“

അവളുടെ അമ്മുമ്മേടെ ഒരു സേർ വിളി! അയാൾ ഫോൺ വച്ചു.

അഞ്ചാം ദിവസം വീണ്ടും വിളിച്ചു നോക്കി. അതേ മറുപടി ഒരു പുരുഷസ്വരത്തിൽ “ഓക്കെയായാൽ ഞങ്ങൾ അങ്ങോട്ടു വിളിക്കും സേർ!“

ഇതിനിടെ നീർക്കോലിയുടെ വക സമ്മാനം..... ഭയപ്പെട്ടിരുന്നതുപോലെ അയാൾക്കു ജലദോഷം പിടിപെട്ടു. അതു ഭേദമായപ്പോൾ തൃപ്പൂണിത്തുറ യാത്ര. അടുത്ത ദിവസം അമ്മയെയും കൊണ്ട് ശ്രീ ചിത്രയിൽ ചെക്ക് അപ്പ്. അപ്പച്ചീടെ മോന്റെ കല്യാണം. ഒൻപതാം നാൾ കഴിഞ്ഞു. ഫോണില്ലാതെ ബ്ലോഗർ വലഞ്ഞു. ഒടുവിൽ ഒരു പഴയ ഫോൺ സംഘടിപ്പിച്ച് സിമ്മെടുത്ത് അതിലിട്ടു. പക്ഷെ സിമ്മിൽ ആകെയുള്ളത് അൻപതു നമ്പർ മാത്രം. ബാക്കി അഞ്ഞൂറോളം നമ്പറുകൾ എൻ സെവന്റിയിലാണ്!

ഇനി വിളിച്ചു നോക്കിയിട്ടു കാര്യമില്ല. പത്തു തികഞ്ഞ അന്നു വൈകിട്ട് ബ്ലോഗർ ‘ലവളെ’വീണ്ടും ചെന്നു കണ്ടു. കൌണ്ടറിൽ ഇടത്തും വലത്തും ഓരൊ സുന്ദരികൾ. നടുക്ക് നീർക്കോലി.

അവളെ കണ്ടതും ബ്ലോഗർക്ക് കലിയിളകി. എങ്കിലും സൌമ്യനായി ചോദിച്ചു.

“എന്നെ ഇങ്ങോട്ടു വിളിക്കും എന്ന് പറഞ്ഞതല്ലാതെ ഇതു വരെ വിളിച്ചില്ലല്ലോ. ഇതാണൊ മര്യാദ?”

“സേർ... അത് അവിടെ പറയു...” തൊട്ടടുത്ത മുറിയിലേക്കു ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു.

തള്ളേ! അവൾ കൈ കഴുകി!

ബ്ലോഗർ അവൾ കാട്ടിയ മുറിയിൽ കയറി. മൊബൈൽ റിപ്പയർ ചെയ്ത ശേഷം വേണം ലവളെ പത്തു പള്ളു പറയാൻ. അയാൾ മനസ്സിലുറപ്പിച്ചു.

വർക്ക്ഷോപ്പ് മെക്കാനിക്കിനെപ്പോലെ നേവിബ്ലൂ കുപ്പായമിട്ട് അതിനുമീതെ ഒരു വരയൻ ഷർട്ടുമിട്ട് കൌണ്ടറിൽ നിന്ന പയ്യന്റെ കയ്യിൽ അയാൾ തന്റെ സ്ലിപ്പ് കൊടുത്തു.

“സേർ... വെയിറ്റ് ചെയ്യു പ്ലീസ്....”

അവൻ ഉള്ളിലേക്കു മറഞ്ഞു.

അഞ്ചു മിനിറ്റ് കഴിഞ്ഞ് ആൾ വീണ്ടും പ്രത്യക്ഷപ്പെട്ടു.

ആശ്വാസം! തന്റെ എൻ സെവന്റിയുമായാണ് അവന്റെ വരവ്. ബ്ലോഗർ നെടുവീർപ്പിട്ടു.

പയ്യൻ പ്രസന്നനായി പറഞ്ഞു “സേർ... ഇതിന്റെ ഡിസ്പ്ലേ കമ്പ്ലൈന്റാണ്. ഞങ്ങൾ ശരിക്കും പണിപ്പെട്ടു നോക്കി. ബട്ട് ... ഇതിന്റെ ബോർഡ് അടിച്ചു പോയിരിക്കുകയാണ്...”

തന്റെ മൊബൈൽ ഇപ്പോ റിപ്പയർ ചെയ്തുകിട്ടും എന്നു പ്രതീക്ഷിച്ചു നിന്ന ബ്ലോഗറുടെ മുഖം മ്ലാനമായി.

“അതെയോ.... അപ്പോൾ അതു മാറിക്കോളൂ....” അയാൾ വിക്കിവിക്കിപ്പറഞ്ഞു.

“ അത് ഓക്കെ സേർ... ബട്ട് അതിന് ഒരു... റുപ്പീസ് ഫൈവ് തൌസൻഡ് ചെലവ് വരും!“

“ഹെന്ത്!? അയ്യായിരം രൂപയോ!!” ഒരു നിമിഷത്തേക്ക് ബ്ലോഗറുടെ ചങ്കിടിപ്പു നിലച്ചു. എങ്കിലും ആളുടെ കുശാഗ്രബുദ്ധി ചലിച്ചു. പയ്യനോട് ചോദിച്ചു.

“അപ്പോ ഒരു കാര്യം ചെയ്യൂ. ഈ മൊബൈൽ നിങ്ങൾ തന്നെ എടുത്തോളൂ. റിപ്പയർ ചെയ്തു വിൽക്കാമല്ലോ. എനിക്ക് ഒരു മൂവായിരം രൂപ തന്നാ മതി!“

“അയ്യോ സേർ! ഇനി ഈ മൊബൈൽ ആരും എടുക്കില്ല. അതിന്റെ ബോർഡ് അടിച്ചു പോയില്ലേ!? വിറ്റാൽ ഒന്നും കിട്ടില്ല.”

ബ്ലോഗറുടെ തൊണ്ട വരണ്ടു.


“വേറെ ഒരു വഴിയുമില്ലേ!? അയാൽ കെഞ്ചി.

സോറി സേർ... വേറെ ഒരു വഴിയുമില്ല സേർ!!“

“ ഫ! നിർത്തടാ! അവന്റെയൊക്കെ ഒരു സേർ വിളി! ഇനി മേലിലങ്ങനെ വിളിച്ചു പോകരുത്! എനിക്കറിയാം എന്തു ചെയ്യണമെന്ന്!“

പയ്യൻ ഞടുങ്ങി. അയാൾക്കു ഹാലിളകിയതുപോലെയായിരുന്നു.

മൊബൈൽ അവന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ച് ബ്ലോഗർ മുറിക്കു പുറത്തിറങ്ങി. സൈഡ് കൌണ്ടറിൽ പരിഹാസച്ചിരിയുമായിരിക്കുന്ന നീർക്കോലിയെ കണ്ടില്ലെന്നു നടിച്ച് അയാൾ റോഡിലേക്കു നടന്നു.

തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ കയറി. 1350 രൂപ കൊടുത്ത് അവിടെയുണ്ടായിരുന്ന ഏറ്റവും വില കുറഞ്ഞ ഫോൺ വാങ്ങി. രണ്ടു വർഷം വാറന്റി. ഹോ! എന്തൊരാശ്വാസം!

ഇനി പ്രാക്കു കേൾക്കണ്ടല്ലോ!

പടമെടുപ്പും വേണ്ട, വീഡിയോ പിടുത്തോം വേണ്ട. അല്ലേലും താൻ പടം പിടിക്കുന്നതു കണ്ടാൽ എല്ലാ ലവന്മാർക്കും അസൂയയാ!

(ഇനി ആർക്കെങ്കിലും ഈ ബ്ലോഗർ എടുത്ത പടങ്ങൾ കാണണം എങ്കിൽ ദാ ഇവിടെ ക്ലിക്കുക

Friday, August 20, 2010

പഴയൊരു ഉത്രാട നാൾ....!

അന്നൊക്കെ ഓണക്കളി മുഴുവൻ ആരൂർ വടക്കേപ്പുറത്തായിരുന്നു. ചെറിയൊരു മൈതാനം അവിടെ ഉണ്ടായിരുന്നു. ചെറുപ്പക്കാർ തോൽ‌പ്പന്ത്(കാൽ‌പ്പന്ത്) കളിക്കുന്നതും, കുട്ടികൾ കുട്ടിയുംകോലും കളിക്കുന്നതും, തലപ്പന്തു കളിക്കുന്നതും, ഉച്ചതിരിഞ്ഞാൽ സ്ത്രീകൾ കൈകൊട്ടിക്കളി, തുമ്പിതുള്ളൽ മുതലായവ നടത്തുന്നതും അവിടെയായിരുന്നു. തിരുവോണദിവസം മിക്കവാറും പെണ്ണുങ്ങൾ മൈതാനം കയ്യടക്കും. മറ്റു ദിവസങ്ങളിൽ കബഡികളിയും, കിളിത്തട്ടുകളിയും ഉണ്ടാകും, വൈകുന്നേരങ്ങളിൽ.

ഊഞ്ഞാൽ കെട്ടിയിരുന്നത് ആരൂരെ അയ്യത്ത് (അയ്യം = പറമ്പ്) തന്നെയായിരുന്നു. ആരൂരെ ഉമയക്കച്ചിയാണ് അന്ന് നാട്ടിലെ എറ്റവും പെരുകേട്ട തയ്യൽക്കാരി. അവിടെ തയ്യൽ പഠിക്കാൻ നാലഞ്ച് പെൺകുട്ടികൾ ഒപ്പം കാണും, എപ്പോഴും.

പെൺകുട്ടികൾ നിറയെ വർണപ്പൂക്കളുള്ള നീളൻ പാവാടയായിരുന്നു ഇട്ടിരുന്നത്. ചുവപ്പും, മഞ്ഞയും, നീലയും, മജൻഡയും ഒക്കെ നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞ പാവാടകൾ.... തുണി വെട്ടുന്നതും തയിക്കുന്നതും ഒക്കെക്കണ്ട് മണിക്കൂറുകളോളം ഞാൻ അവിടെ നിൽക്കുമായിരുന്നു. ഇന്ന് പലപ്പൊഴും ആ ഡിസൈനുകൾ കാണുന്നത് ബെഡ് ഷീറ്റുകളിലും, കർട്ടൻ തുണികളിലുമാണ്‌ !കാലം എന്റെ സങ്കല്പങ്ങൾ മാറ്റിയെങ്കിലും ആ വർണവിസ്മയം ഇനും കൺ മുന്നിൽ തുള്ളിത്തുളുമ്പുന്നു.

അത്തം പിറന്നാൽ പിന്നെ കുട്ടികൾക്ക് യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. രാവിലെ കഞ്ഞികുടിക്കുന്നു (അതെ.... അന്ന് എല്ലാ വീടുകളിലും രാവിലെ കഞ്ഞിയായിരുന്നു ഭക്ഷണം - പാവപ്പെട്ടവരായാലും, പണക്കാരായാലും), ഒരു വള്ളി നിക്കറും ചിലപ്പോൾ ഒരു ഷർട്ടും ധരിച്ച് വീട്ടിൽ നിന്നിറങ്ങുന്നു. ഉച്ചയാവുമ്പോൾ വീട്ടിലെത്തുന്നു. ഊണു കഴിക്കുന്നു. വീണ്ടും കളികളിലേക്ക് മടങ്ങുന്നു!

സ്വതവേ മെലിഞ്ഞ ശരീരപ്രകൃതിയും, മറ്റുള്ളവരേക്കാൾ ആരോഗ്യം കുറഞ്ഞവനുമായിരുന്നു ഞാൻ. അനിയന്മാരും അങ്ങനെ തന്നെ. എങ്കിലും കണ്ണകിണ്ണന്മാർ അന്നേ പുലിക്കുട്ടികളായിരുന്നു. കളികളിലും, ഊഞ്ഞാലാട്ടത്തിലും, മരം കയറ്റത്തിലും, നീന്തലിലും ഒക്കെ മിടുക്കന്മാർ. രണ്ടുവയസ്സിന്റെ മൂപ്പുകൊണ്ട് കളികളിൽ ഞാൻ അവർക്കൊപ്പം പിടിച്ചുനിന്നിരുന്നു. എന്നാൽ ഉയരത്തിൽ ഊഞ്ഞാലാടാൻ എനിക്ക് ഭയമായിരുന്നു. അതേ സമയം ഊഞ്ഞാലിലിരിക്കാൻ വലിയ കൊതിയും!

ആരുമില്ലാത്തപ്പോൾ ഞാൻ ഒറ്റയ്ക്ക് ഊഞ്ഞാലിൽ കയറിയിരുന്ന് മെല്ലെ ആടും. ഏറിയാൽ രണ്ടടി പൊക്കം നിലത്തു നിന്നുയരും അത്ര തന്നെ!

കണ്ണനും കിണ്ണനുമാണെങ്കിൽ നാലാൾ പൊക്കത്തിൽ വരെ ഊഞ്ഞാലാടും! പിന്നെ ചില്ലാട്ടത്തിലും അവന്മാർ മിടുക്കന്മാരാണ്. രണ്ടു പേർ ഊഞ്ഞാലിൽ അഭിമുഖമായി എണീറ്റുനിന്നാണ് ചില്ലാട്ടം. തൊട്ടു മുന്നിലുള്ള മാവിൻ തല‌പ്പുവരെ അവർ ഉയർന്നുപൊങ്ങും!

അതൊക്കെ നോക്കി ഞാൻ അരികിലെവിടെയെങ്കിലും നിൽക്കും.അവന്മാർക്ക് വയസ് എട്ട്; എനിക്ക് പത്ത്!

എന്നാൽ കുട്ടിയും കോലും കളിയിൽ ഞാൻ മിടുക്കനായിരുന്നു. അതിൽ മിക്കവാറും ജയിക്കും. അതു പോലെ ഞൊണ്ടികളി. ഇതിനൊക്കെ ആളെക്കൂട്ടി കളി സംഘടിപ്പിക്കുക എന്നതായിരുന്നു എന്റെ രീതി.

ഒരു ഉത്രാട ദിവസം രാവിലെ ആരുമില്ലാത്ത ദിവസം ഒറ്റയ്ക്ക് ഊഞ്ഞാലാടുകയായിരുന്നു ഞാൻ. പെട്ടെന്ന് അവിടേയ്ക്ക് പുക്കാറും പുലുമാലും എത്തി! പക്കാ കില്ലാഡികളാണ് അവർ. ഭയപ്പെട്ടതുപോലെ തന്നെ അവന്മാർ അടുത്തു വന്നു. ഊഞ്ഞാലാടണം എന്നാവശ്യപ്പെട്ടു.

“ഞാനിങ്ങോട്ടു വന്നതേ ഉള്ളു....“ ഞാൻ പറഞ്ഞു.

“ഓ! അതിനെന്തുവാ.... ഇയാക്ക് പത്തുണ്ട ഇട്ടുതരാം. എനിട്ട് ഞങ്ങളാടാം!” പുലുമാൽ പറഞ്ഞു.

(ഉണ്ട എന്നാൽ പിന്നിൽ നിന്നും ഊഞ്ഞാലിൽ ആഞ്ഞു തള്ളി വിടൽ)

അപ്പോഴേക്കും പുക്കാർ എന്റെ പിന്നിലെത്തിക്കഴിഞ്ഞു.

“ഉണ്ടയിടാൻ പോവാ.... ഒന്നേ....”

പുക്കാർ എന്നെ ഊഞ്ഞാലോടെ പിന്നിലേക്കു വലിച്ച് മുന്നോട്ട് ആഞ്ഞു തള്ളി. റോക്കറ്റ് വേഗത്തിൽ ഞാൻ മുന്നോട്ട്. കാലുകൾ വിറയ്ക്കാൻ തുടങ്ങി.

“അയ്യോ! ഇത്രേം വല്ല്യ ഉണ്ട വേണ്ട....” ഞാൻ നിലവിളിച്ചു.

ആരുകേൾക്കാൻ!

പത്തുണ്ട ഇട്ടു തന്നിട്ടുവേണം അവന്മാർക്ക് ചില്ലാട്ടമാടാൻ!

രണ്ടാമത്തെ ഉണ്ടയിൽ ഞാൻ കൂടുതൽ ഉയർന്നു. അരികിൽ നിന്നിരുന്ന വാഴയുടെ പൊക്കത്തിൽ....

എന്റെ ശബ്ദം നഷ്ടപ്പെട്ടു!

മൂന്നാമത്തെ ഉണ്ടയിൽ ഉയർന്നുപൊങ്ങിയതോർമ്മയുണ്ട്..... പിന്നെ ഓർക്കുന്നത് വാഴത്തടത്തിൽ കിടക്കുന്നതാണ്. ഊഞ്ഞാൽ ആളില്ലാതെ ആടുന്നു!

ഞാൻ വീണതുകണ്ട് പുക്കാറും പുലുമാലും ഓടിയൊളിച്ചു.

രാവിലെ ഏഴരയേ ആയുള്ളു എന്നതുകൊണ്ട് അവിടെ വേറാരും ഉണ്ടായിരുന്നില്ല.

ഒരു മിനിറ്റ് ആ വാഴത്തടത്തിൽ കിടന്ന് ആരും കണ്ടില്ല എന്നുറപ്പായപ്പോൾ ഞാനെണീറ്റു. ചന്തി തടവി മെല്ലെ വീട്ടിലേക്കു മടങ്ങി.

ഒൻപതുമണിയോടെ ചെണ്ടമേളം കേട്ടുതുടങ്ങി. കടുവാകളി ആരംഭിക്കുകയാണ്. (പുലികളി ഏവൂരിൽ കടുവാകളിയാണ്).

അതുകേട്ടതോടെ ഞങ്ങൾ കുട്ടികൾ കിഴക്കോട്ടോടി. ‘മീശ‘ എന്നറിയപ്പെടുന്ന കൃഷ്ണൻ ആണ് സ്ഥിരം കടുവ. പ്രൊഫഷണൽ തവളപിടുത്തക്കാരനാണ് ആൾ. രാത്രി പെട്രോമാക്സുമായി കൃഷ്ണനും കൂട്ടുകാരനും കൂടി വയലുകൾ തോറും നടന്ന് തവള പിടിക്കും. പുലർച്ചെ അവയൊക്കെ സഞ്ചിയിൽ നിന്നെടുത്ത് തവളക്കാലുകൾ കൃത്യമായി മുറിച്ച് കൊണ്ടുപോയി വിൽക്കും. ഏറ്റവും വലിയ തവളകളെ ‘ജംബോ’ എന്നാണ് അവർ വിളിക്കുക. ഇരുകയ്യിലും ഒതുങ്ങാത്തത്ര വലിപ്പമുണ്ടാവും, അവയ്ക്ക്!

എന്നാൽ ഓണക്കാലമായാൽ തവളപിടുത്തത്തിന് ഓഫ് കൊടുത്ത് ‘മീശ‘ കടുവാത്തലയുണ്ടാക്കും. മോൾഡ് ചെയുന്നതും, ചായം പൂശുന്നതും ഒക്കെ മീശ തന്നെ!

ഉത്രാടം തിരുവോണം ദിവസങ്ങളിലാണ് കടുവാ ഇറങ്ങുന്നത്.

ഒരു വീക്കുചെണ്ട, ഒരു ഉരുട്ടുചെണ്ട, ഒരു ചിഞ്ചില്ലം (ഇലത്താളം) ഇവയാണ് മേളക്കൂട്ടം.

പിന്നെ ഒരു സായിപ്പുണ്ടാകും. അയാളാണ് വേട്ടക്കാരൻ. കാക്കിപ്പാന്റും, ഷർട്ടും ധരിച്ച് തലയിൽ ഒരു വട്ടത്തൊപ്പിയും വച്ച് വരച്ചു വച്ച ‘റ’ പോലുള്ള മീശയുമായി ഒരു കറുകറുത്ത നാടൻ സായിപ്പ്!

ഒരു കാക്കിപ്പാന്റും ഷർട്ടും സംഘടിപ്പിക്കുക എന്നതായിരുന്നു അന്ന് മീശ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി.

കാരണം മറ്റൊന്നുമല്ല. പാന്റിടുന്ന ആരും നാട്ടിലില്ല!

പോലീസുകാർ പോലും നിക്കർ ഇട്ടിരുന്ന കാലം. പിന്നെയുള്ളത് ഒരു പൊസ്റ്റ്മാൻ. അയാൾ കാക്കിഷർട്ടും പിന്നെ മുണ്ടുമാണ് ധരിച്ചിരുന്നത്. മറ്റൊരാൾ ലൈൻ മാൻ. ഇരുപത്തിനാലുമണിക്കൂറും വെള്ളത്തിൽ നീന്തുന്ന അയാൾക്ക് ആകെ ഒരു കാക്കിപ്പാന്റേ ഉള്ളത്രെ!പക്ഷെ അതിട്ട് ഞങ്ങളാരും ആളെക്കണ്ടിട്ടും ഇല്ല!

എങ്കിലും മീശ പോയി ആളെ കുപ്പിയിലാക്കി ആ പാന്റ് സംഘടിപ്പിച്ചു! പിഞ്ചിക്കീറാറായ ഒരു കക്കിപ്പാന്റ്.

(ഈ കഥകളൊക്കെ ഓണം കഴിഞ്ഞ് കുറ്റിയിലെ പ്ലാവിന്റെ കീഴിൽ മീശ നടത്തുന്ന സദിരുകളിൽ നിന്നാണ് എനിക്കു കിട്ടിയത്! )

എന്തായാലും ഉത്രാടരാവിലെ കടുവാകളി റെഡിയായി.

ടണ്ടം ടണ്ടം ടം
ടണ്ടം ടണ്ടം ടം!

ഇതാണ് വീക്കു ചെണ്ട!


ടടട്ടണ്ടം ടടട്ടണ്ടം
ടടട്ടണ്ടം ടടട്ടണ്ടം!

ഇത് ഉരുട്ടു ചെണ്ട!

ഝില്ലം ഝില്ലം ഝിൽ
ഝില്ലം ഝില്ലം ഝിൽ!

ഇത് ചിഞ്ചില്ലം!

മൂന്നും കൂടെ ഭേരിയായി ഉയരുമ്പോൾ കടുവ ചുവടുവയ്ക്കും..... സാ‍യിപ്പ് കടുവയെ വെടിവച്ചുവീഴ്ത്താൻ ചുറ്റിയടിക്കും - അതും താളത്തിൽ തന്നെ!

മറ്റു കാര്യങ്ങളിലൊക്കെ ജഗജില്ലിയാണെങ്കിലും പുലുമാലിന് സായിപ്പിനെ പേടിയാണ്! പുക്കാറിന് അങ്ങനെ പേടിയൊന്നുമില്ല.

സായിപ്പായി വേഷം കെട്ടുന്നത് മീശയുടെ തന്നെ ഒരു ബന്ധുവായ സുകുമാരനാണ്. ജനത്തെ ആകർഷിക്കാൻ പല നമ്പരുകളും ഇടും ആശാൻ!

അങ്ങനെ കടുവാസംഘം വീടുകൾ കയറാൻ തുടങ്ങി. ഞങ്ങൾ കുട്ടികൾ പിന്നാലെ. പുക്കാറും ഒരല്പം അകലെയായി പുലുമാലും ഒപ്പമുണ്ട്.

ഞങ്ങളുടെ വീട്ടിലെത്തിയപ്പോൾ കളി അല്പം നീണ്ടു. നല്ല വിശാലമായമുറ്റമുണ്ടെന്നതാണ് കാരണം.

കടുവ താളത്തിൽ ചുവടു വച്ചു. സായിപ്പ് പിന്നാലെ ചുറ്റിയടിച്ചു. ജനം വട്ടത്തിൽ കൂടിനിൽക്കുകയാണ്. അതിനു നടുവിലാണ് കളി.

പെട്ടെന്ന് സായിപ്പ് ആൾക്കൂട്ടത്തിനു പുറത്തേക്കു പാഞ്ഞുപോയി. സ്ത്രീകളുടെ ഇടയിലൂടെ പാഞ്ഞ് വീണ്ടും നടുത്തളത്തിലേക്ക്. വീണ്ടും പുറത്തേക്ക്....

സായിപ്പിന്റെ ഈ കൊപ്രായങ്ങൾ കണ്ട് ജനം ഒന്നമ്പരന്നു. അതിൽ മയങ്ങി നിൽക്കുകയായിരുന്ന പുലുമാലിനു നേരേ അതാ സായിപ്പ് പാഞ്ഞു വരുന്നു. കടുവ തൊട്ടു മുന്നിൽ!

പുലുമാലിനെ മറയാക്കി കടുവയെ വെടിവയ്ക്കാനുള്ള ശ്രമത്തിലാണ് സായിപ്പ്. സായിപ്പിനെ കണ്ടതും പുലുമാൽ നിലവിളിക്കാൻ തുടങ്ങി. സ്ത്രീകളടക്കം ജനം ഇളകി മറിഞ്ഞു. പുലുമാലിന്റെ നിലവിളി കണ്ട് പരിഭ്രമിച്ചു നിൽക്കുകയായിരുന്നു പുക്കാർ.

പെട്ടെന്ന് പുലുമാലിനെ പിടിവിട്ട് പുക്കാറിന്റെ കാലുകൾക്കിടയിലൂടെ സായിപ്പ് തൊക്ക് നീട്ടി!

പുക്കാർ നിന്നു വിറച്ചു.

ഇരുകാലുകളും കവച്ച് ‘റ’ പോലെവളച്ചു നിന്നു!

ചെണ്ടമേളം ഉച്ചസ്ഥായിയിൽ.

സായിപ്പ് പുക്കാറിനു പിന്നിൽ നിലത്ത് കിടന്ന് പട്ടാളക്കാർ അതിർത്തിയിൽ കിടന്നു വെടിവയ്ക്കുന്നതുപോലെ കടുവയെ വെടിവയ്ക്കാനുള്ള ശ്രമത്തിലാണ്.

പുക്കാറും പുലുമാലും നിലവിളി!

വീക്കുചെണ്ടയും ഉരുട്ടുചെണ്ടയും ഉച്ചസ്ഥായിൽ തിമിർക്കെ പെട്ടെന്ന് വെടിപൊട്ടി!

പുക്കാറിന്റെ വള്ളിനിക്കർ നനഞ്ഞു!

ആർപ്പു വിളി... മേളം....!

കടുവ ചത്തുമലച്ചു വീണു!


ഓണവാൽ:മീശയും സായിപ്പും ഇത് നേരത്തെ പ്ലാൻ ചെയ്തു വച്ചതായിരുന്നത്രെ. തൊട്ടു മുൻപത്തെ ആഴ്ച അവർ പിടിച്ച്കൊണ്ടു വന്ന രണ്ടു ജംബോ തവളകളെ പുക്കാറും അനിയനും അടിച്ചു മാറ്റിയതിന് ഒരു ചെറിയ പണികൊടുത്തതാണു പോലും!എന്തായാലും രാവിലെ കണ്ണീരിൽ തുടങ്ങിയ എന്റെ ഉത്രാടം അന്ന് പൂത്തിരിയിൽ അവസാനിച്ചു!

മീശ ഇന്നില്ല. ഒരു ഗ്രാമത്തെ മുഴുവൻ രസിപ്പിച്ചിരുന്ന ആ കലാകാരന് എന്റെ ഓർമ്മപ്പൂക്കൾ!

Saturday, August 14, 2010

സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?

ഒരു പക്ഷേ ഇതു വായിക്കുന്ന മിക്കവരും കേട്ടിരിക്കാനിടയില്ലാത്ത ഒരു കഥയാണിത്.

ഓണാട്ടുകരയുടെ എല്ലാ സൗഭഗങ്ങളും നിറഞ്ഞു തുളുമ്പിയിരുന്ന ഗ്രാമമാണ്‌ ഏവൂര്‍. നോക്കെത്താദൂരം നീണ്ടു കിടന്നിരുന്ന പച്ചവയലുകള്‍, കാവുകള്‍, കുളങ്ങള്‍.......

മാവും, പ്ലാവും, കുടംപുളിയും, കോല്‍പ്പുളിയും, ആഞ്ഞിലിയും, തെങ്ങും, കവുങ്ങും,ഞാറയും, ഞാവലും, കുളമാവും,ചൂരലും, ഇഞ്ചയും, വയലിറമ്പുകളിലെ പൂക്കൈതയും ഒക്കെക്കൂ‍ടി എന്റെ ബാല്യം സ്വപ്നസദൃശമാക്കിയിരുന്ന ഒരുകാലം.

അത്തമുദിച്ചാല്‍ പിന്നെ ഉല്‍സാഹത്തേരിലാണ്‌ കുട്ടികള്‍! പൂ പറിക്കാനും, പൂക്കളമിടാനും, ഉഞ്ഞാലു കെട്ടാനും ഒക്കെയായി പലരും പലവഴിക്ക്.... ഓണപ്പരീക്ഷയുടെ പേടി ഒരു കുട്ടിയിലും അന്ന് ഞാന്‍ കണ്ടിട്ടില്ല. പരീക്ഷ വരും; അറിയാവുന്നതെഴുതും. കിട്ടുന്ന മാര്‍ക്ക് എത്രയായാലും എല്ലാവരും അതില്‍ തൃപ്തര്‍!

ഉത്രാടം, തിരുവോണം, അവിട്ടം, ചതയം നാളുകളില്‍ സ്ത്രീകളും പെണ്‍കുട്ടികളും കൈകൊട്ടിക്കളി, തുമ്പിതുള്ളല്‍, ഊഞ്ഞാലാട്ടം എന്നിവയുടെ തിരക്കിലാവും.

ആണ്‍കുട്ടികള്‍ തലപ്പന്ത്, കുറ്റിയും കോലും, ഞൊണ്ടിക്കളി, എന്നിവയിലും ചെറുപ്പക്കാ​ര്‍ കിളിത്തട്ട്, കബഡി എന്നിവയിലും മധ്യവയസ്കന്മാര്‍ ഗുലാന്‍ പെരിശു കളിയിലും വ്യാപൃതരാവും.

വീട്ടുജോലി എല്ലാം ഒതുക്കിത്തീര്‍ത്ത് ഉച്ചയൂണും കഴിഞ്ഞാണ്‌ സ്ത്രീജനങ്ങള്‍ കൈകൊട്ടിക്കളിയ്ക്കെത്തുക. നളദമയന്തി, പാഞ്ചാലീശപഥം, സീതാപരിത്യാഗം എന്നു തുടങ്ങി നാടന്‍ പ്രണയകഥകള്‍ വരെ കൈകൊട്ടിക്കളിയ്ക്കു വിഷയമായിരുന്നു. ഇതൊക്കെ ആരാണെഴുതിയതെന്ന് ആര്‍ക്കും പിടിയില്ല.!

കുട്ടിക്കാലത്തു കേട്ടു തഴമ്പിച്ച ആ കഥകളില്‍ നിന്ന് വ്യത്യസ്തമായ ഒരെണ്ണം എന്റെ ഓണസ്മൃതിയായി ഇവിടെ കുറിക്കട്ടെ....

സ്ത്രീകള്‍ വട്ടത്തില്‍, താളത്തില്‍ കൈകൊട്ടി പാടിക്കളിച്ചിരുന്ന പാട്ടുകളിലൊന്നാണ്‌ ഈ പറയുന്ന കഥയുടെ ആധാരം.

രാ‍വണന്‍ തട്ടിക്കൊണ്ടു പോയ സീതയെ രാമന്‍ വീണ്ടെടുത്ത ശേഷം അയോധ്യയില്‍ വാഴുന്ന കാലം. ശ്രീരാമന്‍ സഹോദരന്മാരോടൊത്ത് പള്ളിവേട്ടയ്ക്കു പോയിരിക്കുകയായിരുന്ന ഒരു ദിനം. അവരുടെ മാതാക്കള്‍ മൂന്നുപേരും കൂടി സീതയെ സമീപിച്ചു പറഞ്ഞു.

" ദേവീ.... ലങ്കയിലെ രാക്ഷസന്‍ രാവണന്‍ അതിദുഷ്ടനും അസാ‍മാന്യ ശക്തിയുമുള്ളവനാണെന്ന് കേട്ടിട്ടുണ്ട്. അവനെ കൊല്ലാന്‍ മൂലോകത്തില്‍ രാമനൊരാള്‍ ഉണ്ടായല്ലോ! ഞങ്ങളാരും അവനെ കണ്ടിട്ടില്ല. ദേവി ചിത്രകലാ നിപുണയാണല്ലോ. അവന്റെ രൂപം ഞങ്ങള്‍ക്ക് ഒന്നു വരച്ചു കാണിക്കുമോ?"

അതുകേട്ടയുടന്‍ സീത പുഞ്ചിരിതൂകി അങ്ങനെയാവട്ടെ എന്നു പറഞ്ഞു. പരിചാരകയോട് ഒരു പലകയും കുറച്ചു ചെങ്കല്ലും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ സീതയുടെ ചാരുതയാര്‍ന്ന വിരലുകള്‍ പലകമേല്‍ ചലിച്ചു. പത്തു തലകള്‍, ഇരുപതു കൈകള്‍..... എല്ലാം ഞൊടിയിടയില്‍ പലകമേല്‍ തെളിഞ്ഞു.

അമ്മമാര്‍ അമ്പരന്നു നിന്നു! സീതയുടെ ചിത്രനൈപുണിയെ കീര്‍ത്തിച്ചു. അപ്പോള്‍ ആ പലകയതാ ചലിക്കുന്നു! അത് തുള്ളിത്തുള്ളി നീങ്ങാന്‍ തുടങ്ങി!!

പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീരാമന്റെ മുന്നിലേക്കാണ്‌ ആ പലക തുള്ളിയെത്തിയത്. എല്ലാവരും അമ്പരന്നു നില്‍ക്കേ രാമന്‍ കുനിഞ്ഞ് ആ പലക കയ്യിലെടുത്തു. കൗതുകത്തോടെ തിരിച്ചു നോക്കി.

രാവണന്‍ !

രാമന്റെ പുരികക്കൊടികള്‍ ചുളിഞ്ഞു. മുഖമുയര്‍ത്തി ചോദിച്ചു " അമ്മമാരേ...ആരാണ്‌ പലകയില്‍ ഈ ദുഷ്ടന്റെ ചിത്രം വരച്ചത്?"

അപ്പോള്‍ കൗസല്യാകൈകേയിസുമിത്രമാര്‍ പറഞ്ഞുപോലും " ഞങ്ങള്‍ക്കറിയില്ല രാമദേവാ...! ഇവിടെയുള്ള ആരും രാവണനെ കണ്ടിട്ടുകൂടിയില്ല..."

"അപ്പോള്‍ പിന്നെ...?"

രാമന്റെ വജ്രസൂചിപോലെയുള്ള ചോദ്യം കേട്ട് അവര്‍ പറഞ്ഞു

" സീതാദേവി അല്ലാതെ മറ്റാരും ഇങ്ങനൊരു ചിത്രം വരയ്ക്കാനിടയില്ല. അവള്‍ക്കല്ലാതെ മറ്റാര്‍ക്കാണ്‌ ഇവിടെ ഈ പത്തുതലയന്‍ രാക്ഷസനില്‍ താല്‍പ്പര്യം?"

ഒരു നിമിഷം ചിന്തിച്ചു നിന്ന ശേഷം രാമന്‍ ശിരസ്സുയര്‍ത്തി കല്‍പ്പിച്ചു

"ലക്ഷ്മണാ...! എത്രയും പെട്ടെന്ന് കാട്ടില്‍ കൊണ്ടുപോയി ഇവളുടെ ശിരസ്സറുക്കൂ..!

കല്ലേപ്പിളര്‍ക്കുന്ന രാമശാസനം കേട്ട് തരിച്ചു നിന്ന ലക്ഷ്മണന്‍ സീതയെ കാട്ടിലേക്കു കൊണ്ടുപോയി.

ഖഡ്ഗധാരിയായ ലക്ഷ്മണന്, പക്ഷേ മാതൃതുല്യയായി കണ്ടാരാധിച്ചിരുന്ന സീതയെ കൊല്ലാന്‍ മനസ്സു വന്നില്ല. എന്തു ചെയ്യണം എന്നറിയാതെ വിഷണ്ണനായി നിന്ന ലക്ഷ്മണനേയും അപവാദാഘാതത്തില്‍ ശിരസ്സുകുനിഞ്ഞുപോയ സീതയേയും നോക്കി അപ്പോള്‍ അവിടെയിരുന്ന ഒരു ഓന്ത് കളിയാക്കി ചിരിച്ചത്രേ!

"ദാ നില്‍ക്കുന്നു ഒരു പതിവ്രത! കണ്ട രാക്ഷനൊപ്പം പാര്‍ത്ത് ഭര്‍ത്താവിനെ വഞ്ചിച്ചവള്‍!"

അതുകേട്ട നിമിഷം ലക്ഷ്മണന്റെ വാള്‍ ഉയര്‍ന്നുതാണു. ഓന്ത് ശിരസ്സറ്റു നിലത്തു പിടഞ്ഞു!

സീതയുടെ വസ്ത്രാഞ്ചലം കീറിക്കൊടുക്കാന്‍ ലക്ഷ്മണന്‍ ആവശ്യപ്പെട്ടു. ആ ഓന്തിന്റെ ചോര അതില്‍ പുരട്ടി. അമ്മമാരെ കാണിക്കാന്‍ ചോരപുരണ്ട ആ ചേലത്തുമ്പ് ലക്ഷ്മണന്‍ തേരില്‍ വച്ചു.

അടുത്തു കണ്ട വാല്‍മീകി മുനിയുടെ ആശ്രമത്തില്‍ സീതയെ കൊണ്ടാക്കി ലക്ഷ്മണന്‍ തിരികെപ്പോയി....!

എന്തൊരു കഥ! അല്ലേ!?

മനുഷ്യബന്ധങ്ങളില്‍ പലപല അര്‍ത്ഥതലങ്ങള്‍ കണ്ടെത്താവുന്ന ഒരു നാടന്‍ കഥ...

എന്റെ നാട്ടില്‍ ഇന്നും പാടിക്കേള്‍ക്കുന്ന കഥയാണിത്. പാട്ട് താഴെക്കൊടുത്തിട്ടുണ്ട്.


അഭിഷേകം കഴിഞ്ഞങ്ങു സുഖമായിട്ടിരിക്കുമ്പോള്‍
രാമദേവന്‍ പള്ളിവേട്ടയ്ക്കെഴുന്നള്ളത്ത്

അന്നനേരം മാതാക്കന്മാര്‍ മൂന്നുപേരുമൊരുമിച്ച്
സീതയോടു പറയുന്നു രഹസ്യമായി

രാവണന്റെ രൂപഗുണം ഞങ്ങളാരും കണ്ടിട്ടില്ല
ഞങ്ങള്‍ക്കതു മനസ്സാലെ കാണേണമിപ്പോള്‍

അന്നനേരം സീതാദേവി ചെങ്കല്ലും പലകയുമായ്
രാവണന്റെ രൂപഗുണം വരച്ചു ചിത്രം

പത്തുതല,യിരുപതു കരങ്ങളും വരച്ചിട്ട്
കരങ്ങളില്‍ പലപല ആയുധങ്ങളും

പലകയും തുള്ളിത്തുള്ളി മന്ത്രമഞ്ചും ജപിച്ചിട്ട്
അപ്പലക തൃക്കയ്യാലേ മറിച്ചുനോക്കി

ആരാണെന്റെയമ്മമാരേ ഈപ്പലകേ വരച്ചത്?
ഞങ്ങളാരുമറിഞ്ഞില്ലേ ശ്രീരാമദേവാ

സീതാദേവിയറിയാതെ മറ്റാരും വരയ്ക്കയില്ല
അവള്‍ക്കതിലിഷ്ടമൊട്ടും കുറഞ്ഞിട്ടില്ല

അന്നനേരം ശ്രീരാമനും ലക്ഷ്മണനെ വിളിച്ചിട്ട്
ഇവളെക്കൊണ്ടറുക്കുക വനമതിങ്കല്‍

അന്നനേരം ലക്ഷ്മണനും സീതയേയും കൂട്ടിക്കൊണ്ട്
മുനിയുടെ വനമതില്‍ കൊണ്ടുചെന്നാക്കി

കളിയാക്കിച്ചിരിച്ചൊരു ഓന്തിന്‍ തലയറുത്തുടന്‍
സീതയുടെ ചേലത്തുമ്പില്‍ പുരട്ടിവച്ചു

അമ്മമാര്‍ക്കു കാണ്മതിന്നായ് ഓന്തിന്‍ ചോരപുരട്ടിയ
ചേലത്തുമ്പുമെടുത്തുടന്‍ ലക്ഷ്മണന്‍ പോയി.....

എന്റെ കുട്ടിക്കാലത്ത് ഇതു പാടിക്കളിച്ചിരുന്ന സ്ത്രീകളൊക്കെ ഇപ്പോൾ വാർദ്ധക്യത്തിലെത്തിയിരിക്കുന്നു. ഇക്കൊല്ലം കളിക്കാൻ ആരൊക്കെയുണ്ടാവുമോ, എന്തോ!

തിരുവോണത്തിന് ഏവൂർക്കു പോകാൻ കാത്തിരിക്കുകയാണ് മക്കൾ...

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!


വാൽക്കഷണം:കഴിഞ്ഞ ഓണത്തിന് ‘ആൽത്തറ’യിൽ എഴുതിയതാണിത്.ഇത്തവണ പുതിയതൊന്നെഴുതിയിടണം എന്ന് മാണിക്യം ചേച്ചി ആവശ്യപ്പെട്ടിരിക്കുന്നു. പുതിയതെഴുതും വരെ അവിടെ വായിച്ചിട്ടില്ലാത്തവർക്കായി ഇതിവിടെ ഇരിക്കട്ടെ!

Thursday, July 29, 2010

പീലിച്ചായന്റെ കടും കൈ....!!

ഉച്ചിക്കടിയേറ്റ് നക്ഷത്രമെണ്ണിക്കിടക്കുമ്പോൾ ഷിന്റോ പൊടിയാടിയ്ക്ക് താൻ ഏതോ തുരങ്കത്തിലൂടെ താഴേക്കൂളിയിടുന്നതായിട്ടായിരുന്നു തോന്നിയത്.പീലിച്ചായന്റെ ഉമ്മറപ്പടിയിൽ കിടന്ന് തനിക്കെന്താണ് സംഭവിച്ചതെന്ന് ഊഹിക്കാൻ ശ്രമിച്ചു, ഷിന്റോ!

പീലിച്ചായൻ എന്ന പീലിപ്പോസ് വറുഗീസ്, ചേപ്പാട്ട് താമസം തുടങ്ങിയിട്ട് വർഷം നാൽപ്പതായി. ഇരുപതാമത്തെ വയസ്സിൽ അപ്പച്ചനൊപ്പം, പരുമലയിൽ നിന്ന് വന്നുകൂടിയതാണ് അച്ചായൻ. അമ്മച്ചീടെ പേരിലുള്ള വീടും തെങ്ങിൻ തോപ്പും നോക്കിനടത്താൻ ആരുമില്ലാഞ്ഞതുകൊണ്ട് പരുമലയിലുള്ള വസ്തു വിറ്റാണ് ഇവിടെയെത്തിയത്.

പീലിപ്പോസിനു ഇരുപത്തെട്ടു വയസായപ്പോൾ നല്ല കിളി പൊലൊരു പെണ്ണിനെ കണ്ടുപിടിച്ച് കെട്ടിച്ചും കൊടുത്തു, തിരുവല്ലയിൽ നിന്ന്. പതിനാറുകാരി റാഹേൽ.

കാലം കടന്നു പോകെ അപ്പച്ചൻ സ്വർഗസ്ഥനായി. പീ‍ലി – റാഹേൽ ദമ്പതികൾക്ക് രണ്ടു പെൺകിടാങ്ങൾ ജനിച്ചു. അവർ പഠിച്ച് ജോലിക്കാരായി.

ഇപ്പോൾ രണ്ടാളും വിദേശത്താണ്. രണ്ടും നേഴ്സുമാർ. ഒരാൾ ക്യാനഡയിൽ; മറ്റെയാൾ ജർമ്മനിയിൽ.

എങ്കിലും പീലിച്ചായൻ ഹാപ്പിയാണ്. തന്റെ പെമ്പള ഉള്ളിടത്തോളം കാലം സ്വർഗരാജ്യം ഭൂമിയിൽ തന്നെ എന്നാണ് പുള്ളിക്കാരന്റെ വിശ്വാസപ്രമാണം!

കാഴ്ചയിൽ ‘മനസ്സിനക്കരെ’യിലെ നടി ഷീലയെക്കാൾ ചെറുപ്പം.

റാഹേലമ്മ തിരുവല്ലയ്ക്കടുത്ത് പൊടിയാടിക്കാരിയാണ്.

അതുകൊണ്ട് തന്നെ സ്നേഹം കൂടി, മുട്ടിക്കൂടുമ്പോൾ പീലിച്ചായൻ വിളിക്കും “ക-ള്ള-പ്പൊ-ടി-യാ-ടി മോളേ...!”

അതു കേട്ട് കള്ളപ്പിണക്കം നടിച്ച്, അവർ ചവിട്ടിത്തുള്ളി നടന്നുപോകും!

“ഭൂമി കുലുങ്ങുന്നെടീ നിന്റെ കുലുക്ക് കൊണ്ട്!”പീലിച്ചായൻ കളിയാക്കും.

പിന്നെ എവിടുന്നെങ്കിലും പോയി വൈൻ ഒപ്പിച്ചുകൊണ്ടുവരും.

വൈനും,മുയലിറച്ചിയും, റാഹേലും.... പിന്നൊരു ഉച്ചയുറക്കവും...പീലിച്ചായൻ സ്വർഗം പൂകും!

ഒരു മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള വഴി അവന്റെ വയറ്റിൽ കൂടെയാണെന്നു പറഞ്ഞതാരാണ്!?

അതാരായാലും ശരി,കുരുമുളകരച്ചു ചേർത്തു വാഴയിലയിൽ വച്ച് പൊരിച്ചെടുത്ത പുഴമീൻ…

കുടമ്പുളിയിട്ട് കൽച്ചട്ടിയിൽ വച്ച കരിമീൻ കറി….

വറുത്തരച്ചു വച്ച മുയലിറച്ചി….താറാവു കറി….

ഇതൊക്കെ റാഹേൽ വയ്ക്കണം,അതിന്റെ യഥാർത്ഥ രുചിയറിയണമെങ്കിൽ!

ഇങ്ങനെയൊക്കെയുള്ള റാഹേലമ്മയെ സംശയിക്കാൻ പീ‍ലിച്ചായന് എങ്ങനെ തോന്നി!?

ഫുട്ട്ബോൾ ലോകകപ്പാണ് പ്രത്യക്ഷത്തിൽ പീലിച്ചായന്റെ സമനില തകർത്തത് എന്നു പറയാം. അതിനു കാരണഭൂതൻ അയലത്തുകാരൻ ആടുവർക്കി.

വർക്കീടെ വീട്ടിൽ സ്റ്റാർ സിംഗറും സീരിയലും അല്ലാതെ വേറൊന്നും വയ്ക്കാനുള്ള അനുമതി ഭാര്യ ആർക്കും കൊടുത്തിട്ടില്ല. അതു ലംഘിക്കാൻ ശ്രമിക്കുന്നത് സ്വന്തം അപ്പനായാലും കെട്ട്യോനായാലും അന്നാമ്മേടെ വായീന്ന് തെറി ഉറപ്പ്! അപ്പോ ലോകകപ്പ് കാണണം എങ്കിൽ പീലിച്ചായൻതന്നെ ശരണം.

വർക്കി എപ്പോഴും ചവച്ചുകൊണ്ടു നടക്കുന്ന ഒരു ജീവിയാണ്. ബെന്യാമിൻ ആദ്യം കണ്ടത് ഇയാളെ ആയിരുന്നെങ്കിൽ ‘ആടുജീവിതം’എന്ന നോവലിന്റെ കഥ തന്നെ മാറിയേനേ!

പീലിച്ചായൻ കടുത്ത ഫുട്ട്ബോൾ ഭ്രാന്തൻ ഒന്നുമായിരുന്നില്ല. എന്നാൽ വർക്കിക്ക് ഫുട്ട്ബോൾ പണ്ടേ ഹരമാണ്. ലോകകപ്പിനു ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ട സുന്ദരിമാരെക്കുറിച്ചൊക്കെ വിശദമായ വർണന തന്നെ വർക്കി കൊടുക്കും.

ക്രമേണ പീലിച്ചായനും സംഗതി ഹരമായിത്തുടങ്ങി.ഫുട്ട്ബോളിനൊപ്പം തുള്ളിത്തുളുമ്പുന്ന ചില സുന്ദരിമാരും അച്ചായന്റെ കരളിൽ കുളിർ കോരിയിടാൻ തുടങ്ങി. മനോരമപ്പത്രത്തിനു പുറമെ ചില അന്തിപ്പത്രങ്ങളിലെ റിപ്പോർട്ടുകൾ സഹിതം വർക്കി പറയുന്ന കഥകൾ അയാളുടെ മനസ്സിളക്കി.

അങ്ങനെ വർക്കി ചെലുത്തിയ സ്വാധീനത്തിലാണ് പീലിച്ചായൻ രാത്രിയുടെ അന്ത്യയാമങ്ങളിലൊന്നിൽ അരുതാത്ത ചിലകിനാവുകൾ കണ്ടതും, ഒരു രാത്രി “ലാ-റി-സാ.... റിക്വൽമീ... കൊൽ മീ... കൊൽ മീ ഡാ….!” എന്നൊക്കെ വിളിച്ചു കൂവിയതും!

കൊച്ചുവെളുപ്പാൻ കാലത്ത് ഉറക്കം നഷ്ടപ്പെട്ട റാഹേലമ്മ വായിൽ തോന്നിയ തെറിയൊക്കെ പീലിച്ചായനെ വിളിച്ചു.

(ആദ്യം പ്രശ്നമായത് “ആമിനാ ആമിനാ…..” എന്ന പാട്ടായിരുന്നു. പീലിച്ചായൻ ഷക്കീരയെ ഓർത്താണ് പാടിയതെങ്കിലും പുറമെകേട്ടത് ആമിനാ എന്നായത് റാഹേലമ്മയെ ആകുലയാക്കി.
ഇതിയാനിതെന്നാ പറ്റി എന്ന് അവർ ഉൽക്കണ്ഠപ്പെട്ടു. വയസ്സാകുമ്പോൾ, സ്വന്തം മാതാവ് ഒരു മുസ്ലീം സ്ത്രീയാണെന്നൊക്കെ സ്വപ്നം കാണുമോ എന്തോ…. പാതിരാവിൽ ‘ആമിനാ ആമിനാ….. ഉമ്മാ…. ഉമ്മാ…..എന്നു വിളിച്ചുപറഞ്ഞ ഭർത്താവിനോട് അവർക്കു സഹതാപം തോന്നി.)

ഇതിപ്പോ രണ്ടാമതു തവണയാണ് പീലിച്ചായൻ ഉറക്കത്തിൽ ഒച്ചവയ്ക്കുന്നത്.ഭർത്താവിന് കാര്യമായ എന്തോ കുഴപ്പം പറ്റി എന്ന് അവർക്കു ബോധ്യമായി.

ഭാര്യ തന്റെ രഹസ്യ സ്വപ്നം മനസ്സിലാക്കി തെറിവിളിച്ചു എന്നാണ് പീലിച്ചായൻ കരുതിയത്. എന്നാൽ റിക്വൽമി എന്നാൽ ഒരു പൊളപ്പൻ മോഡൽ ആണെന്ന കാര്യം പോയിട്ട് അതൊരു പെണ്ണാണെന്നു പോലും റാഹേലമ്മയ്ക്കറിയില്ലായിരുന്നു!

വർക്കി പീലിച്ചായനെ സാന്ത്വനിപ്പിച്ചു. അർജന്റീനയുടെ ഒരു താരം ഉണ്ട് - യുവാൻ റോമൻ റിക്വൽമി! പക്ഷേ ആൾ ഈ ലോകകപ്പിൽ ടീമിലില്ല!

“സ്ഥാനം നഷ്ടപ്പെട്ട അവനെയോർത്തു വിലപിച്ചതാണ് എന്നു പറഞ്ഞാ മതി അച്ചായാ!”
വർക്കി ഉപദേശിച്ചു. പീലിച്ചായൻ സമ്മതിച്ചു.
 “പക്ഷേ അവളൊന്നു ചോദിക്കണ്ടേ ഇതെപ്പറ്റി! അവൾ ഒന്നും മിണ്ടുന്നില്ല്ല വർക്കീ!” അച്ചായൻ പരിതപിച്ചു.

“പീലിച്ചായാ… സൂക്ഷിച്ചോ. ഇനി എല്ലാം നോക്കീം കണ്ടുമൊക്കെ മതി! ” ആട് പറഞ്ഞു.

താൻ വെളിപ്പെടുത്തപ്പെട്ടു എന്ന ചിന്തയിൽ നടന്ന പീലിച്ചായനെ ഞെട്ടിക്കുന്ന ചില സംഭവങ്ങളാണ് പിന്നീടുണ്ടായത്.

റിക്വൽമീ…. എന്നു വിളിച്ചലറിയതിന്റെ പിറ്റേന്ന് പീലിച്ചായൻ ഊണു കഴിഞ്ഞ് അരമയക്കത്തിൽ കിടക്കുന്ന നേരം.

റാഹേൽ ഒച്ചതാഴ്ത്തി ഫോൺ ചെയ്യുന്നപോലൊരു തോന്നൽ. കണ്ണുതുറന്നു നോക്കിയപ്പോൾ ശരിയാണ്. അവർ ആരോടോ സംസാരിക്കുന്നു. പീലിച്ചായൻ കാതു കൂർപ്പിച്ചു.

“എനിക്കും ഒരു അവനുണ്ടാരുന്നേൽ എന്തു രസമായിരുന്നു!” എന്നല്ലേ അവൾ പറഞ്ഞത്!? പീലിച്ചായൻ തന്റെ കാതുകളെ വിശ്വസിച്ചില്ല.

ചെവിതിരുമ്മി ഒന്നു കൂടി ശ്രദ്ധിച്ചു.

“അല്ലേലും ഈ പീലിച്ചായന് ‘വെറൈറ്റി’യൊന്നും പിടിക്കുകേല.എല്ലാത്തിനും എപ്പഴും ഒരേ രീതിയാ! മുപ്പതുകൊല്ലം മുന്നത്തെ അതേ ടെയ്സ്റ്റാ ഇപ്പഴും! അതേ പിടിക്കൂ! എനിക്കാണേ ഇതൊക്കെ മടുത്തു!”

“ഈശോയേ! ഇവൾ എന്നാ ഒക്കെയാ ഈ പറേന്നത്!” പീലിച്ചായന്റെ തൊണ്ട വരണ്ടു. എവിടൊക്കെയോ ഒരു ബലക്ഷയം…. തളർന്നു കട്ടിലിൽ കിടന്നു.

ഒരാപത്തിൽ ഏക ആശ്രയം വർക്കിമാത്രം. പീലിച്ചായൻ ചിന്തിച്ചു.

അന്നു വൈകിട്ടു തന്നെ വർക്കിയുടെ ഉപദേശ പ്രകാരം ഭാര്യയ്ക്കു വരുന്ന ഫോണുകൾ ഒക്കെ മോണിട്ടർ ചെയ്യാൻ തീരുമാനിച്ചു.

രാത്രി ഒരു ഫോൺ വന്നു. അങ്ങേത്തലക്കൽ പരിചയമുള്ള ഒരു സ്ത്രീശബ്ദമാണ്. പെട്ടെന്നു തന്നെ ആ ശബ്ദം പീലിച്ചായൻ തിരിച്ചറിഞ്ഞു – റബേക്ക! റാഹേലിന്റെ അനിയത്തി. അമേരിക്കയിൽ താമസം.

റബേക്കാമ്മ ചോദിക്കുന്നു “വനിത വായിച്ചാരുന്നോ? എല്ലാം അതിലൊണ്ട്…”

“ഇല്ലെടീ… വായിച്ചില്ല. നാളെ വായിക്കാം”

“എല്ലാം ഷിന്റോയോടു പറഞ്ഞാമതി. അവൻ ശരിയാക്കിത്തരും…..” മറുതലക്കൽ നിന്നു മറുപടി!

“നമ്മടെ ഗ്രേസിക്കുട്ടീം സംഘടിപ്പിച്ചു, അല്ല്ലേ?”

“ഓ... ഗ്രേസിക്കുട്ടീടെ അവനോ...? അത് അവളുടെ കെട്ട്യോൻ ഒപ്പിച്ചുകൊടുത്തതല്ല്യോ...!”

പീലിച്ചായനു തലകറങ്ങി. ഗ്രേസിക്കുട്ടി റാഹേലിന്റെ കുഞ്ഞമ്മേടെ മോളാണ്!

“എനിക്കും സത്യത്തിൽ അവൻ വന്നതീപ്പിന്നെ എന്തൊരു സുഖം. നമക്കു പണി കൊറവാ.”

“അയ്യോ, ആന്നോടീ... എന്നാപ്പിന്നെ എനിക്കും വേണം….!”

പീലിച്ചായന്റെ പിടി വിട്ടു! ഇതെന്തൊരു ലോകം!

പതിവുള്ള ഉച്ചമയക്കത്തിനായി പീലിച്ചായൻ സപ്രമഞ്ചത്തിൽ കിടക്കുമ്പോൾ അകത്തേക്കൊന്നു പാളി നോക്കി.

ഈട്ടിക്കട്ടിലിൽ കിടന്ന് റാഹേലമ്മ ‘വനിത’വായിക്കുകയാണ്. അതു പതിവില്ല്ലാത്തതാണ്. ഇവൾക്കിതെവിടുന്നു കിട്ടി?

ആ ഷിന്റോ കൊടുത്തയച്ചതാവണം. ഈശോ! ‘അവൻ’പണി തുടങ്ങിയോ!?

അച്ചായൻ നിശ്ശബ്ദനായി മുറിയിൽ ചെന്നു നോക്കി.അവർ ഗാഢമായ വായനയിലാണ്. ഭർത്താവ് വന്നതും പോയതും അറിഞ്ഞേ ഇല്ല.

പീലിച്ചായൻ ചിന്തയിലാണ്ടു.

പിറ്റേന്ന് ഭാര്യ പള്ളിയിൽ പോയ നേരം വാതിലൊക്കെ കുറ്റിയിട്ട്, വിറയ്ക്കുന്ന കൈകൾ കൊണ്ട് വനിത കയ്യിലെടുത്തു. ആദ്യമായിട്ടാ അച്ചായൻ അതു വായിക്കുന്നത്. നല്ല മിനുസമുള്ള പേപ്പർ. തെളിച്ചമുള്ള പടങ്ങൾ.

‘കർത്താവേ!’ അടിവസ്ത്രങ്ങൾ മാത്രം ധരിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ട് പീലിച്ചായൻ ഞെട്ടി!വെപ്രാളത്തിൽ പേജുകൾ മറിച്ചു. പരസ്യങ്ങൾ വേറെയും….!

ഡോക്ടറോടു ചോദിക്കാം എന്ന പംക്തി വായിച്ചതോടെ പീലിച്ചായന്റെ സപ്തനാഡികളും തകർന്നു.

അന്നുച്ചയ്ക്കു തന്നെ ഒരു ഫോൺ വന്നു. ഒരു ചെറുപ്പക്കാരന്റെ സ്വരം.

അവൻ പറയുന്നത് ബെഡ് റൂമിലെ എക്സ്റ്റൻഷനിലൂടെ കേട്ട് പീലിച്ചായൻ ഞെട്ടി!

“ഗ്രേസിയാന്റിക്കു കൊടുത്തതു പോലെ മതിയോ?”

“ഓ… മതിമതി!”

“അപ്പോ നാളെത്തന്നെ ഞാൻ വരാം.”

ഇനി ഒരേയൊരു മാർഗമേ ഉള്ളൂ. കൊല! കൊലപാതകം!!
സംഗതി വർക്കിയോടു പോലും പറഞ്ഞില്ല.

ആരെ ആദ്യം കൊല്ലണം, എവിടെ വച്ചു കൊല്ലണം, എങ്ങനെ കൊല്ലണം എന്നൊക്കെ ആലോചിച്ച് പീലിച്ചായനു വട്ടു പിടിച്ചു. കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചതുകൊണ്ട് ഈ ചോദ്യങ്ങൾക്കുത്തരം കിട്ടില്ല…..

ലോകകപ്പ് ഫുട്ട്ബോൽ പരിചയം വച്ച് തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ ലോകത്ത് ഒരാൾക്കേ കഴിയൂ....

അത് പോൾ ആണ്…. പോൾ ദ നീരാളി!

അവനാണെങ്കിൽ അങ്ങു ജർമ്മനീലും!

ഇനിയെന്തു ചെയ്യും?

ഒടുവിൽ വർക്കിയെത്തന്നെ ശരണം പ്രാപിച്ചു. വർക്കി പറഞ്ഞു “നീരാളികൾ ലോകം മുഴുവൻ ഉണ്ട്.
നമുക്കിപ്പോൾ ലോകകപ്പ് പ്രവചനം പോലെ കടുപ്പപ്പെട്ട കാര്യങ്ങളൊന്നുമല്ല്ല്ലോ അറിയേണ്ടത്. ചിന്ന ചിന്ന സംശയങ്ങളല്ലേ? അതിനുള്ള നീരാളി കേരളത്തിൽ കിട്ടും! നേരേ തോട്ടപ്പള്ളി കടപ്പുറത്തു പോയാ മതി! പക്ഷെ സംഗതി രഹസ്യമായിരിക്കണം.

മീൻ പിടുത്തക്കാരൻ ബെർളിയെക്കണ്ടു. വർക്കി എല്ലാം പറഞ്ഞൊപ്പിച്ചിരുന്നു. അഡ്വാൻസ് കൊടുത്തു. പിറ്റേന്ന് വരാൻ പറഞ്ഞു.

നേരം വെളുത്തപ്പോൾ തന്നെ അവർ തോട്ടപ്പള്ളിയിലെത്തി.

“ഇവനാണ് പോളിന്റളിയൻ ജോളി...” ബെർളി പറഞ്ഞു.

ചെറിയൊരു ഗ്ലാസ് ജാറിൽ ഒരു കുഞ്ഞു നീരാളി!

ശ്രദ്ധയോടെ സംഗതി വീട്ടിലെത്തിച്ചു.

നീരാളിയെക്കണ്ട് റാഹേലമ്മ അമ്പരന്നു. ഫുട്ട്ബോൾ ലോകകപ്പോടെ തന്റെ ഭർത്താവിനുണ്ടായ ഹാലിളക്കങ്ങൾ അവരെ പരിഭ്രമിപ്പിച്ചു. കെട്ട്യോന്റെ തല നേരെയാക്കാൻ പരുമലപ്പള്ളിയിലേക്കൊരു നേർച്ച നേർന്നു.

പീലിച്ചായൻ നീരാളിയെ പരിചരിക്കുമ്പോൾ മറ്റൊരു ചിന്തയിലായിരുന്നു റാഹേലമ്മ.

റബേക്കയാണ് ‘ മൈക്രോവേവ് അവൻ’ കമ്പനിയുടെ എക്സിക്യുട്ടീവായ പൊടിയാടിക്കാരൻ പയ്യൻ ഷിന്റോയുടെ ഫോൺ നമ്പർ കൊടുത്തത്.

“ചിക്കനോ, മട്ടണൊ,വെജിറ്റബിളോ എന്തു വേണമെങ്കിലും ഒണ്ടാക്കാമല്ലോ…. എന്തിനാ അടുക്കളേക്കെടന്ന് കരീം പൊകേം തിന്നുന്നത്? അവനാവുമ്പോ നല്ല വൃത്തീം മെനേം ഒണ്ടാവുകേം ചെയ്യും” റബേക്ക പറഞ്ഞതു കേട്ട് റാഹേലമ്മ ആകെ സന്തോഷത്തിലായിരുന്നു.

അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് ഇതു തന്നെ. പീലിച്ചായന് ഇപ്പോഴും അരകല്ലിൽ അരച്ച് കൽച്ചട്ടിയിൽ വച്ചാണ് കറികൾ ഉണ്ടാക്കിക്കൊടുക്കുന്നത്. അങ്ങേർക്ക് അതിന്റെ രുചിയേ പിടിക്കൂ. എന്നു വച്ച് താനിപ്പോ കൊച്ചു പെണ്ണൊന്നുമല്ലല്ലോ ഇങ്ങനെ കിടന്നധ്വാനിക്കാൻ.

പക്ഷേ അതിയാനെ ഇതു പറഞ്ഞു ബോധ്യപ്പെടുത്താനാ പാട്. ഈയിടെയായി തല അല്പം ലൂസായോ എന്നുതന്നെ സംശയമുണ്ട്.

ആൾ അറിയാതെ ‘അവൻ’ കൊണ്ടുവന്ന് അതിൽ പാചകം ചെയ്തുകൊടുത്താ മതി എന്ന് ഷിന്റോയാ പറഞ്ഞു കൊടുത്തത്. അതിനുള്ള എല്ലാ ട്രിക്കും അവൻ പറഞ്ഞു തരാം എന്ന് ഉറപ്പു പറഞ്ഞിരിക്കുകയാണ്. രുചിയില്ലെങ്കിൽ വാങ്ങണ്ട എന്നാണു ഗ്യാരണ്ടി.

ആദ്യം ഒരു മൈക്രൊവേവ് അവൻ ഒപ്പിക്കണം. സംഗതി രുചി പിടിച്ചു കഴിഞ്ഞാൽ പീലിച്ചായനോട് പറഞ്ഞ് ഞെട്ടിക്കാം!  ഇതാണ് പ്ലാൻ.

രാവിലെ ഷിന്റൊയുടെ ഫോൺ വന്നപ്പോൾ റാഹേലമ്മ പറഞ്ഞു.

“നീ ഇന്നു തന്നെ വാ... ഉച്ചയ്ക്കു ശേഷം വന്നാ മതി. പീലിച്ചായൻ ഉറക്കമായിരിക്കും അന്നേരം!”

എക്സ്റ്റൻഷനിൽ കൂടി അതു കേട്ട പീലിച്ചായനിൽ പ്രതികാരവാഞ്ഛ തിളച്ചു.

ഇപ്പോൾ കുറച്ചുനാളായി അയാൾ തന്റെ ഭാര്യയെ ശ്രദ്ധിക്കുന്നു.

റാഹേൽ അനുദിനം സുന്ദരിയായി വരുന്നതു പോലെ…. അതോ തന്റെ തൊന്നലോ….

ബന്ധുക്കളാരോ നൽകിയ സ്പ്രേ..... ഫെയ്സ് വാഷ്..... ഒക്കെ അവൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.!

റാഹേൽ കണ്ടാൽ ഇപ്പോൾ ഷീല തന്നെ.... പ്രായം ഒരിരുപത് വയസ്സ് കുറഞ്ഞപോലെ!

പക്ഷേ ഇപ്പോ അവൾ ‘മനസ്സിനക്കരെ’യിലെ ഷീലയല്ല…. ‘ശരപഞ്ജര’ത്തിലെ ഷീല!

നീയിങ്ങു വാടാ കള്ളപ്പൊടിയാടി മോനേ! അയാൾ പല്ലിറുമ്മി.

വറുത്തരച്ച താറാവു കറിയുടെ മാദകഗന്ധം പീലിച്ചായന്റെ നാസാരന്ധ്രങ്ങളിൽ പടർന്നു കയറി.

തനിക്കിഷ്ടപ്പെട്ട മുഴുവൻ വിഭവങ്ങളും മേശപ്പുറത്ത്....

എന്തായാലും അവനും അവളും കൂടി തന്നെ കൊല്ലും.

അതിനു മുൻപ് അവളെയും അവനെയും താൻ കൊല്ലും! പക്ഷേ അതിന്റെ പേരിൽ താറാവുകറിയും കപ്പയും ഒഴിവാക്കുന്ന പ്രശ്നമില്ല!

കരഞ്ഞുകൊണ്ട് പീലിച്ചായൻ ആ കറി മുഴുവൻ എടുത്ത് പുഴുങ്ങിയ കപ്പ നിറച്ച പാത്രത്തിലേക്കൊഴിച്ചു.

കുഴച്ചു കുഴച്ച് അതു മുഴുവൻ തിന്നു തീർത്തു.

റാഹേലമ്മ വന്നപ്പോൾ കപ്പയും താറാവുകറിയും കാലി!

ആകെ ബാക്കി രണ്ടു പിഞ്ഞാണം ചോറും, കുറച്ചു സാമ്പാറും, മോരും!

മേശപ്പുറം കണ്ട പെമ്പള കലിതുള്ളി.

“ഷിന്റോ ഇപ്പവരും! ഈശോയേ... ഇനി ഞാൻ എന്നാ എടുത്തു കൊടുക്കും അവന്! ”

“ഹും! അവൻ!” പീലിച്ചായൻ മുറുമുറുത്തു.

അവളുടെയൊരവൻ!

കൊല്ലും ഞാനവനെ!!

അല്ല... അവനെന്തു പിഴച്ചു! ചെറുപ്പക്കാരാവുമ്പോ അല്പം ഇളക്കമൊക്കെയുണ്ടാവും...ഇവളല്ലേ സൂക്ഷിക്കണ്ടത്!?

അപ്പോ ഇവളെയല്ലേ ആദ്യം തട്ടണ്ടത്!?

പീ‍ലിച്ചായനു കൺഫ്യൂഷനായി...

ഹും! അതിനല്ലേ ജോളി.... അവനോടു ചോദിക്കാം.

പീലിച്ചായൻ കൊടികൾ സെറ്റ് ചെയ്തു. നീരാളിയെ സജ്ജനാക്കി.

ജോളി തൊട്ടത് ഷിന്റോയുടെ കൊടിയിൽ!

അധികം സമയമുണ്ടാവില്ല....

അവൻ എതു നിമിഷവും വരും

വിഷം ബാധിച്ചാൽ പിന്നെ ഉറങ്ങാൻ പാടില്ല. ഉറങ്ങിയാൽ പോയി.

കൺപീലികൾ വലിച്ചു വച്ച് പീലിച്ചായൻ നിന്നു.

വലിയൊരു പെട്ടിയുമായി ഷിന്റോ കടന്നു വന്നു. കോളിംഗ് ബെൽ അടിക്കാൻ ശിരസ്സുയർത്തി തയ്യാറായ തന്റെ മണ്ട വിറകുകൊള്ളികൊണ്ടുള്ള അടിയേൽക്കാനായാണ് ഇത്രയധികം ഉയർന്നതെന്ന് ഷിന്റോ പൊടിയാടി അറിഞ്ഞില്ല.

സ്ലോ മോഷനിൽ ഉയർന്ന വിറകുകൊള്ളി പക്ഷേ, ആഞ്ഞു വീണത് പീലിച്ചായന്റെ മുഴുവൻ വെയ്റ്റോടെയായിരുന്നു!

ഉച്ചിക്കടിയേറ്റ് നക്ഷത്രമെണ്ണിക്കിടക്കുമ്പോൾ ഷിന്റോ പൊടിയാടിയ്ക്ക് താൻ ഏതോ തുരങ്കത്തിലൂടെ താഴേക്കൂളിയിടുന്നതായിട്ടായിരുന്നു തോന്നിയത്.പീലിച്ചായന്റെ ഉമ്മറപ്പടിയിൽ കിടന്ന് തനിക്കെന്താണ് സംഭവിച്ചതെന്ന് ഊഹിക്കാൻ ശ്രമിച്ചു, ഷിന്റോ!

ഷിന്റൊയുടെ അലർച്ചയും റാഹേലമ്മയുടെ അലമുറയും കേട്ട് ഓടിക്കൂടിയ അയൽക്കാർ കണ്ടത് വലിയ ഒരു സമ്മാനപ്പെട്ടി പോലെന്തോ കെട്ടിപ്പിടിച്ച് കമിഴ്ന്നുകിടക്കുന്ന ചെറുപ്പക്കാരനേയും അരികിൽ കിടക്കുന്ന പീലിച്ചായനെ തല്ലുന്ന റാഹേലമ്മയേയുമായിരുന്നു!


വാൽമാക്രി:നിഷ്കളങ്കയായ ഒരു സ്ത്രീയുടെ മാനം കപ്പൽ കേറാൻ കാരണമായ ആദ്യഷോട്ടിന് വർക്കി ക്ലാപ്പടിച്ചു. അതീവരഹസ്യമായി, എന്താണ് ‘ശരിക്കും’ അവിടെ സംഭവിച്ചതെന്ന് അയാൾ മാലോകരെ അറിയിച്ചു. പക്ഷേ എന്തിലും തന്റെ ഭർത്താവിനെ സംശയിക്കുന്ന അന്നാമ്മ ‘അവൻ’ എന്താണെന്നു മനസ്സിലാക്കി. വർക്കി വീട്ടിനു പുറത്തായി! പകരം പുതിയൊരു ‘അവൻ’ അവരുടെ അടുക്കളയിൽ സ്ഥാനം പിടിച്ചു!